ഷൊർണൂർ: കോവിഡ് കാലത്തെ സ്വാതന്ത്ര്യ ദിനത്തിൽ ഇടയ്ക്കയിൽ ദേശീയ ഗാനം വായിച്ച് രാജ്യത്തോട് ആദരം പ്രകടിപ്പിച്ച് കലാകാരൻ. പ്രശസ്ത ഇടയ്ക്ക വാദകൻ ഡോ. തൃശൂർ കൃഷ്ണകുമാറാണ് നാടിനോട് ആദരവ് പ്രകടിപ്പിക്കുന്നത്. നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം വൈവിധ്യത ഏറെയുള്ള ഇന്ത്യയെപ്പോലെ വേറൊരു രാജ്യമില്ലെന്നും തനിക്കും മറ്റുള്ളവരെ പോലെ രാജ്യവും ദേശീയ ഗാനവും ഇടയ്ക്കയും പ്രാണവായുവിനെപ്പോലെയാണെന്നും ചൂണ്ടിക്കാട്ടി.
സപ്തസ്വരങ്ങൾ വായിക്കാവുന്ന ഏക വാദ്യോപകരണമാണ് ഇടയ്ക്കയെങ്കിലും ആദ്യമായാണ് ദേശീയഗാനം ഒരാൾ ഇടയ്ക്കയിൽ ചിട്ടപ്പെടുത്തുന്നത്. പരിപാടികളില്ലാതെ വീട്ടിലിരിപ്പായപ്പോൾ ഇടയ്ക്കയിൽ പല പരീക്ഷണങ്ങളും നടത്തിയപ്പോഴാണ് ദേശീയഗാനം ഇടയ്ക്കയിൽ ചിട്ടപ്പെടുത്തി വായിക്കാൻ പ്രേരണയായത്. ഗാന ഗന്ധർവൻ യേശുദാസിെൻറ സ്വരത്തിന് മറുപടി സ്വരം ഇടയ്ക്കയിൽ വായിച്ചിട്ടുള്ള തനിക്ക് പക്ഷേ ദേശീയഗാനം ചിട്ടപ്പെടുത്താൻ ഏറെ സമയമെടുക്കേണ്ടി വന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം യൂട്യൂബിൽ ആപ് ലോഡ് ചെയ്തപ്പോഴാണ് സമാധാനമായത്. ഏറെ പേർ ഇതിനകം അഭിനന്ദനം അറിയിച്ച് വിളിച്ചിട്ടുണ്ട്. നിരവധി സിനിമ ഗാനങ്ങൾക്കും ലളിതഗാനങ്ങൾക്കും നാടകഗാനങ്ങൾക്കും ഇടയ്ക്ക വായിച്ചിട്ടുള്ള ഇദ്ദേഹം മാപ്പിളപ്പാട്ടുകളിലും ഇടയ്ക്ക വായിച്ച കലാകാരനാണ്. രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാം തൃശൂർ സന്ദർശിച്ചപ്പോൾ നടന്ന ചടങ്ങിൽ കൃഷ്ണകുമാർ ഇടയ്ക്ക വായിച്ചത് കണ്ട് തെൻറ അടുത്തേക്ക് വിളിപ്പിച്ച് ഇടയ്ക്കയിൽ കൊട്ടിനോക്കിയത് വലിയ വാർത്തയായിരുന്നു. തൃശൂർ വരന്തരപ്പിള്ളി തൃക്കൂർ മoത്തിലെ അനന്തരാമെൻറയും പാർവതി അമ്മാളിെൻറയും മകനാണ്. പ്രശസ്ത മോഹിനിയാട്ടം നർത്തകി കലാമണ്ഡലം കവിതയാണ് ഭാര്യ. ഏക മകൾ പാർവതിയും കലാകാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.