നെല്ലിയാമ്പതി: പ്രവേശനഫീസ് എന്ന പേരിൽ വനം വകുപ്പ് സന്ദർശകരിൽനിന്ന് പിരിച്ചെടുക്കുന്ന ഫണ്ട് ടൂറിസവികസനത്തിന് ഉപയോഗിക്കുന്നില്ലെന്ന് പരാതി. മാൻപാറ, കാരാശൂരി, മിന്നാമ്പാറ, കേശവൻപാറ ഭാഗങ്ങളിൽ 50 മുതൽ 100 രൂപ വരെയാണ് പ്രവേശനഫീസായി വാങ്ങുന്നത്. വനസംരക്ഷണ സമിതിയുടെ പേരിൽ വനം അധികൃതരാണ് പണം പിരിക്കുന്നത്.
എന്നാൽ, സീതാർകുണ്ട് ഭാഗത്തെ വനസംരക്ഷണ സമിതി കമ്മിറ്റി അഞ്ചുവർഷം മുമ്പു തന്നെ പിരിച്ചു വിട്ടിരുന്നു. ഇല്ലാത്ത വനസംരക്ഷണ സമിതിയുടെ പേരിൽ പിരിവു തുടരുമ്പോഴും സന്ദർശകർക്കാവശ്യമായ ഭൗതിക സാഹചര്യങ്ങളൊരുക്കാൻ ഈ ഫണ്ട് വിനിയോഗിക്കാത്ത സ്ഥിതിയാണ്.
രണ്ടു കോടി രൂപ ഫണ്ടിലുണ്ടെന്നാണ് കണക്കുകൾ. നെല്ലിയാമ്പതിയിൽ കൈകാട്ടി കേന്ദ്രമാക്കി മറ്റൊരു യൂനിറ്റ് വനസംരക്ഷണസമിതി നിലവിലുണ്ടെങ്കിലും ഫണ്ട് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെല്ലാം നെല്ലിയാമ്പതി വനമേഖലക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരാണ്.
ഉദ്യോഗസ്ഥർക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമിക്കാനും മറ്റും ഫണ്ട് ഉപയോഗിക്കുന്നുണ്ടെങ്കിലും ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കാവശ്യമായ യാതൊരു സൗകര്യത്തിനും ഇത് വിനിയോഗിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.