കേരളശ്ശേരി: സ്ഫോടനത്തിൽ വീട് തകർന്ന് ഒരാൾ മരിച്ചതിന്റെ ഞെട്ടലിൽനിന്ന് നാടും നാട്ടുകാരും ഇനിയും മുക്തരായിട്ടില്ല. ജനസാന്ദ്രത കൂടിയ ഉൾനാടൻ ഗ്രാമമാണ് കോങ്ങാട് നിയോജക മണ്ഡലത്തിലെ കേരളശേരി യക്കിക്കാവ്. നാട്ടിൻ പുറം ആയതുകൊണ്ടുതന്നെ പരിസരവാസികളെല്ലാം പരസ്പരം ആത്മബന്ധമുള്ളവരാണ്.
ഇവിടെ പടക്കം നിർമിക്കുന്നതായോ സൂക്ഷിക്കുന്നതായോ വിവരം അറിഞ്ഞിരുന്നില്ലെന്ന് അയൽവാസികൾ പറയുന്നു. തിങ്കളാഴ്ച രാവിലെ 10ഓടെ അബ്ദുറസാഖിന്റെ വീട്ടിൽനിന്ന് സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചെന്നാണ് ആദ്യം കരുതിയത്. സ്ഫോടനത്തിൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ അയൽവീടുകളിലേക്കുവരെ തെറിച്ചിരുന്നു.
സ്ഫോടന വാർത്ത പരന്നതോടെ അധികൃതരും നാട്ടുകാരുമടക്കം തടിച്ചുകൂടിയിരുന്നു. സംഭവമറിഞ്ഞവരുടെ ഒഴുക്കായിരുന്നു യക്കിക്കാവിലേക്ക്. ജനക്കൂട്ടത്തെ അകറ്റാൻ പൊലീസിന് നന്നേ പാടുപെടേണ്ടി വന്നു.
ശാസ്ത്രീയ പരിശോധനക്കും തെളിവെടുപ്പിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. കെ. ശാന്തകുമാരി എം.എൽ.എ, കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ, വൈസ് പ്രസിഡന്റ് കെ.എ. ഫെബിൻ കുമാർ, കെ. ശാന്തകുമാരി എന്നിവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.