മണ്ണാര്‍ക്കാട്: തെളിവുകളുടെയെല്ലാം കണ്ണികള്‍ വിടവില്ലാതെ കോർത്തിണക്കിയതിലൂടെയാണ് മണ്ണാർക്കാട് നബീസ വധക്കേസ് തെളിയിക്കാനായതെന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. ജയന് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. ശാസ്ത്രീയ അന്വേഷണത്തിന്റെ ബലത്തിലാണ് കേസ് വിജയിച്ചത്. കോടതി വിധിയില്‍ പൂര്‍ണതൃപ്തനാണെന്നും അഡ്വ. ജയൻ പറഞ്ഞു. പ്രതികള്‍ മൃഗീയമായാണ് വിഷം നബീസയെക്കൊണ്ട് കുടിപ്പിച്ചതെന്ന് തെളിയിക്കാനായി. സ്വയം വിഷം കുടിച്ചാൽ നേരിട്ട് വയറ്റിലേക്കാണെത്തുക.
നബീസയുടെ അന്നനാളത്തിലും ശ്വാസകോശത്തിന്റെ ഭാഗങ്ങളിലും വിഷം എത്തിയതിനാല്‍ ബലംപ്രയോഗിച്ച് കുടിപ്പിച്ചതാണെന്നും കോടതിക്ക് മനസ്സിലാക്കാനായി. നബീസയുടെ കിടപ്പുമുറിയിലെ ബെഡ്ഷീറ്റ്, തലയണ, തലയണ കവര്‍ എന്നിവയെല്ലാം ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കി. ഇതിലുണ്ടായിരുന്നതും ശരീരത്തിലുണ്ടായിരുന്നതും ഒരേ വിഷമാണെന്നും ഇതിലൂടെ തെളിയിക്കാനായി.
റമദാനിലാണ് സംഭവം നടന്നത്. നോമ്പുതുറക്കുള്ള സാധനങ്ങളുമായി ചിറക്കല്പടിയില്നിന്നു മടങ്ങുമ്പോള്‍ മണ്ണാര്‍ക്കാട്ടുനിന്നാണ് നബീസയെ ബഷീര്‍ വീട്ടിലേക്ക് കൊണ്ടുവന്നത്. വാങ്ങിയ സാധനങ്ങള്‍ കടക്കാര് ഉൾപ്പെടെയുള്ളവര്‍ക്ക് തിരിച്ചറിയാനായി. രണ്ടാം പ്രതി ഫസീലക്ക് നബീസയുമായി പ്രശ്നങ്ങളുണ്ടായിരുന്നു. മറ്റൊരു വീട്ടിലെ വിവാഹച്ചടങ്ങില്‍ കാണാതായ സ്വര്‍ണം ഫസീലയില്നിന്നു കണ്ടെത്തിയതായി ഒരു സാക്ഷി മൊഴി നല്‍കിയിരുന്നു. ഇത് നബീസ പറഞ്ഞുനടക്കുമെന്ന പേടിയാണ് കൊലപാതകത്തിലെ പ്രേരണ. ബഷീറിന്റെ പിതാവിനെ വിഷം നൽകി കൊല്ലാൻ ഫസീല നടത്തിയ ശ്രമത്തിനുശേഷം പ്രതികളെ വീട്ടിൽ കയറ്റുന്നതിന് നബീസ എതിരുനിന്നതും നബീസയോട് വിരോധമുണ്ടാക്കി. മകളുടെ മകനായ ഒന്നാം പ്രതി ബഷീറിനെ ചെറുപ്പം മുതൽ നോക്കിവളർത്തിയ മുത്തശ്ശി നബീസയെയാണ് ക്രൂരമായി കൊന്നത്. നബീസയുടെ മൃതദേഹത്തിനു സമീപം കിട്ടിയ ആത്മഹത്യക്കുറിപ്പ് ഫോറന്‍സിക് വിദഗ്ധനെക്കൊണ്ട് പരിശോധിച്ചപ്പോള്‍ പ്രതികളാണ് കുറിപ്പ് തയാറാക്കിയതെന്നും തെളിയിക്കാനായതായി അഡ്വ. പി. ജയന് പറഞ്ഞു.
വിധിയില്‍ സന്തോഷമെന്ന് കുടുംബം
മണ്ണാര്‍ക്കാട്: നബീസ കൊലക്കേസിലെ കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. ഒമ്പതു വര്‍ഷമാണ് നിയമപോരാട്ടം നടത്തിയത്. അഭിഭാഷകനും സഹായികളും ഏറെ പ്രയത്നിച്ചു. കുടുംബത്തിന് പ്രതികളിൽനിന്നു ഭീഷണിയുണ്ടെന്നും ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. എല്ലാം തുടങ്ങിവെച്ചിട്ടേയുള്ളൂവെന്നാണ് പ്രതികള്‍ പറഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രതി ബഷീറിന്റെ സഹോദരി ബുഷറ, പിതാവ് മുഹമ്മദ്, മറ്റു ബന്ധുക്കൾ എന്നിവരുൾപ്പെടെ വിധി കേൾക്കാനെത്തിയിരുന്നു. വിധി കേട്ടപ്പോൾ ഏറെ ആശ്വാസത്തോടെയാണ് ഇവർ കോടതിയിൽനിന്നു പോയത്.
കോടതിയിൽ യാചനയുമായി പ്രതികൾ
മണ്ണാർക്കാട്: കോടതിയിൽ യാചനയുമായി നബീസ വധക്കേസ് പ്രതികൾ. ദയ അർഹിക്കാത്ത അപൂർവമായ കേസിൽ വധശിക്ഷ ഒഴിവാക്കാൻ എന്തെങ്കിലും കാരണങ്ങൾ ബോധിപ്പിക്കാനുണ്ടോയെന്ന ചോദ്യത്തിൽ തങ്ങൾക്ക് 12 വയസ്സുള്ള മകനുണ്ടെന്നും സാമ്പത്തികസ്ഥിതി മോശമാണെന്നും മകൻ സ്കൂളിൽ റാങ്ക് ഹോൾഡർ ആണെന്നും കുഞ്ഞ് അനാഥമാകുമെന്നും ഫസീല കോടതിയിൽ കണ്ണീരണിഞ്ഞു പറഞ്ഞു. തനിക്കെതിരായ മറ്റു കേസുകൾ കെട്ടിച്ചമച്ചതാണെന്നും ഫസീല പറഞ്ഞു. മറ്റു കേസുകളുടെ കാര്യം ഇപ്പോൾ പരിഗണിക്കേണ്ടതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരെ വേറെ കേസുകൾ ഇല്ലെന്ന് ബഷീർ കോടതിയിൽ പറഞ്ഞു. കുറഞ്ഞ ശിക്ഷ നൽകണമെനും ഇവർ ആവശ്യപ്പെട്ടു. ദയയും ദീനാനുകമ്പയും കാണിക്കേണ്ട റമദാൻ മാസത്തിൽ സ്വന്തം മുത്തശ്ശിയെ ക്രൂരമായി വിഷം കൊടുത്ത് കൊന്ന പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതികളുടെ പ്രായവും മകന്റെ ഭാവിയും കരുതി പരമാവധി ശിക്ഷ ഇളവ് നൽകണമെന്നും സ്വയം തിരുത്താൻ അവസരം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, കുറ്റബോധത്തിന്റെ ഒരു ലാഞ്ഛനയും പ്രതികളുടെ ഭാഗത്തുനിന്നും കണ്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധി പറയുന്നത് മൂന്നു മണിയിലേക്കു മാറ്റിയ കോടതി പിന്നീട് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിക്കുകയായിരുന്നു.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കാനുള്ള പരിമിതിയും കുറ്റകൃത്യം നടക്കുമ്പോഴുള്ള പ്രതികളുടെ പ്രായവും കുഞ്ഞിന്റെ ഭാവിയും പരിഗണിച്ചാണ് ശിക്ഷ ജീവപര്യന്തം ആക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.