ഒറ്റപ്പാലം: സ്ഥലം ഒരുക്കി നൽകുന്നതിൽ തുടരുന്ന നഗരസഭയുടെ അനാസ്ഥമൂലം ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർസെക്കൻഡറി സ്കൂളിന് സർക്കാർ അനുവദിച്ച പുതിയ കെട്ടിട നിർമാണം അനിശ്ചിതത്വത്തിലെന്ന് പരാതി. ഹൈക്കോടതി ഇടപെടലിന് ശേഷവും നിർദിഷ്ട സ്ഥലത്തെ പഴയ കെട്ടിടം പൊളിക്കുന്നതിൽ കാര്യമായ പുരോഗതിയില്ലാത്തത് കെട്ടിട നിർമാണത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും ഈ സാഹചര്യത്തിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം പരിഗണയിലുണ്ടെന്നും പി.ടി.എ പ്രസിഡൻറ് പി.എം.എ ജലീൽ അറിയിച്ചു.
2018 ഡിസംബർ 24ന് കെട്ടിടം നിർമാണത്തിന് ഭരണാനുമതി ലഭിച്ചതാണ്. കിഫ്ബിയിലൂടെ 3.90 കോടി രൂപയാണ് അനുവദിച്ചത്. കെട്ടിട നിർമാണം അനന്തമായി നീളുന്ന സാഹചര്യത്തിൽ പി.ടി.എ ഹൈക്കോടതിയെ സമീപിക്കുകയും കോടതി സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് 2024 ഒക്ടോബർ 16നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജനുവരി 20നും നിർമാണ കരാർ ലഭിച്ച ‘കില’ നഗരസഭ അധികൃതർക്ക് കത്ത് നൽകിയിരുന്നു. മഴക്കാലം ആരംഭിക്കുന്നതോടെ പ്രവൃത്തികൾ ഒന്നും ചെയ്യാനാവാത്ത അവസ്ഥയുണ്ടാകും.
ഹൈക്കോടതി സർക്കാരിന് നൽകിയ നിർദേശം അട്ടിമറിക്കാനും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്താനുള്ള പി.ടി.എയുടെ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്താനും നഗരസഭ ഭരണസമിതി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും ജലീൽ ആരോപിച്ചു. വൈസ് പ്രസിഡൻറ് രാജേഷ് കണ്ണിയംപുറം, എം.വി. അമീർ അലി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.