പാലക്കാട്: നഗരത്തിലെ പ്രധാന റോഡുകളിലെ സീബ്രാലൈനുകളെല്ലാം മാഞ്ഞു. സുൽത്താൻപേട്ട ജങ്ഷൻ, കൽമണ്ഡപം ജങ്ഷൻ, നഗരസഭക്ക് മുൻവശം, ടി.ബി റോഡ് തുടങ്ങി ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലെല്ലാം സീബ്രാലൈനുകൾ പകുതി തെളിഞ്ഞും പകുതി മാഞ്ഞും കിടക്കുന്ന അവസ്ഥയിലാണ്. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കണമെങ്കിൽ സീബ്രാലൈൻ അന്വേഷിച്ചു നടക്കണം. കൽമണ്ഡപത്തെ സീബ്രാലൈൻ പൂർണമായും മാഞ്ഞു.
വിദ്യാർഥികളും പ്രായമായവരും ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ടുണ്ട്. ഓണദിവസങ്ങൾ കൂടി ആയതോടെ നഗരത്തിൽ വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക് വർധിച്ചു. വസ്ത്രങ്ങളും ഓണത്തിനുള്ള സാധനങ്ങളും വാങ്ങാനായി നിരവധി പേരാണ് നഗരത്തിലെത്തുന്നത്. തുണിക്കടകളുടെയും ഗൃഹോപകരണങ്ങളുടെയും ഫോൺ കടകളുടെയുമെല്ലാം മുന്നിൽ എപ്പോഴും തിരക്കാണ്.
ഇതിനുപുറമേ ഓണം മേളകളുടെയും തിരക്ക് അനുഭവപ്പെടുന്നുണ്ട്. പൊതുവേ വീതി കുറവുള്ള റോഡുകളിൽ വശങ്ങളിലായി കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്തുപോകുന്നത് പലപ്പോഴും ഗതാഗതകുരുക്കിനും കാരണമാകുന്നു. തിരക്കുള്ള സമയങ്ങളിൽ കാൽനടയാത്രക്കാർക്ക് നിമിഷങ്ങളോളം കാത്തുനിന്നാൽ മാത്രമേ റോഡ് മുറിച്ചുകടക്കാൻ പറ്റൂ. സീബ്രാലൈൻ ഉള്ള സ്ഥലങ്ങളിൽ പോലും വാഹനങ്ങൾ കാൽനടയാത്രക്കാർക്കായി നിർത്തികൊടുക്കാറില്ല. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് റോഡുകളിൽ ട്രാഫിക് ലൈനുകൾ വരക്കേണ്ടത്. സീബ്രാ ലൈനനിന് പുറമേ റോഡിനു നടുവിലൂടെയുള്ള ലൈനുകളും പലേടത്തും മാഞ്ഞുപോയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.