പാലക്കാട്: പണമില്ലാത്തതിനാൽ പാതിയിൽ മുടങ്ങിയ നഗരത്തിലെ ഇന്‍ഡോര്‍ സ്റ്റേഡിയം നിർമാണം പൂർത്തികരിക്കുന്നതിന് വേണ്ട നടപടികൾ തുടങ്ങി. ടെണ്ടർ കഴിഞ്ഞു. കിഫ്ബി 14.50 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷൻ ആണ് നിർമാണ് ഏജൻസി. ജില്ലയിലെ കായിമേഖലക്ക് കരുത്തേകാൻ ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ് 2010 ഏപ്രിലിൽ നിർമാണം തുടങ്ങിയ സ്റ്റേഡിയമാണ് 12 വർഷമായിട്ടും പൂർത്തിയാക്കാതെ പാതി വഴിയിലുള്ളത്.
2010 ജനുവരി എട്ടിന് 13.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം 2010 മെയ് മൂന്നിന് ആരംഭിച്ചു. 10.04 കോടി രൂപ ചെലവഴിച്ച് സ്ട്രക്ച്ചര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. 2010-11 സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ മൂന്ന് കോടി രൂപ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് വകയിരുത്തിയെങ്കിലും തുടര്‍ന്നുവന്ന സര്‍ക്കാര്‍ തുക നല്‍കിയില്ല. ഇതേതുടര്‍ന്നാണ് നിര്‍മാണം സ്തംഭിച്ചത്. 2021ൽ മന്ത്രി വി. അബ്ദുറഹ്മാന്, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗം ചേർന്ന് നിലവിലുള്ള സാങ്കേതിക തടസ്സങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ച് ആവശ്യമായ അംഗീകാരം ഉടന്‍ നേടി നിര്‍മാണം പൂര്‍ത്തിയാക്കാൻ തീരുമാനമെടുത്തെങ്കിലും പദ്ധതി വീണ്ടും ഇഴഞ്ഞു നീങ്ങി.
പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. 13.25 കോടിയിൽ പണി പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിയാണ് രാഷ്ട്രീയ വടംവലിയെ തുടർന്ന് 25 കോടിയിലെത്തിച്ചത്. 60 ശതമാനം നിർമാണം ഇതുവരെ പൂർത്തിയാക്കി.
നഗരഭാഗത്ത് വിക്ടോറിയ കോളജിനു സമീപം 2.44 ഏക്കറില്‍ ഒരു ലക്ഷം ചതുരശ്ര അടിയിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. ബാസ്കറ്റ്ബാൾ, വോളിബാൾ, ഹാൻഡ്ബാൾ, ഷട്ടിൽ, നെറ്റ്ബാൾ, ടെന്നീസ് കോർട്ടുകൾ, ഹെൽത്ത് ക്ലബ്, 6,600 പേർക്കിരിക്കാവുന്ന ഗാലറി, 3200 പേർക്കിരിക്കാവുന്ന ഇൻസൈഡ് കോർട്ട്, 100 പേർക്ക് താമസ സൗകര്യം, കോൺഫറൻസ് ഹാൾ, ഷോപ്പിങ്ങ് കോംപ്ലക്സ് എന്നിവയൊക്കെ വിഭാവനം ചെയ്താണ് ഇൻഡോർ സ്റ്റേഡിയം പദ്ധതി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.