പാലക്കാട്: ഒരിടവേളക്ക് ശേഷം കോൺഗ്രസ് ബ്ലോക്ക് അധ്യക്ഷൻമാരുടെ പുനഃസംഘടനയുടെ പേരിൽ അതിരുവിട്ട് ഗ്രൂപ് പോര്. ജില്ലയിൽ ചർച്ചചെയ്ത പേരുകൾ പലതും അട്ടിമറിക്കപ്പെട്ടുവെന്നാരോപിച്ച് യു.ഡി.എഫ് ജില്ല കൺവീനറും മുതിർന്ന എ ഗ്രൂപ് നേതാവുമായ പി. ബാലഗോപാൽ രാജിവെച്ചതോടെ കോൺഗ്രസിനകത്തെ ഗ്രൂപ്പുകൾ തമ്മിലെ ഭിന്നത മറനീക്കി പുറത്തുവന്നു. എ ഗ്രൂപിനകത്തെ പടലപ്പിണക്കങ്ങൾ പുനഃസംഘടന ഉപസമിതി അംഗം കൂടിയായ ബാലഗോപാലിന്റെ രാജിയിൽ കലാശിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനം രാജിവെക്കുകയാണെന്ന് പറഞ്ഞാണ് ബാലഗോപാൽ യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം. ഹസ്സന് രാജി സമർപ്പിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജില്ലയിലെ 22 ബ്ലോക്കുകളിലെ കോൺഗ്രസ് പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കിലും നെന്മാറ നിയമസഭ മണ്ഡലത്തിൽ ഉൾപ്പെട്ട നെന്മാറ, കൊല്ലങ്കോട് ബ്ലോക്ക് പ്രസിഡന്റുമാരുടെ പേരുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. നെന്മാറയിൽ നേരത്തെ എ ഗ്രൂപ്പിനും കൊല്ലങ്കോട്ട് ഐ ഗ്രൂപ്പിനുമായിരുന്നു പ്രസിഡന്റ് പദവി. തുടർന്ന് ഇവ കൂടെ ഉൾപ്പെടുത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. ബ്ലോക്ക് പ്രസിഡന്റുമാരുടെ പേരുകൾ നിർദേശിക്കുമ്പോൾ അതതിടത്ത് നിലവിലെ പ്രസിഡറുമാരുടെ ഗ്രൂപ്പുകൾ നിർദേശിക്കുന്നവരെ പരിഗണിക്കാമെന്നായിരുന്നു ധാരണ. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. നെന്മാറ, തൃത്താല, പട്ടാമ്പി ബ്ലോക്കുകളിൽ മാനദണ്ഡ വിരുദ്ധമായാണ് പ്രസിഡന്റുമാരെ വെച്ചതെന്ന് എ ഗ്രൂപ് ആരോപിക്കുന്നു. നിയോജക മണ്ഡലം സമ്മേളനം നടത്തിയില്ലെന്ന പേരിൽ യൂത്ത് കോൺഗ്രസിൽ നടപടി നേരിട്ട വിനോദിനെ ബ്ലോക്ക് പ്രസിഡന്റാക്കിയതിൽ എ ഗ്രൂപ്പിന് കടുത്ത അമർഷമുണ്ട്. കെ. സുധാകരൻ പക്ഷക്കാരനായാണ് വിനോദ് അറിയപ്പെടുന്നത്. ജില്ല നേതൃത്വം നിർദേശിച്ചയാളെ തഴഞ്ഞ് ഐ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന കൊല്ലങ്കോട് എ ഗ്രൂപ്പിന് നൽകിയതിൽ ഐ ഗ്രൂപ്പിനകത്തും അസംതൃപ്തിയുണ്ട്.
ജില്ല നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് ഇത് ചെയ്തതതെന്നാണ് ആരോപണം. കൈയിലുണ്ടായിരുന്ന തൃത്താല, നെന്മാറ ബ്ലോക്കുകളിലെ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിലും എ ഗ്രൂപ്പിൽ പ്രതിഷേധം പുകയുകയാണ്. നെന്മാറ, തൃത്താല മണ്ഡലങ്ങളിലെ പ്രവർത്തകർ സംസ്ഥാന നേതൃത്വത്തിനും അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിക്കും പരാതി നൽകി. വനിത, എസ്.സി, എസ്.ടി വിഭാഗങ്ങളിൽ നിന്നും ആരും പരിഗണിക്കപ്പെട്ടില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
പാലക്കാട്: ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് അധ്യക്ഷൻമാരെ പകുത്തെടുത്ത് ഗ്രൂപ്പുകളും നേതാക്കൻമാരും. ഇതുസംബന്ധിച്ച് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നതിനിടെയായിരുന്നു ജില്ലയിൽ ചർച്ചചെയ്ത പല പേരുകളും അട്ടിമറിക്കപ്പെട്ടു എന്ന് ആരോപിച്ച് യു.ഡി.എഫ് കൺവീനർ പി. ബാലഗോപാലിന്റെ രാജി.
ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുൻ നഗരസഭാധ്യക്ഷ കെ.എ. ഷീബയുടെ പേര് പട്ടികയിലേക്ക് ബാലഗോപാൽ നിർദേശിച്ചിരുന്നു. എന്നാൽ, ഈ സ്ഥാനത്തേക്ക് കാര്യമായ ചർച്ചകളില്ലാതെ കെ. മധുവിനെ പരിഗണിച്ചതാണ് ബാലഗോപാലിനെ ചൊടിപ്പിച്ചത്. കുഴൽമന്ദം ബ്ലോക്ക് പ്രസിഡന്റായി ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ച വ്യക്തിയെ മാറ്റി കെ.സി. വേണുഗോപാലിന്റെ ‘ആശ്രിത‘ ഗ്രൂപ്പുകാരനായ ഡി.സി.സി പ്രസിഡന്റിന്റെ അടുപ്പക്കാരന് സ്ഥാനം നൽകിയെന്നായിരുന്നു പിന്നാലെ ആരോപണമുയർന്നത്.
പുതുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും ഇതേ ചേരിക്കാണ് വീതിച്ചു നൽകിയതെന്നും ഒരുഭാഗം വിമർശനമുന്നയിക്കുന്നു. ഇതുവരെ നേതൃപദവിയിൽ എത്താത്തയാളെയായിരുന്നു അവിടെ പരിഗണിക്കപ്പെട്ടത്. കുഴൽമന്ദം ബ്ലോക്കിലും ഡി.സി.സി പ്രസിഡന്റിന്റെ താൽപര്യമാണ് പ്രതിഫലിച്ചതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സുധാകരൻ പക്ഷക്കാരനാണ് നെന്മാറ ബ്ലോക്കിൽ ഭാരവാഹിയായത്. വടക്കഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ട് ഇഷ്ടക്കാരന് വാങ്ങിനൽകിയെന്നും പറയപ്പെടുന്നു. തൃത്താല മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് ഭാരവാഹിത്വം കോൺഗ്രസ് നേതാക്കളായ സി.വി. ബാലചന്ദ്രനും വി.ടി. ബൽറാമും വീതിച്ചെടുക്കുകയായിരുന്നു. പട്ടാമ്പിയിൽ കോൺഗ്രസ് നേതാക്കളായ സി.പി. മുഹമ്മദും കെ.ബി.എസ് തങ്ങളും നിർദേശിച്ചവരെത്തി. മണ്ണാർക്കാട്, അട്ടപ്പാടി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിൽ വി.കെ. ശ്രീകണ്ഠൻ എം.പിയും നിശ്ചയിച്ചു. പാലക്കാട് ഷാഫി പറമ്പിൽ എം.എൽ.എയും കോങ്ങാട് ബ്ലോക്ക് വനിത നേതാവ് കെ.എ. തുളസിയും നിർദേശിച്ചവർ അമരത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.