നൂറണി ജങ്ഷനിൽ റോഡിന് നടുവിലെ കാത്തിരിപ്പുകേന്ദ്രം
പാലക്കാട്: അപകടക്കെണിയൊരുക്കി നഗരത്തിലെ പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നൂറണി ജങ്ഷനിലെ കാത്തിരിപ്പുകേന്ദ്രം. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാത തുടങ്ങുന്ന പ്രദേശം കൂടിയാണിത്. മേഴ്സി കോളജ് കെ.എസ്.ആർ.ടി.സി റോഡിൽനിന്ന് പുതുപ്പള്ളിത്തെരുവ് വിത്തുണ്ണീ റോഡ് പഠാണിത്തെരുവ് എന്നീ റോഡുകൾ സംഗമിക്കുന്ന പ്രധാന കവല കൂടിയാണ് നൂറണി ജങ്ഷൻ.
സംസ്ഥാനപാതയിൽനിന്ന് പുതുപ്പള്ളിതെരുവ് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. വർഷങ്ങൾക്കുമുമ്പ് ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒരു ഭാഗം ചെരിഞ്ഞ നിലയിലായിരുന്നു. പറളി പൂടൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് നിൽക്കുന്നതിനായാണ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് ഹൈമാസ്റ്റ് വിളക്കും സ്ഥാപിച്ചിട്ടുള്ളത്. തിരക്കേറിയ ജങ്ഷനിൽ ട്രാഫിക് സർക്കിൾ സ്ഥാപിക്കേണ്ടിടത്താണ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്.
റോഡിന് നടുവിലായി കാത്തിരിപ്പ് കേന്ദ്രം ഉള്ളതിനാൽ പോക്കറ്റ് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് വാഹനങ്ങൾ കയറുമ്പോൾ കാഴ്ച മറയുന്നതിന് കാരണമാകുന്നു. എന്നാൽ, മിഷ്യൻ സ്കൂൾ ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്നിടത്ത് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാണ്.
സമീപത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവയൊക്കെ ഉള്ളതിനാൽ രാപകലന്യേ നൂറുകണക്കിന് യാത്രക്കാർ വന്നു പോകുന്ന പ്രധാന കവല കൂടിയാണിത്. അതിനാൽ തന്നെ യാത്രക്കാർക്ക് ഉപകാരമാണെങ്കിലും അശാസ്ത്രീയമായ രീതിയിൽ സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന ജനകീയാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.