പാലക്കാട്: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നാഷനൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്) പ്രകാരം കോർപറേഷൻ നൽകേണ്ട തുക കൃത്യമായി അടക്കുന്നില്ലെന്ന് മാത്രമല്ല, തൊഴിലാളി വിഹിതവും കൃത്യമായി അടക്കുന്നില്ലെന്ന് സർക്കാർ രേഖ. കെ.എസ്.ആർ.ടി.സിയിൽ 2016 മേയ് മുതൽ 2024 ഡിസംബർ വരെ എൻ.പി.എസ് ഇനത്തിൽ ശമ്പളത്തിൽനിന്ന് പ്രതിമാസം എത്ര രൂപ പിടിച്ചെന്നും ആ കാലയളവിൽ പ്രതിമാസം എൻ.പി.എസ് ഫണ്ടിലേക്ക് കെ.എസ്.ആർ.ടി.സി എത്ര രൂപ അടച്ചെന്നുമുള്ള എം. വിൻസെന്റ് എം.എൽ.എയുടെ ചോദ്യത്തിന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
2016 മേയ് മുതൽ ഡിസംബർ വരെ 12 കോടിയോളം രൂപ തൊഴിലാളി വിഹിതമായി പിടിച്ചെടുത്തപ്പോൾ 3.66 കോടി മാത്രമാണ് കോർപറേഷൻ എൻ.പി.എസിൽ അടച്ചത്. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്ക് പരിശോധിച്ചാൽ തൊഴിലാളി വിഹിതമായി പിടിച്ചെടുത്ത 34 കോടിയോളം രൂപയിൽനിന്ന് 2.31 കോടി മാത്രമാണ് പെൻഷൻ വിഹിതമായി അടച്ചത്.
2016ൽ തൊഴിലാളി വിഹിതത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും കെ.എസ്.ആർ.ടി.സി തിരിമറി ചെയ്തെങ്കിൽ 2024ൽ അടച്ചതിന്റെ 12 ഇരട്ടിയോളം വകമാറ്റി എന്നർഥം. സ്വന്തം വിഹിതം അടക്കുന്നില്ലെന്ന് മാത്രമല്ല തൊഴിലാളി വിഹിതത്തിൽ കൂടി കൈയിട്ട് വാരുകയാണ് കോർപറേഷൻ. പിടിച്ച ഈ തുക എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നെന്നും കൃത്യമായി പറയുന്നില്ല.
2016ൽ എട്ട് മാസം കൊണ്ടുപിടിച്ച തുകയുടെ മൂന്നിലൊരു ഭാഗം രണ്ട് ഗഡുവായി തിരിച്ചടച്ചെങ്കിൽ 2024 ജനുവരി മുതൽ ഡിസംബർ വരെ 34 കോടിയിൽ 2.31 കോടി മാത്രമാണ് 11 മാസ ഗഡുക്കളായി തിരിച്ചടച്ചത്. തൊഴിലാളികൾ ഹൈകോടതിയിൽ നൽകിയ കേസിൽനിന്ന് രക്ഷ നേടാൻ എല്ലാ മാസവും ചെറിയ തുക മാത്രം എൻ.പി.എസിൽ അടച്ച് തടിതപ്പുകയാണ് കോർപറേഷൻ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.