മണ്ണാര്‍ക്കാട്: വിനോദസഞ്ചാര യാത്രകളില്‍ പുതിയവിപ്ലവം സൃഷ്ടിച്ച കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര പദ്ധതി മണ്ണാര്‍ക്കാട് ഡിപ്പോയിലും തുടങ്ങുന്നു. ജില്ലയിലെ എല്ലാ കെ.എസ്.ആര്.ടി.സി ഡിപ്പോകളിലും ബജറ്റ് ടൂറിസം സെൽ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായാണിത്. ഡിസംബറിലെ ശനി, ഞായര്‍ ദിവസങ്ങളില്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്.ടി.സിയില്‍ യാത്രപോകാന്‍ മണ്ണാര്‍ക്കാട്ടുകാര്‍ക്ക് തയാറെടുക്കാം. നെല്ലിയാമ്പതിയും ആലപ്പുഴയും മലക്കപ്പാറയും മറയൂരുമെല്ലാം ചുരുങ്ങിയ യാത്രാചെലവില്‍ കണ്ടുവരാം. കാടും മലയും പുഴകളും കായലുമെല്ലാം സമ്മാനിക്കുന്ന കാഴ്ചകളുടെ വൈവിധ്യം യാത്രയില്‍ ആസ്വദിക്കാം. ആദ്യഘട്ടത്തില്‍ അഞ്ച് ദിവസങ്ങളിലായി ഒന്ന്, രണ്ട് ദിവസങ്ങളിലൊതുങ്ങുന്ന യാത്രയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ടൂര്‍ ഡയറി പുറത്തിറക്കിയിട്ടുണ്ട്.
ഡിസംബര്‍ ഒന്ന്, എട്ട്, 14, 22, 28 തുടങ്ങിയ ദിവസങ്ങളിലാണ് യാത്രകളുണ്ടാവുക. ഒന്നിനും എട്ടിനും നെല്ലിയാമ്പതിയിലേക്കാണ് യാത്ര. രാവിലെ ആറിന് ഡിപ്പോയില്‍നിന്ന് പുറപ്പെടും. സീതാര്‍കുണ്ട്, കേശവന്‍പാറ, വരട്ടുമല, പോത്തുണ്ടി ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി എട്ടോടെ മണ്ണാര്‍ക്കാടെത്തും. ഒരാള്‍ക്ക് 590 രൂപയാണ് നിരക്ക്. 14നാണ് ആലപ്പുഴ യാത്ര. വേഗ ഹൗസ് ബോട്ട് സവാരി അടക്കം ആസ്വദിക്കാം. 1040 രൂപയാണ് ഒരാള്‍ക്ക് ചെലവ് വരുന്നത്. പുലര്‍ച്ചെ നാലിന് ഡിപ്പോയില്‍നിന്ന് പുറപ്പെടും. രാത്രി 10ഓടെ മടങ്ങിയെത്തും.
22ന് മലപ്പക്കാറയിലേക്ക് പോകുന്നത്. ഒരാള്‍ക്ക് 970 രൂപയാണ് ചാര്‍ജ്. പുലര്‍ച്ചെ അഞ്ചിന് ഡിപ്പോയില്‍ നിന്നും പുറപ്പെടും. രാത്രി 10ഓടെ തിരിച്ചെത്തും. മറയൂരിലേക്ക് രണ്ടുദിവസത്തെ ട്രിപ്പാണ് ക്രമീകരിച്ചിരിക്കുന്നത്. 28ന് രാത്രി 10മണിക്ക് പുറപ്പെട്ട് 29ന് രാത്രി മടങ്ങിയെത്തും. ഒരാള്‍ക്ക് 1880 രൂപയാണ് ചാര്‍ജ്. ബസ് ചാര്‍ജിന് പുറമെ ജീപ്പ് സഫാരിയും ഉച്ചഭക്ഷണവും ഉള്‍പ്പെടുമെന്ന് ടൂറിസം സെല്‍ അധികൃതര്‍ അറിയിച്ചു. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല.
40 സീറ്റുള്ള ഓര്‍ഡിനറിയും 50 സീറ്റുകളുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് യാത്രക്കായി ഉപയോഗിക്കുക. അതേസമയം ബസുകളുടെ കുറവുനേരിടുന്ന പ്രതിസന്ധി കൂടി തരണം ചെയ്യേണ്ടതുണ്ടെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നു.
ഞായറാഴ്ച റദ്ദാക്കപ്പെടുന്ന ജെല്ലിപ്പാറ-മൂലഗംഗലിലേക്കുള്ള ഓര്‍ഡിനറി സര്‍വിസാണ് നെല്ലിയാമ്പതി യാത്രക്കായി ഉപയോഗിക്കുക. മറ്റുഡിപ്പോകളില്‍ നിന്നും ഫാസ്റ്റ് പാസഞ്ചര്‍ ബസ് ലഭ്യമായില്ലെങ്കില്‍ ഞായറാഴ്ചകളില്‍ ഡിപ്പോയിലെ വരുമാനം കുറഞ്ഞ മറ്റു ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസ് റദ്ദാക്കിയാകും ദീര്‍ഘദൂര വിനോദയാത്ര നടത്തുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ശിരുവാണി, ഊട്ടി അടക്കം കൂടുതല്‍ ടൂര്‍പാക്കേജുകള്‍ വൈകാതെ ആരംഭിക്കാനും പദ്ധതിയുണ്ട്. അന്വേഷണങ്ങള്‍ക്ക്: 94463 53081, 80753 47381, 04924 225150.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.