തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറെ സന്ദർശിക്കാൻ സിവിൽ സ്റ്റേഷനിലെത്തിയ ആദിവാസി സംരക്ഷണസംഘം ഭാരവാഹികൾ
കൊല്ലങ്കോട്: ഉദ്യോഗസ്ഥ അനാസ്ഥയെ തുടർന്ന് മുതലമട പഞ്ചായത്തിലെ അമ്പതോളം ആദിവാസി കുടുംബങ്ങൾക്ക് ഭവന പദ്ധതിക്കുള്ള ധനസഹായം നഷ്ടമായതായി പരാതി. ഇതിൽ പ്രതിഷേധിച്ച് ആദിവാസി സംരക്ഷണ സംഘാംഗങ്ങൾ ഉൾപ്പെടെ 17 അംഗങ്ങൾ പാലക്കാട് തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ ഓഫീസിലെത്തി.
ലൈഫ് ഭവനപദ്ധതിക്ക് കീഴിൽ ഒരു കുടുംബത്തിന് ആറു ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. ഉദ്യോഗസ്ഥരുടെ മെല്ലെ പോക്ക് മൂലമാണ് തുക നഷ്ടമായതെന്ന് ആദിവാസികൾ ആരോപിച്ചു. തദ്ദേശ ഡെപ്യൂട്ടി ഡയറക്ടർ ഉഷയുമായി ഇവർ ചർച്ച നടത്തിയെങ്കിലും വിഷയത്തിൽ തീരുമാനമായില്ല.
മാർച്ച് 26നായിരുന്നു ഭവന പദ്ധതി ആനുകൂല്ല്യത്തിനുള്ള രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി. സാധാരണഗതിയിൽ മാർച്ച് പകുതിയോടെ ഇത് സംബന്ധിച്ച നിർവഹണ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ പൂർത്തിയാക്കി പഞ്ചായത്തിലെ വി.ഇ.ഒയുടെ അന്തിമാംഗീകാരത്തിന് സമർപ്പിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ ഉദ്യോഗസ്ഥർ അവസാനതീയതിയോട് അടുത്താണ് രേഖകൾ വി.ഇ.ഒയുടെ അന്തിമാംഗീകാരത്തിന് സമർപ്പിച്ചത്.
എന്നാൽ ഈ സമയം അസുഖ ത്തെ തുടർന്ന് വി.ഇ.ഒ അവധിയിൽ പോയതാണ് വിനയായതെന്ന് ആദിവാസികൾ പറഞ്ഞു. അർഹരായ എല്ലാവർക്കും തുക ലഭ്യമാക്കേണ്ട സാഹ ചര്യമാണ് ഉദ്യോഗസ്ഥരുടെ മെല്ലെ പോക്ക് മൂലം ഇല്ലാതായത്. ലൈഫിൽ വീട് ലഭിക്കുമെന്ന് വിശ്വസിച്ച് ഓലപ്പുരകളും വീഴാറായ കുടിലുകളും പൊളിച്ച് തറ നിർമിക്കാൻ കാത്തിരിക്കുന്ന നിരവധി കുടുംബങ്ങൾക്കാണ് ഇത് തിരിച്ചടിയായത്.
താമസിക്കുന്ന വീട് പൊളിച്ച് ഷീറ്റുകൊണ്ടുള്ള കുടിലിൽ താമസിക്കുന്ന നീളപ്പാറയിലെ ആദിവാസി കുടുംബം
സാങ്കേതികപരമായി ചെയ്യേണ്ട ജോലികൾ ഒരാഴ്ച മുമ്പെങ്കിലും തീർത്തിരുന്നെങ്കിൽ ഈ സാഹചര്യമുണ്ടാകുമായിരുന്നില്ലെന്ന് ആദിവാസി സംരക്ഷണ സംഘം നേതാവ് നീളിപ്പാറ മാരിയപ്പൻ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിലെ നിലവിലെ പട്ടികയിലുള്ളവരെ ആദ്യമായി പരിഗണിക്കുമെന്നാണ് ജോയന്റ് ഡയറക്ടർ അറിയിച്ചതെന്നും മാരിയപ്പൻ കൂട്ടിച്ചേർത്തു. ഫണ്ട് നഷ്ടപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ആദിവാസി സംരക്ഷണ സംഘം ഭാരവാഹികൾ പറഞ്ഞു.
ആദിവാസികൾക്ക് കൂടാതെ പട്ടികജാതി, ജനറൽ വിഭാഗങ്ങൾക്കും ഭവന പദ്ധതി പൂർണമായും ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൽപ്പന ദേവി പറഞ്ഞു. രണ്ടാഴ്ചക്ക് മുമ്പേ ഭവന പദ്ധതികളുടെ രേഖകൾ പൂർത്തീകരിക്കേണ്ടതിൽ വലിയ വീഴ്ചയുണ്ടായി. അവസാന ദിവസം വി.ഇ.ഒയുടെ ഭാഗത്ത് നിന്നും സാവകാശ നടപടികളുണ്ടായി.
വീടിനായി കാത്തിരുന്ന നൂറിലധികം പാവങ്ങളായ കുടുംബങ്ങൾക്കാണ് ഇത് പ്രയാസമുണ്ടാക്കിയതെന്ന് കൽപന ദേവി പറഞ്ഞു. വി.ഇ.ഒ രോഗബാധിതനായതിനാലാണ് അവധി യിൽ പോയതെന്ന് മുതല മട പഞ്ചായത്ത് സെക്രട്ടറിയും പറ ഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.