മാങ്കുറുശി: കനത്ത മഴയിൽ വെള്ളം കയറി മാങ്കുറുശി പനമ്പരണ്ടി പാടശേഖരത്തിലെ മൂന്ന് ഏക്കർ നെൽകൃഷി നശിച്ചു. സുബ്രഹ്മണ്യൻ, കൃഷ്ണദാസ്, വേലായുധൻ, കണ്ണൻ എന്നിവരുടെ കൃഷിയിടത്തിലാണ് വെള്ളം കയറിയത്. ഇവരിൽ പാട്ടത്തിനും സ്വന്തമായും ചെയ്ത സുബ്രഹ്മണ്യെൻറ ഒന്നര ഏക്കർ നെൽകൃഷി പൂർണമായി നശിച്ചു. കൊയ്തെടുക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് മഴ ശക്തമായത്. ബാങ്ക് വായ്പയെടുത്തും ആളുകളിൽനിന്ന് കടം വാങ്ങിയുമാണ് മിക്ക കർഷകരും കൃഷിയിറക്കിയത്. നഷ്ടം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നാണ് ആവശ്യം.
മഴ തുടരുന്നു; നെൽപാടങ്ങൾ ഭീഷണിയിൽ
വടവന്നൂർ: ഒരാഴ്ചയായി തുടരുന്ന മഴ മൂലം വെള്ളത്തിനടിയിലായ നെൽച്ചെടികൾ കൊയ്തെടുക്കാനാവാതെ കർഷകർ ദുരിതത്തിൽ. വടവന്നൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ 60 ഏക്കർ നെൽപാടത്ത് നെൽച്ചെടികൾ പൂർണമായും വെള്ളത്തിലാണ് മുളച്ചത്.
ശേഷിക്കുന്നവയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് സംയുക്ത പാശേഖര സമിതികൾ. ഇത്തരം ഘട്ടങ്ങളിൽ തമിഴ്നാട്ടിൽനിന്ന് കൊയ്ത്തിനായി തൊഴിലാളികളെ എത്തിച്ചിരുന്നെങ്കിലും കോവിഡ് കാലമായതിനാൽ കഴിഞ്ഞില്ല.
ഇതോടെ കർഷകർ സ്വയം ഇറങ്ങി ആകുന്ന നെൽക്കതിരുകളെല്ലാം കൊയ്തെടുത്ത് കറ്റകളാക്കുകയാണ്. ഇവ ലഭിക്കുന്ന തൊഴിലാളികളെ ഉപയോഗിച്ച് മെതിക്കുകയും മുറികളിൽ ഫാനുപയോഗിച്ച് ഉണക്കിയെടുക്കുകയുമാണ് ചെയ്യുന്നത്.
കണ്ണീർപാടത്ത്...
മങ്കര: തോരാതെ പെയ്ത മഴയിൽ മങ്കര കാളികാവ് പാടശേഖരത്തിലെ 20 ഏക്കർ നെൽകൃഷി വെള്ളം കയറി നശിച്ചു.
പാടശേഖര സമിതി കൺവീനർ മോഹന കണ്ണൻ, വി.ആർ. രമേഷ്, രാജേന്ദ്രൻ, സ്വരൂപ്, കെ.സി. കൃഷ്ണൻ, കണ്ണൻ, സുനിൽ കൃഷ്ണൻ, ഗീത ചേറ്റൂർ എന്നിവരുടെ കൊയ്തെടുക്കാറായ നെൽകൃഷിയാണ് നശിച്ചത്. വി.ആർ. രമേശിെൻറ മാത്രം നാല് ഏക്കർ നെൽകൃഷി വെള്ളത്തിൽ കിടന്ന് നശിച്ചു.
കാട്ടുപന്നി ശല്യവും ഏറെയാണ്. കൊയ്ത്ത് യന്ത്രം ഇറക്കണമെങ്കിൽ വെള്ളം വറ്റണം.
നെല്ല് ഒരാഴ്ച വെള്ളത്തിലായതോടെ നെല്ല് മുളവന്നു തുടങ്ങിയിട്ടുണ്ട്. കർഷകരെ സഹായിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച ബ്ലോക്ക് പഞ്ചായത്തംഗം ഗോകുൽദാസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.