പാലക്കാട്: കുറച്ചുദിവസത്തെ ഇടവേളക്കുശേഷം ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. ഇടവിട്ടുള്ള ശക്തിയേറിയ മഴയായതിനാൽ നഗരാനുബന്ധപ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. കാലാവസ്ഥ പ്രവചനപ്രകാരം തെക്കൻ മേഖലയിലാണ് ശക്തമായ മഴ ലഭിക്കുക. തൃശൂർ വരെയുള്ള ജില്ലകളിൽ റെഡും ഓറഞ്ചും അലർട്ടാണ് നിലവിലുള്ളത്. പാലക്കാട് നിലവിൽ മഞ്ഞ അലർട്ടേ ഉള്ളൂ. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് മഴ അധികമായി ലഭിച്ചിട്ടുള്ളത്.
തൃത്താലയിൽ 56.2ഉം പട്ടാമ്പിയിൽ 46.7ഉം ഒറ്റപ്പാലത്ത് 49.2 എം.എമ്മുമാണ് മഴ ലഭിച്ചത്. കിഴക്കൻ മേഖലയിൽ ചിറ്റൂരാണ് (51 എം.എം.) വെള്ളിയാഴ്ച കൂടുതൽ മഴ ലഭിച്ചത്. ഡാമുകളെ പരിശോധിക്കുകയാണെങ്കിൽ മീങ്കര, ചുള്ളിയാർ ഡാമുകളിൽ ഓറഞ്ച് അലർട്ടാണ് ഉള്ളത്. 156.36 മീറ്റർ സംഭരണശേഷിയുള്ള മീങ്കരയിൽ 155.76ഉം 154.08മീറ്റർ സംഭരണശേഷിയുള്ള ചുള്ളിയാറിൽ 153.12മീറ്ററും ജലനിരപ്പായി. ശിരുവാണി, കാഞ്ഞിരപ്പുഴ, മൂലത്തറ ഡാമുകളിൽ നിലവിൽ മഞ്ഞ അലർട്ടാണ് ഉള്ളത്.
ശിരുവാണിയിൽ 876.62 മീറ്ററും കാഞ്ഞിരപ്പുഴയിൽ 95.43മീറ്ററും മൂലത്തറയിൽ 183മീറ്ററും ആണ് നിലവിലെ ജലനിരപ്പ്. വാളയാർ, മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളിൽ നിലവിൽ നീല മുന്നറിയിപ്പാണ്.
ജില്ലയിൽ പരക്കെ മഴ ലഭിച്ചതിനാൽ കർഷകരുടെ ആവശ്യപ്രകാരം തുറന്ന മലമ്പുഴ ഇടതുകര കനാൽ വെള്ളിയാഴ്ച രാവിലെ അടച്ചു. എങ്കിലും മലമ്പുഴ അണക്കെട്ടിന്റെ ജലനിരപ്പ് റൂൾ കർവിനോട് അടുത്തുകൊണ്ടിരിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ മിതമായ തോതിൽ ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ തുറക്കേണ്ടിവരുമെന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് ചിറ്റൂര്‍ ഡിവിഷനു കീഴിലെ ചുള്ളിയാര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 153.12 മീറ്ററായി രണ്ടാം പ്രളയ മുന്നറിയിപ്പ് നിലയിലെത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.154.08 മീറ്ററാണ് ഡാമിന്റെ പൂര്‍ണസംഭരണ ശേഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.