കോട്ടായി: പഴം, പച്ചക്കറി ഉൾപ്പെടെ എന്തുവിളയിച്ചെടുത്താലും വിപണി തേടി അലയേണ്ട. കോട്ടായി അയ്യംകുളത്തെ സ്വാശ്രയ കർഷകവിപണിയിൽ എത്തിച്ചാൽ മതി കൃത്യമായ വില കിട്ടും.
പതിറ്റാണ്ടുകളായി കോട്ടായി പഞ്ചായത്തിലെ അയ്യംകുളത്ത് പ്രവർത്തിക്കുന്ന വി.എഫ്.പി.സി.കെയുടെ കർഷകവിപണിയും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകവിപണിയുമാണ് കർഷകരുടെ ഉറ്റ കൂട്ടാളിയായി പ്രവർത്തിക്കുന്നത്.
ഓരോ പ്രദേശങ്ങളിൽനിന്ന് കർഷകർ അവരുടെ ഉൽപന്നങ്ങൾ എല്ലാ ദിവസവും രാവിലെ എട്ടിന് മുമ്പ് വിപണിയിലെത്തിക്കും. അധികൃതർ തൂക്കിക്കണക്കാക്കി ലേലത്തിനുവെക്കും. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് കച്ചവടക്കാർ ലേലം വിളിച്ചെടുക്കാൻ കൃത്യസമയത്ത് എത്തിയിട്ടുണ്ടാകും. ലേലത്തുകയിൽ ചെറിയ ഒരു സംഖ്യ കമീഷൻ എടുത്ത് ബാക്കി തുക കർഷകന് നൽകും. കർഷകർ എത്തിക്കുന്ന ഉൽപന്നങ്ങളുടെ കൂട്ടത്തിൽ പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, കായക്കുലകൾ, നാളികേരം, നാടൻ കോഴികൾ, ആടുകൾ വരെ ലേലത്തിന് എത്തിച്ചിട്ടുണ്ടാകും.
ദിനേന ടൺകണക്കിന് പച്ചക്കറികളാണ് ഇവിടെ ലേലത്തിന് എത്താറുള്ളത്. രാവിലെ ലേലം തുടങ്ങിയാൽ 9.30ന് അവസാനിക്കുന്നതുവരെ അയ്യംകുളം ജങ്ഷനിൽ കച്ചവടക്കാരുടെയും വാഹനങ്ങളുടെയും വൻ തിരക്കായിരിക്കും. പ്രത്യക്ഷമായും പരോക്ഷമായും നിരവധി കുടുംബങ്ങളാണ് ഇതിനെ ചുറ്റിപ്പറ്റി ജീവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.