മണ്ണൂർ: മണ്ണൂർ പെരടി കുന്നിലെ മൃഗസംരക്ഷണ വകുപ്പ് ഉപകേന്ദ്രം ഒരു വർഷത്തോളമായി തുറന്നുപ്രവർത്തിക്കാത്തതിനാൽ ക്ഷീരകർഷകരും കന്നുകാലി ഉടമകളും ദുരിതത്തിൽ. 24 വർഷം മുമ്പ് ക്ഷീരകർഷകരുടേയും പ്രദേശത്തെ ജനങ്ങളുടെയും ആവശ്യത്തെ തുടർന്നാണ് നഗരിപ്പുറം പെരടികുന്നിൽ കന്നുകാലി ഊർജിത കന്നുകാലി വികസന ഉപകേന്ദ്രം എന്ന പേരിൽ പ്രവർത്തനം തുടങ്ങിയത്.
ഒരു വർഷം മുമ്പ് വരെ ഇവിടെ ലൈവ് സ്റ്റോക് ഇൻസ്പെക്ടറുടെ സേവനം ലഭ്യമായിരുന്നു. ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന ജീവനക്കാരിയെ ഒറ്റപ്പാലത്തേക്ക് മാറ്റിയതോടെയാണ് ക്ഷീരകർഷകർ ഒരു വർഷത്തോളമായി ദുരിതത്തിലായത്. ചികിത്സ നൽകാനും കുത്തിവെപ്പെടുക്കാനും കന്നുകാലികളെ മൂന്ന് കിലോമീറ്റർ അകലെയുള്ള മണ്ണൂരിലെ വെറ്ററിനറി കേന്ദ്രത്തിലേക്ക് വാഹനത്തിൽ എത്തിക്കേണ്ട അവസ്ഥയാണ്. പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് ലൈവ് സ്റ്റോക് ഇൻസ്പെക്ടറെ ഇവിടെ തന്നെ നിയമിക്കണമെന്നാവശ്യപെട്ട് ജില്ല മൃഗസംരക്ഷണവകുപ്പിന് നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത പറഞ്ഞു.
ഒറ്റപ്പാലത്തേക്ക് മാറ്റിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് ശമ്പളം കൊടുക്കുന്നത് മണ്ണൂർ പഞ്ചായത്താണ്. ശമ്പളം നൽകുന്നത് മണ്ണൂർ പഞ്ചായത്തും ജോലി ചെയ്യുന്നത് ഒറ്റപ്പാലത്തുമാണ്. നിലവിൽ മണ്ണൂർ മൃഗാശുപത്രിയിലെ എൽ.ഐക്ക് ചുമതല നൽകിയിട്ടുണ്ടങ്കിലും ജോലിത്തിരക്ക് കാരണം രണ്ടിടത്തും ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഒറ്റപ്പാലത്തേക്ക് മാറ്റിയ ലൈവ് സ്റ്റോക് ഇൻസ്പെക്ടറെ മണ്ണൂർ പെരടികുന്ന് ഉപകേന്ദ്രത്തിൽ തന്നെ നിയമിക്കണമെന്നും അധികൃതർ നടപടി ഉടൻ സ്വീകരിക്കണമെന്നും അല്ലെങ്കിൽ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അനിത അറിയിച്ചു. ഒരു വർഷം മുമ്പാണ് രണ്ടര ലക്ഷം രൂപ ചിലവിൽ ഈ ഉപകേന്ദ്രം നവീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.