അലനല്ലൂർ: ചളവ കുറ്റിക്കാട് ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപക നാശം വരുത്തി. ചളവ താണിക്കുന്നിൽ താമസിക്കുന്ന കൊഴിഞ്ഞ് പോക്കിൽ കൃഷ്ണന്റെ കായ്ക്കുന്ന എഴ് തെങ്ങുകൾ, 200 കുലച്ച വാഴകൾ, പിലാച്ചോലയിൽ താമസിക്കുന്ന തോട്ടുങ്ങൽ മുജീബിന്റെ രണ്ട് വർഷമായ 55 റബർ മരം, പാലൊളിപറമ്പിൽ താമസിക്കുന്ന തേക്കിൻകാട് ദിവാകരന്റെ 25 വാഴകൾ എന്നിവയാണ് വ്യാഴാഴ്ച പുലർച്ചെയിറങ്ങിയ കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
ആനകളുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഒരാഴ്ചയായി ആനകൾ പറയമാട് സർക്കാർ വനത്തിൽ തമ്പടിച്ചിരിക്കുകയാണ്. ഒരു മാസം മുമ്പും പ്രദേശത്ത് ആനകൾ കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ നശിപ്പിച്ചതിനേക്കാൾ പതിന്മടങ്ങാണ് വ്യാഴാഴ്ച പുലർച്ചെ നശിപ്പിച്ചതെന്ന് കർഷകർ പറഞ്ഞു. ആനകൾ പ്രദേശത്ത് തമ്പടിച്ച് കൃഷി നശിപ്പിക്കുന്ന വിവരം വനം വകുപ്പ് ജീവനക്കാരെ അറിയിച്ചിരുന്നുവെങ്കിലും പ്രദേശത്ത് എത്തി ആനകളെ ഉൾവനങ്ങളിലേക്ക് ഓടിക്കാൻ വനം വകുപ്പ് തയാറാകാത്തതിനാൽ കർഷകർ പ്രതിഷേധത്തിലാണ്. നാശ നഷ്ടത്തിനുള്ള അപേക്ഷ നൽകാനുള്ള അറിയിപ്പ് മാത്രമാണ് വനം വകുപ്പ് ജീവനക്കാർ കർഷകരോടെ പറയുന്നത്. നശിപ്പിക്കപ്പെട്ട കൃഷിക്കുള്ള നഷ്ടപരിഹാര തുക വളരെ കുറച്ചാണ് കിട്ടുന്നതെന്നും തുക വർധിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. ബാങ്കുകളിൽ നിന്ന് വായ്പ എടുത്തും, കടം വാങ്ങിയും, സ്വർണം പണയം വെച്ചുമാണ് കർഷകർ കൃഷി ഇറക്കുന്നത്. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.