അലനല്ലൂർ: കണ്ണംകുണ്ടിൽ പാലം നിർമാണത്തിന് ഭരണാനുമതി ലഭിച്ചതോടെ എടത്തനാട്ടുകരക്കാർ ആഹ്ലാദത്തിമർപ്പിലാണ്. ചെറിയമഴക്ക് പോലും വെള്ളിയാർ പുഴയിലെ വെള്ളത്തിൽ മുങ്ങുന്ന കോസ് വേയാണ് കണ്ണംകുണ്ടിലുള്ളത്. ഇടക്കിടെ കോസ് വേ മുങ്ങുന്നത് അറിയാൻ യാത്രക്കാരുടെ സൗകര്യത്തിന് വാട്സ് ആപ് ഗ്രൂപ്പുകൾ തയാറാക്കിയിരിക്കുകയാണ്. കോസ്വേ വെള്ളത്തിൽ മുങ്ങിയാൽ യാത്രക്കാർ പാലക്കടവ്, വാക്കേൽകടവ്, എന്നി വഴികളിലൂടെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചുവേണം പുറംലോകവുമായി ബന്ധപ്പെടാൻ.
ഒന്നര പതിറ്റാണ്ടായി ഉടനെ നടക്കുമെന്ന് ജനപ്രതിനിധികൾ പലതവണ ആവർത്തിച്ചിട്ടും നിർമാണം ചില സാങ്കോതിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അനിശ്ചിതമായി നീളുകയായിരുന്നു. എൻ. ഷംസുദ്ദീൻ എ.എൽ.എ മണ്ണാർക്കാട് എം.എൽ.എ ആയത് ആദ്യം 2011ലാണ്. 2012- 13 വർഷത്തിൽ തന്നെ കണ്ണംകുണ്ടിൽ പാലം നിർമിക്കാനും അലനല്ലൂർ കണ്ണംകുണ്ട് കൊടിയംകുന്ന് റോഡ് റബറൈസഡ് ചെയ്ത് നവീകരിക്കാനും ഏഴ് കോടി അനുവദിച്ച് ഉത്തരവായി. നാല് കോടി കൊണ്ട് ഗ്രാമീണ റോഡ് റബറൈസ്ഡ് ആയി നവീകരിച്ചു. മൂന്ന് കോടിയിൽ പാലം നിർമിക്കാൻ പ്ലാനിങ്ങും രൂപരേഖകളും തയാറാക്കി.
അപ്രോച്ച് റോഡ് നിർമിക്കാനുള്ള ഭൂമി വിട്ടുനൽകാനുള്ള പ്രവർത്തനം തുടങ്ങിയതോടെ, പുഴക്കരികിലെ പുറമ്പോക്ക് ഭൂമി കൈയേറിയവരുടെ നേതൃത്വത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചു. സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറിയവർ റവന്യൂ ഭൂമി ഉള്ളവരെകൂടി കൂട്ടി സ്ഥലം നൽകാതിക്കാനുള്ള ശ്രമവും ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയും കൂടി ഉണ്ടായതോടെ റവന്യൂ ഭൂമി ഉള്ളവർ സ്ഥലം വിട്ടുനൽകുന്നതിന് പിൻമാറി. ഇതോടെ പാലത്തിന് നീക്കിവെച്ച തുക നഷ്ടപ്പെട്ടു. അഞ്ചുവർഷം കഴിഞ്ഞ് ഒന്നാം പിണറായി മന്ത്രിസഭ 2016ൽ വന്നതോടെ അപ്രോച്ച് റോഡിനായി സ്ഥലം വിട്ടുനൽകുന്നതിന് അലനല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ശ്രമം നടക്കുകയും സ്ഥലഉടമകൾ സർക്കാർ പറയുന്ന തുകക്ക് സ്ഥലം വിട്ടുനൽകാനുള്ള അനുമതി പത്രവും നൽകി.
സാങ്കേതിക കുരുക്കുകൾ അഴിഞ്ഞതോടെ പാലത്തിനായി സർക്കാർ ഫണ്ടിനായി ശ്രമം നടന്നെങ്കിലും തുക അനുവദിച്ചില്ല. 2017-18 വർഷത്തിൽ കിഫ്ബി ഫണ്ട് എട്ട് കോടിയിൽ പാലം നിർമിക്കാനുള്ള നടപടി എടുത്തെങ്കിലും 2020ൽ പത്ത് കോടിയിൽ താഴെയുള്ള വർക്കുകൾ കിഫ്ബി എടുക്കില്ലന്ന് അറിയിച്ചതോടെ അതും നടപ്പായില്ല. രണ്ടാം പിണറായി സർക്കാർ വന്നിട്ടും പാലത്തിന് ഫണ്ട് അനുവദിച്ചില്ല.
2021ൽ എം.എൽ.എക്ക് ബജറ്റിലൂടെ കിട്ടുന്ന അഞ്ച് കോടി രൂപ പാലം നിർമിക്കാനായി സർക്കാറിനോട് രേഖാമൂലം ആവശ്യപ്പെട്ടു. 2001-22ൽ അഞ്ച് കോടി പാലത്തിന് നീക്കിവെച്ചങ്കിലും സർക്കാർ ഭരണാനുമതി നൽകിയില്ല. 2023ൽ 10 കോടിയില്ലാതെ പാലം നിർമിക്കാൻ കഴിയില്ലന്ന് എം.എൽ.എയെ അറിയിച്ചതോടെ 2024-25 വർഷത്തിലെ ബജറ്റിലും അഞ്ച് കോടി രൂപ പാലത്തിന് വീണ്ടും നീക്കിവെച്ചു.
രണ്ട് ബജറ്റിലേയും കൂട്ടി 10 കോടി പാലത്തിന് തുക നീക്കിവെച്ചശേഷം ഒന്നരമാസം മുമ്പാണ് ധനകാര്യവകുപ്പ് പച്ചകൊടി കാണിച്ചത്. പൊതുമരാമത്ത് വകുപ്പ് ശനിയാഴ്ച ഭരണാനുമതി നൽകിയതോടെ പാലം യാഥാർഥ്യമാകുമെന്ന വിശ്വാസത്തിലായി. സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായാൽ പാലം നിർമാണം തുടങ്ങും. വർഷങ്ങൾക്ക് മുമ്പ് പുഴയിൽ വെള്ളം കൂടിയാൽ കണ്ണംകുണ്ടിലെ പാണ്ടിയിൽ കേറിയാണ് പുഴക്ക് അക്കരേക്ക് പോയിരുന്നത്. രാത്രിയിൽ പാണ്ടി സൗകര്യമില്ലാത്തതിനാൽ യാത്രക്കാർ പുഴയിൽ വെള്ളം താഴുന്നത് വരെ നിന്നാണ് പുഴകടന്നിരുന്നത്.
രാത്രി മുതൽ പുലർച്ച വരെ പുഴയരികിൽ ഉറക്കമൊഴിച്ച് നിന്ന ചരിത്രമാണ് പഴമക്കാർക്ക് പറയാനുള്ളത്. നാട്ടുകാരുടെ നിരന്തര ആവശ്യത്തിനൊടുവിൽ 1990ൽ അലനല്ലൂർ ഗ്രാമപഞ്ചായത്ത് 2,80,000 രൂപ ചെലവിലാണ് കണ്ണംകുണ്ട് പാലം നിർമിച്ചത്. പരേതനായ റിട്ട. അധ്യാപകൻ യക്കപ്പത്ത് ശിവരാമൻ പ്രസിഡന്റും കെ.ടി. ഹംസപ്പ വൈസ് പ്രസിഡന്റുമായ ഭരണസമിതി നിർമിച്ച കോസ് വേയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.