ചിറ്റൂർ: ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രദേശവാസികളുടെ ഏറെ കാലത്തെ സ്വപ്നമാണ് കടലാസിൽ മറുപിറവി കാത്തിരിക്കുന്നത്. ജലദൗർലഭ്യം രൂക്ഷമായ ചിറ്റൂർ മേഖലയിൽ വലിയ തോതിൽ ജലസംഭരണത്തിന് സൗകര്യമൊരുക്കാമായിരുന്ന പദ്ധതികൾ എങ്ങുമെത്താതെ കിടക്കുകയാണ്.
കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന കമ്പാലത്തറ, വെങ്കലക്കയം, കുന്നംപിടാരി എന്നീ തടയണകളാണ് സംഭരണ ശേഷിയുടെ പാതിയിലേറെ മണ്ണടിഞ്ഞ് കിടക്കുന്നത്. ഇവിടങ്ങളിലെ മണ്ണ് നീക്കി പൂർണതോതിൽ സംഭരണം നടത്താൻ നടപടികളായില്ല. അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കാൻ സർക്കാറിന് കാര്യമായ ചെലവൊന്നും ഇല്ലെന്നത് മാത്രമല്ല, നീക്കം ചെയ്യുന്ന മണ്ണിന് വില ലഭിക്കുകയും ചെയ്യുമെന്നിരിക്കെ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവമാണ് പദ്ധതി നീണ്ടുപോവാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
മണ്ണും മണലും ടെൻഡർ വിളിച്ച് നീക്കിയാൽ സർക്കാറിന് പണച്ചെലവുണ്ടാവില്ലെന്ന് കർഷക സംഘടനകൾ പറയുന്നു. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങളും പരിശോധനയുമൊന്നും വർഷങ്ങളായിട്ടും പൂർത്തിയായിട്ടില്ല.
2016ൽ ചിറ്റൂർ എം.എൽ.എ കെ. കൃഷ്ണൻകുട്ടി പദ്ധതി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ മാസം മാത്രമാണ് ഉദ്യോഗസ്ഥർ പദ്ധതി രേഖ സർക്കാറിന് സമർപ്പിച്ചത്. ചിറ്റൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ചിറ്റൂർ തത്തമംഗലം നഗരസഭക്കും നല്ലേപ്പിള്ളി, പൊൽപ്പുള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകൾക്കും നെന്മാറ നിയോജക മണ്ഡലത്തിലെ മുതലമട, വടവന്നൂർ പഞ്ചായത്തുകൾക്കും ആശ്രയിക്കാവുന്നവയായിരുന്നു ഈ ചെറു തടയണകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.