ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചു നടന്ന കുതിരക്ക് തലവെക്കൽ
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരപ്പെരുമക്ക് ചന്തം ചാർത്തുന്ന കുതിരക്കോലങ്ങൾക്ക് ആചാരത്തനിമയോടെ തലവെച്ചു. ഇതോടെ ചിനക്കത്തൂരിന്റെ മണ്ണും തട്ടകവാസികളുടെ മനസും ഉത്സവ ലഹരിയിലമർന്നു. വള്ളുവനാടിന്റെ പൂരപ്പെരുമ പൂത്തുലയാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. കുംഭത്തിലെ മകം നാളിൽ പിറന്ന ഭഗവതിയെ നെഞ്ചേറ്റി ഏഴുദേശങ്ങളുടെ കൂട്ടായ്മയിൽ ബുധനാഴ്ചയാണ് ചിനക്കത്തൂർ പൂരം. ഏഴര വെളുപ്പിനു മുമ്പേ ക്ഷേത്രാങ്കണങ്ങളിൽ തിങ്ങിക്കൂടിയ ഭക്തർക്കിടയിലേക്ക് ദേശങ്ങളിൽനിന്നും ഭഗവതിയുടെ ഭൂതഗണങ്ങളായ പൂതനും വെള്ളാട്ടും കുമ്മാട്ടിയും പറവാദ്യങ്ങളുടെ അകമ്പടിയിൽ കാവിലെത്തി.
തട്ടകം അക്ഷമയോടെ കാത്തിരുന്ന കുതിരക്ക് തലവെക്കൽ ശനിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു. ചിനക്കത്തൂർ പൂരം വേറിട്ട കാഴ്ചയാകുന്നത് രണവീര്യവുമായി 16 കൂറ്റൻ കുതിരക്കോലങ്ങൾ കളത്തിൽ ഇറങ്ങുന്നതോടെയാണ്. ക്ഷേത്രം കോമരത്തിന്റെ നേതൃത്വത്തിലായിരുന്നു ആചാര തനിമ നിറഞ്ഞ കുതിരകൾക്ക് തലവെക്കൽ. മുരശ് വാദ്യത്തിന്റെ അകമ്പടിയിൽ പന്തിയിലെത്തിയ കോമരം തല എടുത്തണിയിക്കാനുള്ള ചടങ്ങുകൾ ആരംഭിച്ചു. പടിഞ്ഞാറൻ ചേരിയിലെ പണ്ടാരം (സാമൂതിരി) കുതിരക്കായിരുന്നു ആദ്യ ഊഴം.
പിന്നീട് കിഴക്കൻ ചേരിയിലെ ‘ഏറാൾപ്പാട്’ കുതിരക്കും തലവെച്ചു. തുടർന്ന് ഈട് വെടി മുഴക്കിയതോടെയാണ് ഇരുചേരികളിലും അണിനിരക്കുന്ന ദേശങ്ങളിലെ മറ്റു കുതിരക്കോലങ്ങൾക്കും കാളക്കോലങ്ങൾക്കും തലവെപ്പ് പൂർത്തിയായത്. ആർപ്പുവിളികളുമായി ജനസാഗരം തലവെപ്പിന് സാക്ഷ്യം വഹിച്ചു. വൈകുന്നേരം ക്ഷേത്രമൈതാനിയിലെത്തുന്ന കുമ്മാട്ടിക്കുതിരകളെ ജനം കാത്തുനിന്നു. താളവാദ്യത്തിന്റെ അകമ്പടിയിൽ ചുവട് വെക്കുന്ന കുമ്മാട്ടികുതിരകൾ കുട്ടികൾക്കും പ്രിയങ്കരമാണ്. ഏഴ് ദേശങ്ങളിൽ ഒറ്റപ്പാലം, പാലപ്പുറം, വടക്കുമംഗലം, തെക്കുമംഗലം ദേശങ്ങളുടെ ആനച്ചമയ പ്രദർശനവും നടന്നു.
പല്ലാർമംഗലം, എറക്കോട്ടിരി, മീറ്റ്ന എന്നീ ദേശങ്ങൾ കൂടി ഉൾപ്പെട്ട ഏഴ് ദേശത്തിന്റെ കൂട്ടായ്മയിലാണ് ചിനക്കത്തൂർ പൂരം. പൂരത്തിന് സ്പെഷൽ പൂരാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ വണ്ടിവേഷങ്ങളും കലാരൂപങ്ങളും വാദ്യമേളങ്ങളും അകമ്പടിയാകും. ദേശങ്ങളിൽനിന്നുള്ള ആനപ്പൂരം ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ കാവിലേക്കു പുറപ്പെടും. വൈകുന്നേരം മൂന്നോടെയാണ് കുതിരകളി.
പാലപ്പുറം മുതലിയാർതെരുവിൽനിന്നുള്ള തേരും അപ്പേപ്പുറം നിവാസികളുടെ തട്ടിന്മേൽകൂത്തും പ്രകടനം കാഴ്ചവെച്ചു തീരുന്നതോടെ സ്പെഷൽ പൂരാഘോഷക്കമ്മിറ്റികളുടെ കെട്ടുകാഴ്ചകളും ക്ഷേത്ര സന്നിധിയിലേക്ക് പ്രവഹിക്കും. തുടർന്നാണ് ആനപ്പൂരം. പടിഞ്ഞാറൻ ചേരിയിൽ 17 ഉം കിഴക്കഞ്ചേരിയിൽ 10 ഉം വീതം ഗജവീരന്മാർ ആനപ്പൂരത്തിന് അണിനിരക്കും. പടിഞ്ഞാറൻ ചേരിയിൽ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും കിഴക്കൻ ചേരിയിൽ ചെറുശ്ശേരി കുട്ടൻമാരാരും പഴുവിൽ രഘുമാരാരും നേതൃത്വം നൽകുന്ന പാണ്ടിമേളം അകമ്പടിയാകും. തുടർന്ന് 27 ഗജവീരന്മാരെ പങ്കെടുപ്പിച്ചുള്ള കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. വ്യാഴാഴ്ച പുലർച്ച അഞ്ചിന് ആനപ്പൂരം അണിനിരക്കും. രാവിലെ 11ന് നടക്കുന്ന ആറാടി കുടിവെപ്പോടെയാണ് പൂരത്തിന് സമാപനമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.