പാലക്കാട്: പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിന്റെ വൈദ്യുതി ബിൽ കൈയിൽനിന്ന് എടുത്ത് അടക്കേണ്ട അവസ്ഥയിൽ അംഗൻവാടി ജീവനക്കാർ. വടകരപ്പതി പഞ്ചായത്തിലെ ചൊരപ്പാറ അംഗൻവാടിയിലാണ് ബില്ലടക്കൽ ജീവനക്കാരുടെ ബാധ്യതയായത്.
കഴിഞ്ഞതവണ വരെ ഉടമസ്ഥനു നേരെ സെക്രട്ടറി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത്തവണത്തെ ബില്ലിൽ അംഗൻവാടിയുടെ സെന്റർ നമ്പറാണുള്ളത്. വിലാസത്തിലും മാറ്റമുണ്ട്. സെക്രട്ടറിയുടെ പേരിൽ ബില്ല് വരുന്നതും അടക്കാൻ സ്വന്തമായി തുക കണ്ടെത്തേണ്ടതും സംബന്ധിച്ച ബുദ്ധിമുട്ട് ജില്ലയിൽ നടന്ന വൈദ്യുതി റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് ഇത്തവണ മാറ്റമുണ്ടായതെന്ന് അംഗൻവാടി വർക്കർ ഉഷാകുമാരി ആരോപിച്ചു.
ഉടമയുടെ പേരിലും വിലാസത്തിലും മാത്രമാണ് മാറ്റമുള്ളത്. ബിൽ തുക അടക്കണമെങ്കിൽ അംഗൻവാടി ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് തന്നെ തുക കണ്ടെത്തണം. അടക്കാൻ കിലോമീറ്ററുകളോളം യാത്രയും ചെയ്യണം. യാത്രക്ക് പണവും കണ്ടെത്തണം. ഓൺലൈനിൽ തുക അടക്കാനാവില്ല. അവസാന തീയതി കഴിഞ്ഞ് പിഴയായാൽ അതും ശമ്പളത്തിൽനിന്ന് എടുക്കണം. ഇതിനുപുറമേ പാചകവാതകത്തിനുള്ള തുകയും ജീവനക്കാർ തന്നെ കണ്ടെത്തണം. ഇത്തരത്തിൽ അടക്കുന്ന തുക സർക്കാരിൽനിന്നും എപ്പോൾ തിരിച്ചുകിട്ടുമെന്നും അറിയില്ല. ഏകദേശം ഒരു വർഷത്തെ തുക ലഭിക്കാനുണ്ടെന്ന് ഉഷാകുമാരി പറയുന്നു.
മാസം തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന തങ്ങൾക്ക് വൈദ്യുതി ബിൽ, വെള്ളക്കരം, ഗ്യാസ് എന്നിവക്കെല്ലാമുള്ള തുക കൈയിൽനിന്ന് എടുക്കാൻ നിർവാഹമില്ലെന്നും പരിഹാരമുണ്ടാകണമെന്നും ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.