പാലക്കാട്: അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ സ്ഥിരം പ്രോസിക്യൂട്ടർ നിയമനം അനന്തമായി നീളുന്നു. കോടതി ഉദ്ഘാടനം കഴിഞ്ഞ് 15 മാസമായിട്ടും സ്ഥിരം പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ആദിവാസി വിഭാഗങ്ങൾക്ക് തിരിച്ചടിയാകുന്നു. അട്ടപ്പാടി കോടതിയിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ (എ.പി.പി) തസ്തിക സൃഷ്ടിക്കാൻ 2024 ജൂലൈ 24ന് നടന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ നടപ്പായിട്ടില്ല. ഈ തസ്തിക ഭിന്നശേഷി വിഭാഗത്തിനായി സർക്കാർ സംവരണം ചെയ്തിരിക്കുകയാണ്. അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും നിയമനമൊന്നും ആയിട്ടില്ല. രണ്ട് പതിറ്റാണ്ട് നീണ്ട മുറവിളികൾക്കൊടുവിൽ ആരംഭിച്ച അട്ടപ്പാടി കോടതിയിൽ സ്ഥിരം പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന സർക്കാരിന്റെ തീരുമാനം പ്രഹസനമായി മാറുകയാണ്.
നിലവിൽ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്ക് (എ.പി.പി) അട്ടപ്പാടിയിലെ അധിക ചുമതല നൽകിയിരിക്കുകയാണ്. ഇതുമൂലം ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് എ.പി.പി അട്ടപ്പാടി കോടതിയിൽ എത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങളാണ് ഇതുമൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. സംസ്ഥാനത്തെ ആദ്യ പട്ടികവർഗ വിഭാഗം താലൂക്കായ അട്ടപ്പാടിയിൽ ആദിവാസി വിഭാഗത്തിൽപെട്ടവർ കേസുകൾക്കായി മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയെയാണ് ആശ്രയിച്ചിരുന്നത്. ദിവസക്കൂലിക്കാരായ ഇവരുടെ യാത്രാച്ചെലവും സമയവും ലാഭിക്കാനും കേസുകളുടെ സുഗമമായ നടത്തിപ്പിനും അട്ടപ്പാടി കോടതി ഏറെ സഹായകരമാണ്. എന്നാൽ സ്ഥിരം പ്രോസിക്യൂട്ടർ ഇല്ലാത്തതിനാൽ ജാമ്യ അപേക്ഷകൾ സമർപ്പിക്കാനും കേസ് സംബന്ധിച്ച ചർച്ചകൾ നടത്താനുമെല്ലാം വാദി ഭാഗം ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മണ്ണാർക്കാട് കോടതിയിലും വ്യാഴവും വെള്ളിയും അട്ടപ്പാടി കോടതിയിലുമാണ് നിലവിൽ എ.പി.പി പ്രവർത്തിക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസം മാത്രമായതിനാൽ കേസുകളുടെ ബാഹുല്യംമൂലം ഇവ കൃത്യമായി പഠിക്കാനും സാധിക്കാത്ത സ്ഥിതിയാണ്. ഇത് എ.പി.പിക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നിരവധി കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്യപ്പെടുന്നത്. സ്ഥിരം പ്രോസിക്യൂട്ടർ ഇല്ലാത്തതിനാൽ ഇവയുടെ തീർപ്പ് കൽപ്പിക്കുന്നത് അനന്തമായി നീളുന്നതിന് കാരണമാകുമെന്നാണ് ആശങ്ക. കേസിന്റെ ചർച്ചകൾക്കും ജാമ്യ അപേക്ഷകളിൽ എ.പി.പിയുടെ ഒപ്പിനുമായി 100 കി. മീ. ദൂരത്തുള്ള മണ്ണാർക്കാട്ടേക്ക് എത്തുന്നത് സാധാരണക്കാർക്ക് സാമ്പത്തിക-സമയ നഷ്ടം ഉണ്ടാക്കുന്നു.
നിസാര കേസുകൾക്ക് ശനിയാഴ്ച ഒരാൾ അറസ്റ്റു ചെയ്യപ്പെട്ടാൽ ജാമ്യം ലഭിക്കണമെങ്കിൽ വ്യാഴാഴ്ച വരെ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോൾ. എന്തെങ്കിലും സാഹചര്യം കൊണ്ട് അന്ന് എ.പി.പി അവധി ആണെങ്കിൽ കാത്തിരിപ്പ് പിന്നെയും നീളും. പ്രോസിക്യൂട്ടർ നിയമനം വൈകുന്നത് ആദിവാസി വിഭാഗങ്ങളോടുള്ള അവഗണനയാണ്. വിഷയത്തിൽ ഇടപെടാൻ കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ നിയമനത്തിനായി നിയമപോരാട്ടം നടത്തിയ വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറി ജനറലും പ്രോസിക്യൂഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ അഡ്വ. പി. പ്രേംനാഥ് പറഞ്ഞു. വൈകി കിട്ടുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെന്ന് പറയുമ്പോഴാണ് അട്ടപ്പാടിക്കാർക്ക് ഈ ദുരവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.