കൊല്ലങ്കോട്: ജില്ലയിൽ അതിഥി തൊഴിലാളികളുടെ എണ്ണത്തിൽ കൃത്യയില്ലാതെ തൊഴിൽ വകുപ്പ്. പാടത്ത് ഞാറ് നടുന്നതും വ്യാവാസശാലകളിലും ചായക്കടകളിലും തുടങ്ങി എല്ലാ തൊഴിലിടങ്ങളിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം ഉണ്ടായിട്ടും അവയുടെ കൃത്യതയില്ലാതെ തൊഴിൽ വകുപ്പ്. കോവിഡ് സമയത്ത് ശേഖരിച്ച കണക്കുമാത്രമാണ് ജില്ല തൊഴിൽ വകുപ്പിന്റെ പക്കിലുള്ളത്. ഇതുപ്രകാരം 11,000 ഓളം പേരുണ്ടെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തേക്ക് ഏറ്റവും അധികം അതിഥി തൊഴിലാളികൾ എത്തുന്നത് ജില്ലയിലൂടെയാണെന്ന് തൊഴിൽ വകുപ്പും സമ്മതിക്കുന്നു.
സംസ്ഥാനത്തെ രണ്ടാമത്തെ വ്യാവാസയിക മേഖലയായ കഞ്ചിക്കോടും ഇതരസംസ്ഥാന തൊഴിലാളികൾ യഥേഷ്ടമുണ്ട്. ഇവിടെത്തെ ഫാക്ടറികളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് താമസിക്കുന്നതിന് അപ്പാർട്ട്മന്റ് അടക്കം നിർമിച്ചിട്ടുണ്ട്. അതിഥിതൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനടക്കം സർക്കാർ ശ്രമിക്കുമ്പോഴും ഇവരുടെ എണ്ണത്തിൽ ഇരുട്ടിൽ തപ്പുകയാണ് അധികൃതർ.
പാലക്കാട് പൊലീസിന്റെ കണക്കിൽ കോവിഡ് കാലത്ത് 5000 ഇതര സംസ്ഥാന തൊഴിലാളികളെ അവരവരുടെ നാടുകളി ലേക്ക് കയറ്റി വിട്ട കണക്കു മാത്രമാണുള്ളത്.
സംസ്ഥാനത്ത് ഓരോ കുറ്റകൃത്യം നടക്കുമ്പോഴും പൊലീസിനെ ഉപയോഗിച്ച് കണക്കെടുപ്പ് നടക്കുന്നതൊഴിച്ചാൽ മറ്റൊന്നും നടക്കാറില്ല. നിലവിലെ വിവരശേഖരണം നടക്കാത്തത് കുറ്റകൃത്യങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ ഇതര സംസ്ഥാന കുറ്റവാളികളെ പിടികൂടാൻ സാധിക്കാത്ത അവസ്ഥയിലെത്തിച്ചു. കോവിഡ് കാലത്ത് നാട്ടിലേക്ക് പോയവരിൽ എത്രപേർ തിരിച്ചെത്തിയെനും പുതുതായി എത്ര തൊഴിലാളികളെത്തി എന്നുള്ള കണക്ക് അധികൃതരുടെ പക്കലില്ലാത്തത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.
ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നാട്ടിൽ എത്തിയാൽ ജില്ല തൊഴിൽ വകുപ്പിനോ ലോക്കൽ പൊലീസ് സ്റ്റേഷനിലോ വിശദമായ വിവരങ്ങളും തിരിച്ചറിയൽ രേഖകളും കരാറുകാരും തൊഴിലുടമകളും നൽകണമെന്ന നിയമം ഉണ്ടെങ്കിലും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ച വകുപ്പു ഉദ്യോഗസ്ഥർ തുടരുകയാണ്. ഏജൻറുമാരുടെ നിസ്സഹകരണമെന്ന പേരിലാണ് തൊഴിൽ, പൊലീസ് ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊടുംകുറ്റവാളികൾ വ്യാജ തിരിച്ചറിയൽ കാർഡുമായി തൊഴിലാളികളെന്ന വ്യാജേന സംസ്ഥാനത്ത് എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് തൊഴിൽവകുപ്പു മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാൻ പോലും പൊലീസും ശ്രമിക്കാറില്ല. സ്വന്തം ഫോട്ടോയും മറ്റാരുടെയെങ്കിലും പേരും വിലാസവും ചേർക്കുന്ന വ്യാജ തിരിച്ചറിയൽ കാർഡുകളാണ് പലരുടെയും കൈവശമുള്ളത്. ഇവരുടെ മൊബൈൽ ഫോണിലെ സിം കാർഡുകളിൽ പലതും മലയാളികളുടേതോ നാട്ടിൽനിന്ന് അപഹരിച്ചതോ ആയിരിക്കും. കൊലപാതകമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ മാത്രമാണ് ഇതരസംസ്ഥാന തൊഴിലാളിയെക്കുറിച്ച് അന്വേഷണം നടത്തുക. പശ്ചിമബംഗാൾ, തെലുങ്കാന, ആന്ധ്ര, തമിഴ്നാട്, കർണാടക, ഒഡീഷ, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ്, അസാം എന്നീ ജില്ലകളിൽനിന്ന് സംസ്ഥാനത്തെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും പൊലീസ് സ്റ്റേഷനുകളിൽ വിവരങ്ങൾ നൽകാറില്ല. ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ അപകടങ്ങളിൽ മാരക പരുക്കുകളോ മരണങ്ങളോ സംഭവിച്ചാൽ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന പ്രവണതയും ഉണ്ട്. അപകടങ്ങളിൽ മരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇഷ്യൂറൻസ് പരിരക്ഷയോ നഷ്ട പരിഹാര തുകയോ നൽകാതെ മൃതദേഹം നാട്ടിലെത്തിക്കാൻ സ്വകാര്യ ഏജൻസികൾ തയ്യാറാകുമ്പോൾ തൊഴിൽ വകുപ്പും, പൊലീസും മൗനം പാലിക്കുന്നത് തുടരുകയാണ്.
നിലവിൽ ഞാറ് നടീലിനും മറ്റു കൃഷി പണികൾക്കും മാത്രമായി ആലത്തൂർ, ചിറ്റൂർ മേഖലയിൽ 1200 ൽ അധികം പശ്ചിമബംഗാൾ, ബിഹാർ എന്നിവിടങ്ങളിലെ തൊഴിലാളികൾ എത്തിയിട്ടുണ്ട്.
ഇവരിൽ എത്ര പേർ തിരിച്ചു പോകുമെന്നോ തുടരുമെന്നോ തൊഴിൽ, പൊലീസ് വകുപ്പുകൾക്ക് അറിയാത്ത അവസ്ഥയുണ്ട്. അതിഥി, രേഖ എന്നീ ആപ്പുകൾ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പിന് ഇറക്കിയെങ്കിലും അതിന്റെ പ്രവർത്തനം കടലാസിലാണ്.
ആവാസ് ഇൻ ന്യൂറൻസ് പദ്ധതി ഇതര സംസ്ഥാന തൊഴിലാളികൾക്ക് നിലവിൽ നടപ്പിലാക്കുന്നത് തകരാറിലായതിനാൽ അതിന്റെ കണക്കെടുപ്പിലും അനിശ്ചിതത്വം തുടരുന്നു.
കോവിഡ് കാലത്ത് ഇത്തരം തൊഴിലാളികളുടെ വിവരശേഖരണത്തിന് വിവിധ വകുപ്പുകൾ ഒരുമിച്ചതു പോലെ സംയുക്ത സർവേ നടത്തിയാൽ ജില്ലയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ കൃത്യതയോടെ എടുക്കാനാകുമെന്ന് തൊഴിൽ വകുപ്പ് അധികൃതർ പ്രത്യാശിക്കുന്നു.
റെയിൽവേ സ്റ്റേഷൻ, ബസ്റ്റാന്റ്, സംസ്ഥാന അതിർത്തി എന്നിവിടങ്ങളിൽ മോട്ടോർ വാഹനം, തദ്ദേശം, തൊഴിൽ, പൊലീസ് വകുപ്പുകളുടെ റജിസ്റ്റർ കൗണ്ടർ സ്ഥാപിച്ച വിവരശേഖരണവും അഥിതി തൊഴിൽ കാർഡ് വിതരണവും നടത്തിയാൽ ഒരു പരിധി വരെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ക്രോഡീകരിക്കാനാകുമെന്ന നിർദേശമാണ് പൊലീസും നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.