അലനല്ലൂർ: കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുമ്പോൾ വാട്ടർ കിയോസ്കുകളിൽ ഇത്തവണയും വെള്ളമെത്തിയില്ല. മൂന്ന് വർഷം മുമ്പ് റവന്യൂ വകുപ്പാണ് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാർഡുകൾ കേന്ദ്രീകരിച്ച് കിയോസ്കുകൾ സ്ഥാപിച്ചത്. വാഹനങ്ങളിൽ കൊണ്ടുവരുന്ന വെള്ളം ടാങ്കുകളിൽ സംഭരിച്ച് ആവശ്യക്കാർക്ക് ടാപ്പ് ഉപയോഗിച്ച് ശേഖരിക്കാവുന്ന രീതിയിലാണ് ഇവ സജ്ജീകരിച്ചിരുന്നത്.
എന്നാൽ ഇവ സ്ഥാപിച്ച ആദ്യ വർഷം മാത്രമാണ് ടാങ്കുകളിൽ വെള്ളമെത്തിയത്. പഞ്ചായത്തിലെ 23 വാർഡുകളിലും ഇത്തരത്തിൽ സ്ഥാപിച്ച കിയോസ്കുകൾ നോക്കുകുത്തിയായി നശിക്കുകയാണ്.
ടാങ്കുകളിൽ ദ്വാരങ്ങൾ വീണും സ്റ്റാൻഡുകൾ തുരുമ്പെടുത്തും ടാപ്പുകൾ പൊട്ടിയും നശിക്കുകയാണ്. മിക്കയിടങ്ങളിലും കാട് പിടിച്ച് കിടക്കുന്നു. ടാങ്കുകളുടെ അടപ്പുകൾ തകർന്നതോടെ മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരാനും കാരണമാകുന്നു.
കോട്ടോപ്പാടം പഞ്ചായത്തിലെ കിയോസ്കുകളുടെ കാഴ്ചയും സമാനമാണ്. ടാങ്കുകളുടെ പരിപാലനവും വെള്ളം എത്തിക്കലും ഗ്രാമപഞ്ചായത്താണെന്നിരിക്കെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാവുന്നില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ഇത്തവണയെങ്കിലും ടാങ്കുകളിൽ വെള്ളമെത്തിയാൽ കുടിനീരിനായി അലയുന്ന നിരവധി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.