ആനക്കര: ആവശ്യത്തിന് ജലലഭ്യതയില്ലാതെ വന്നതോടെ ആനക്കര പോട്ടൂർ പാടശേഖരത്തിൽ മകരമാസത്തിൽ കൊയ്ത്തെടുക്കേണ്ട മുണ്ടകൻ കൃഷി ഉണക്ക് ഭീഷണിയിലേക്ക്.
സാധാരണ ലഭിക്കാറുള്ള ഇടമഴ ഇല്ലാത്തതും സമീപത്തുള്ള തോട് പാടത്തിനേക്കാൾ താഴ്ചയിൽ ഒഴുകുന്നതുകൊണ്ടും പാടങ്ങളിൽ ഈർപ്പം നിൽക്കാത്തതാണ് ഭീഷണിക്ക് കാരണം. സമീപത്തുള്ള പൊറ്റയിൽ തോട്ടിൽ തടയണ നിർമിച്ച് കൃഷി സംരക്ഷിക്കണമെന്ന കർഷകരുടെ ആവശ്യം ഉടൻ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചിട്ടുണ്ട്.
വടക്കഞ്ചേരി: നേർച്ചപ്പാറ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും രാത്രി ഒറ്റയാൻ ഇറങ്ങി. സിബി സക്കറിയാസ്, സന്തോഷ് എന്നിവരുടെ കൃഷിയിടങ്ങളിൽ നാശമുണ്ടാക്കി. വാഴകളും തെങ്ങും നശിപ്പിച്ചു. സന്തോഷിന്റെ സ്ഥലത്തെ തെങ്ങ് മറിച്ചിടുകയും ഷെഡിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.
ആന പരിസരപ്രദേശത്ത് തന്നെയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. നെല്ലിയാമ്പതിയിൽ ഉണ്ടായിരുന്ന പ്രശ്നക്കാരനായ ഒറ്റയാനാണ് ഇതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആന തെങ്ങു മറിച്ചിട്ടയിടത്തുനിന്ന് 100 അടി അകലത്തിൽ പത്തോളം വീടുകളുണ്ട്.
നേർച്ചപ്പാറയിലുള്ള ഫോറസ്റ്റ് സ്റ്റേഷനിൽ വനം വകുപ്പ് ജീവനക്കാരെ സ്ഥിരമായി വിന്യസിച്ച് ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വനംവകുപ്പിനെ നിയോഗിച്ച് ഒറ്റയാനെ നെല്ലിയാമ്പതിക്ക് തിരിച്ചു കയറ്റണമെന്നും നിലവിലുള്ള ഫെൻസിങ് അപര്യാപ്തമായതിനാൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിച്ച് മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കിഫ ആലത്തൂർ നെന്മാറ അസംബ്ലി ലെവൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.