അഗളി: തളരാനുള്ള മനസ്സില്ലെങ്കിൽ ഈ കുരുന്നുകളെ ആർക്കാണ് തളർത്താനാകുക. സാമ്പത്തിക ബാധ്യതയുടെ പേരിൽപലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഷോളയൂർ ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ സംസ്ഥാന കലോത്സവ വേദി വരെ എത്തി നിൽക്കുകയാണ്. ഇത്തവണ കലോത്സവത്തിൽ ഗോത്ര നൃത്തം ഉൾപ്പെടുത്തിയത് മുതൽ വല്ലാത്ത ആവേശത്തിലായിരുന്നു കുട്ടികൾ. വസ്ത്രത്തിനും യാത്രാചിലവിനുമൊക്കെയായി ചിലവാകുന്ന തുകയെക്കുറിച്ച് ആലോചിച്ചപ്പോൾ ഉപജില്ല മത്സരങ്ങളിൽ പോലും പങ്കെടുക്കേണ്ടതില്ല എന്ന് നിരാശയോടെ കുട്ടികൾ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രൈമറി വിഭാഗത്തിൽ പഠിപ്പിക്കുന്ന അധ്യാപക ദമ്പതിമാരായ വി.കെ. രങ്കസ്വാമിയും മല്ലികയും കുട്ടികൾക്ക് പൂർണ പിന്തുണയുമായി വന്നപ്പോൾ പിന്നീട് നടന്നത് ചരിത്രം!
ഹെഡ്മാസ്റ്റർ രവിചന്ദ്രനും മറ്റ് അധ്യാപകരും പിന്തുണയുമായി ഒപ്പംകൂടി. അധ്യാപകർ അവരുടെ ശമ്പളത്തിൽ നിന്നും ഒരുവിഹിതം കുട്ടികളുടെ സ്വപ്നങ്ങൾക്ക് വേണ്ടി മാറ്റി വെച്ചു. സഹായ മനസ്കർ കുറച്ച് തുക നൽകി സഹായിച്ചു. അങ്ങനെ അവർ മത്സരത്തിന് തയാറായി. കാണികളെ മുഴുവൻ അവരുടെ പ്രകടനം കൊണ്ട് കൈയിലെടുത്തപ്പോൾ ഉപജില്ല തലത്തിലും ജില്ല തലത്തിലും ഒന്നാം സ്ഥാനം അവർ നേടിയെടുത്ത് സംസ്ഥാന കലോത്സവ വേദിയിലേക്ക് യോഗ്യത നേടി.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കപ്പുറം സ്വപ്നങ്ങൾക്ക് ചിറക് വിരിക്കാൻ രങ്കസ്വാമി മാഷും മല്ലിക ടീച്ചറും കൂടെ തന്നെയുണ്ട്. ഗോത്ര നൃത്ത പരിശീലനം നൽകുന്നതും ഇരുള വിഭാഗത്തിൽപെട്ട ഇവർ തന്നെയാണ്. കല്യാണങ്ങൾ, കാർഷികോത്സവമായ കമ്പളം, ചീര്, മരണങ്ങൾ തുടങ്ങി ഇരുള ഗോത്ര വിഭാഗം സന്തോഷത്തിലും ദുഃഖത്തിലും ഇരുള നൃത്തമാടാറുണ്ട്.
നൂറ്റാണ്ടുകളുടെ പഴമയുള്ള ഗോത്ര കലാരൂപത്തെ തനിമചോരാതെ അവതരിപ്പിക്കുന്ന കുട്ടികൾ എ ഗ്രേഡ് പ്രതീക്ഷയിലാണ്. ജനുവരി ഏഴിന് ഹയർസെക്കൻഡറി വിഭാഗത്തിലും എട്ടിന് ഹൈസ്കൂൾ വിഭാഗത്തിലുമായി മത്സരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.