കൂറ്റനാട്: പാർലമെൻററി കാര്യവകുപ്പ് എൻലൈറ്റ് പ്രോജക്ടുമായി സഹകരിച്ച് തൃത്താല മണ്ഡലത്തിൽ കുട്ടികളുടെ സഭ. കുട്ടികൾക്ക് വികസന സങ്കൽപങ്ങൾ പങ്കുവെക്കാനും ഭരണകർത്താക്കളുമായി സംവദിക്കാനും അവസരങ്ങളില്ല, സാമൂഹിക നിർമിതിയിൽ കുട്ടികളെ ഉൾപ്പെടുത്തുക, അവരുടെ സാമൂഹിക വികസന സ്വപ്നങ്ങളും സങ്കൽപങ്ങളും ജനപ്രതിനിധികളുമായി പങ്കുവെക്കുക, ഇതിലൂടെ കുട്ടികളെ സമൂഹവുമായി കൂടുതൽ അടുപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുട്ടികളുടെ സഭകൾ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് മണ്ഡലങ്ങളിലാണ് പാർലമെൻററി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സഭ നടക്കുന്നത്. തൃത്താല മണ്ഡലത്തിൽ എൻലൈറ്റ് വിദ്യാഭ്യാസ പദ്ധതിയുമായി സഹകരിച്ചാണ് സഭ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി നിയമസഭ മണ്ഡലത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർഥി പ്രതിനിധികൾക്ക് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വികസന പ്രശ്നങ്ങൾ, പ്രതീക്ഷകൾ വികസന സ്വപ്നങ്ങൾ, അഭിപ്രായങ്ങൾ എന്നിവ പാർലമെൻററി കാര്യ- തദ്ദേശ സ്വയംഭരണ മന്ത്രിയുമായി നേരിട്ടു സംവദിക്കാം. സഭയിൽ പങ്കെടുക്കാൻ ഒരു സ്ഥാപനത്തിൽനിന്ന് ഉപന്യാസം, ക്വിസ് എന്നിങ്ങനെ ഏതെങ്കിലും മത്സരത്തിലൂടെ പങ്കെടുക്കാനുള്ള മൂന്ന് കുട്ടികളെ കണ്ടെത്താം. ‘എന്റെ സങ്കൽപത്തിലെ തൃത്താല മണ്ഡലം’ വിഷയത്തിലൂന്നി ഒരു ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിക്കും. മണ്ഡലത്തെക്കുറിച്ചും വികസന പ്രക്രിയകളെക്കുറിച്ചും വ്യക്തതയും കാഴ്ചപ്പാടുമുള്ള കുട്ടികളെയാണ് സഭയിൽ പങ്കെടുപ്പിക്കുക. തൃത്താല മണ്ഡലത്തിൽ ഫെബ്രുവരിയിലാണ് സ്റ്റുഡൻസ് സഭ ചേരുന്നത്.
നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. നാഗലശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം തദ്ദേശ സ്വയംഭരണ, പാർലമെൻററി കാര്യ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. റജീന അധ്യക്ഷത വഹിച്ചു.
പാർലമെൻററി കാര്യവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജനാരായണ സ്വാമി ഐ.എ.എസ്, അഡീ. സെക്രട്ടറി ഇർഷാദ്, ടി. സുഹറ, പി.കെ. ജയ, വി.പി. ഷാനിബ, ടി.പി. മുഹമ്മദ്, എ.ഇ.ഒ കെ. പ്രസാദ് എന്നിവർ സംസാരിച്ചു. പാർലമെൻററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ബിവീഷ് സ്വാഗതവും എൻലൈറ്റ് കോഓഡിനേറ്റർ ഡോ. കെ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. മന്ത്രി എം.ബി. രാജേഷ് മുഖ്യ രക്ഷാധികാരിയായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.