പാലക്കാട്: മാർച്ചിന് മുന്നേ വിയർത്തൊലിച്ച് പാലക്കാട്. വേനൽമഴ ലഭിച്ചില്ലെങ്കിൽ ഇക്കുറി ചൂട് 40 കടന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്. ഏതാനും ആഴ്ചകളിലായി മിക്ക ദിവസങ്ങളിലും 35 മുതൽ 38 വരെ ഡിഗ്രി സെൽഷ്യസാണ് ജില്ലയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ പകൽ താപനില രേഖപ്പെടുത്തുന്നത്.
രാവിലെ ഒമ്പത് കഴിഞ്ഞാൽ തുടങ്ങുന്ന ചൂട് ഉച്ചയോടടുക്കുമ്പോൾ അസഹനീയമാവുന്നതാണ് സ്ഥിതി. പുറത്തിറങ്ങിയാൽ വാടിത്തളരുന്ന അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിലായി രാത്രി താപനിലയും ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആരോഗ്യ സംരക്ഷണത്തിൽ കരുതൽ വേണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. മലമ്പുഴയിൽ ചൊവ്വാഴ്ച 36.7 ഡിഗ്രിയും പട്ടാമ്പിയിൽ 37 ഡിഗ്രിയും രേഖപ്പെടുത്തി. മലമ്പുഴയിൽ കുറഞ്ഞ ചൂട് 29 ഡിഗ്രിയാണ്. പട്ടാമ്പിയിൽ 28 ഡിഗ്രിയും. കുറച്ച് വർഷങ്ങളായി ഫെബ്രുവരി അവസാനത്തോടെ തന്നെ പാലക്കാട്ട് ചൂട് 39 ഡിഗ്രിയിൽ എത്താറുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഡോ. ഗോപകുമാർ പറഞ്ഞു.
കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ശരാശരി താപനിലയിൽ വർധനവുണ്ടെന്ന് ഡോ. ഗോപകുമാർ പറയുന്നു. എൽനിനോ പ്രതിഭാസം മൂലം 2024ൽ ചൂട് കുത്തനെ കൂടുമെന്ന് വിദഗ്ധർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം രൂപംകൊണ്ട എൽനിനോയുടെ സാന്നിധ്യം എത്രമാത്രം വെല്ലുവിളിയാകും എന്നത് സംബന്ധിച്ച് പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയുടെ തണുപ്പ് ഫെബ്രുവരിയിലേക്ക് നീണ്ടിരുന്ന കാലം ഓർമ മാത്രമാണ്. ജനുവരി മുതൽ കാലാവസ്ഥ വകുപ്പിന്റെ സ്റ്റേഷനുകളിലെല്ലാം തന്നെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില, ദീർഘകാല ശരാശരിയേക്കാൾ വളരെക്കൂടുതലാണെന്ന് നിരീക്ഷകർ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിൽ രാത്രി താപനിലയും ഉയരുകയാണ്. വൈകീട്ടുപോലും മിക്ക സ്ഥലത്തും 30 ഡിഗ്രി സെൽഷ്യസിനടുത്താണ് അന്തരീക്ഷ താപം.
ശരീരത്തിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ ജലം, ശരീരത്തിൽനിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിർജലീകരണം. ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ നിർജലീകരണ സാധ്യത കൂടുതലാണ്. അമിത ദാഹം, വായും ചുണ്ടും ഉണങ്ങുക, തൊണ്ട വറ്റി വരളുക, തലവേദന, അസ്വസ്ഥത, മസിൽ കോച്ചിപ്പിടിത്തം, ശരീര വേദന, വിശപ്പ് അനുഭവപ്പെടാതിരിക്കുക, ബോധക്ഷയം, അപസ്മാരം എന്നിവയാണ് ലക്ഷണം.
കൂടുതൽ വെള്ളം കുടിക്കുകയാണ് പരിഹാര മാർഗം. സാധാരണ ഒരു ദിവസം കുടിക്കേണ്ടത് രണ്ട് ലിറ്റർ വെള്ളമാണ്. ഉയർന്ന താപനിലയിൽ ചുരുങ്ങിയത് രണ്ടര- മൂന്ന് ലിറ്റർ കുടിക്കണം. ഓരോരുത്തരുടെയും ശരീരത്തിന്റെ അളവിൽ വ്യത്യാസമുണ്ടാവും എന്നതിനാൽ ആവശ്യമായ ജലത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും.
ദാഹം അനുഭവപ്പെടുമ്പോഴൊക്കെ വെള്ളം കുടിക്കുക. കായികാദ്ധ്വാനം ചെയ്യുന്നവരും വെയിലത്ത് പണിയെടുക്കുന്നവരും ഓരോ അരമണിക്കൂറിലും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ജനലുകൾ പകൽ തുറന്നിടുക, ക്രോസ് വെന്റിലേഷൻ പ്രോത്സാഹിപ്പിക്കുക. ചൂട് കുറക്കാൻ കർട്ടൻ ഉപയോഗിക്കാം. ഉച്ചക്ക് 12 മുതൽ മൂന്നുവരെ പുറത്തിറങ്ങാതിരിക്കുക. ഈ സമയം പുറം പണി ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.