വടവന്നൂർ: നൂറ്റാണ്ട് കഴിഞ്ഞും മഴുവൻപാടത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് റെയിൽവേയുടെ കനിവുകാത്ത് 60ലധികം കുടുംബങ്ങൾ. വടവന്നൂർ പഞ്ചായത്തിൽ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനു പിറകുവശത്തുള്ള മഴുവൻപാടത്താണ് 60ലധികം കുടുംബങ്ങൾക്ക് റെയിൽവേയുടെ സഹകരണം ഇല്ലാത്തതിനാൽ കുടിവെള്ളം, റോഡ് എന്നിവ മുടങ്ങിയിട്ടുള്ളത്.
റെയിൽവേ സ്റ്റേഷന്റെ ഗുഡ്സ് ഷെഡ് റോഡായി ഉപയോഗിച്ചിരുന്ന വഴിയിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനോ റോഡ് ടാറിങ് നടത്താനോ റെയിൽവേ തയാറാവാത്തതാണ് പ്രതിസന്ധികൾക്ക് വഴിവെച്ചത്. കൊല്ലങ്കോട് -പാലക്കാട് റോഡിൽനിന്ന് 300 മീറ്ററോളം ദൈർഘ്യമുള്ള റോഡ് റെയിൽവേയുടെ അധീനതയിലുള്ള സ്ഥലമായതിനാൽ റോഡ് ടാറിങ്ങിനും കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാനും അനുവാദം ലഭിച്ചാൽ മാത്രമേ മഴുവൻപാടത്ത് കുടിവെള്ളം എത്തിക്കാനാകൂ എന്ന് നാട്ടുകാർ പറയുന്നു.
2019 ആഗസ്റ്റിൽ വടവന്നൂർ പഞ്ചായത്ത് സെക്രട്ടറി നൽകിയ അപേക്ഷയിലെ സ്കെച്ച് പ്ലാൻ റെയിൽവേ തള്ളുകയും റെയിൽവേയുടെ സ്ഥലത്തിന്റെ മധ്യഭാഗത്ത് റോഡ് അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.
അതിർത്തിയിൽ റോഡ് സ്ഥാപിക്കാൻ പുതിയ സ്കെച്ചും അപേക്ഷയും നൽകണമെന്ന് പാലക്കാട് ഡിവിഷൻ മരാമത്ത് വിഭാഗം മാനേജർ പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചു. നിർദിഷ്ട സ്ഥലത്തിന് സമീപം റെയിൽവേയുടെ അതിർത്തിയിൽ റോഡിന്റെ പരമാവധി വീതി മൂന്ന് മീറ്റർ വരെ പ്രവേശനം അനുവദനീയമാണ് എന്നും റോഡിനുള്ള സ്ഥലത്തിന് മാർക്കറ്റ് മൂല്യത്തിന്റെ ആറ് ശതമാനം നിരക്കിൽ 10 വർഷത്തെ മുൻകൂർ തുക വാർഷികം നൽകണം എന്നും റെയിൽവേ അറിയിച്ചിരുന്നു.
ഇതനുസരിച്ചുള്ള അപേക്ഷ വീണ്ടും റെയിൽവേക്ക് പഞ്ചായത്ത് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റെയിൽവേയുടെ അനുവാദം ലഭിച്ചാൽ മാത്രമേ കുടിവെള്ള പദ്ധതിയുടെ പൈപ്പും വൈദ്യുതി പോസ്റ്റും തെരുവുവിളക്കും റോഡിൽ സ്ഥാപിക്കാനാവൂ. നിലവിൽ മഴുവൻപാടത്തിനു പിറകുവശത്തിലൂടെ നെൽപാടങ്ങളിലൂടെയാണ് വീടുകൾക്ക് വൈദ്യുതിയെത്തുന്നത്.
അഞ്ച് പതിറ്റാണ്ടുകൾക്കു മുമ്പ് റെയിൽവേ നടത്തിയ മെറ്റലിങ് മാത്രമായ റോഡ് നിലവിൽ തകർന്ന അവസ്ഥയാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യ വളർന്ന കാലത്ത് എല്ലാ പ്രദേശങ്ങളിലേക്കും വികസനങ്ങൾ എത്തുമ്പോൾ റോഡ്, വെള്ളം, വെളിച്ചം എന്നിവയെത്തിക്കാൻ റെയിൽവേ തയാറാവണമെന്നും ഇതിനായി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും എം.എൽ.എ, എം.പി എന്നിവരും ഇടപെടണമെന്നുമാണ് മഴുവൻപാടം വാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.