മണ്ണാര്‍ക്കാട്: റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി അപകട സാധ്യതയേറിയ സ്ഥലങ്ങളുടെ ഓഡിറ്റ് റിപ്പോർട്ട് തയാറാക്കി. മണ്ണാർക്കാട് ദേശീയ-സംസ്ഥാന-മലയോര പാതയില്‍ 35 അപകട കേന്ദ്രങ്ങളുള്ളതായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.
മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിലെ റോഡുകളുടെ റിപ്പോർട്ടാണ് തയാറാക്കിയത്. കോഴിക്കോട്-പാലക്കാട് ദേശീയപാത 966, മണ്ണാര്‍ക്കാട് -ആനക്കട്ടി റോഡ്, മണ്ണാര്‍ക്കാട്-മേലാറ്റൂര്‍ റോഡ്, കോട്ടോപ്പാടം-തിരുവിഴാംകുന്ന് റോഡ്, ഗൂളിക്കടവ്-ചിറ്റൂര്‍ റോഡ്, അഗളി-ഷോളയൂര്‍ എന്നിവിടങ്ങളിലാണ് ഇത്രയും അപകടകേന്ദ്രങ്ങളുള്ളത്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണ്ണാര്‍ക്കാട് താലൂക്ക് തല സ്‌ക്വാഡ് അപകടങ്ങളെ സംബന്ധിച്ച് പഠനവും പരിശോധനയും നടത്തിയത്.
2019 മുതല്‍ 2021 വരെ താലൂക്കില്‍ നടന്ന അപകടങ്ങളെ കുറിച്ചുള്ള ജില്ല ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ അടിസ്ഥാന വിവരങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം.
മൂന്ന് വര്‍ഷങ്ങളില്‍ ആറു പാതകളിലായി 261 അപകടങ്ങളില്‍ 38 പേര്‍ മരിക്കുകയും 263 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലാണ് കൂടുതല്‍ അപകടങ്ങളും. കാഞ്ഞിക്കുളം മുതല്‍ കരിങ്കല്ലത്താണി വരെയുള്ള ഭാഗത്ത് 189 അപകടങ്ങളിലായി 33 പേര്‍ മരിച്ചു. 177 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
ദേശീയപാതയില്‍ പനയമ്പാടം, ചിറക്കല്‍പ്പടി, കുന്തിപ്പുഴ, കോടതിപ്പടി, മണ്ണാര്‍ക്കാട് നഗരം, നാട്ടുകല്‍, വട്ടമ്പലം എന്നിവടങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍. മണ്ണാര്‍ക്കാട്-മേലാറ്റൂര്‍ പാതയില്‍ 20 അപകടങ്ങളില്‍ 27 പേര്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് ആനക്കട്ടി റോഡില്‍ 42 അപകടങ്ങളില്‍ 46 പേര്‍ക്ക് പരിക്കേൽക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ഗൂളിക്കടവ് ചിറ്റൂര്‍ റോഡില്‍ അഞ്ച് അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു.
വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാതകളുടെ നിലവാരവും അപകടങ്ങളുടെ കാരണവും അടിസ്ഥാനമാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായാണ് മോട്ടോര്‍ വാഹനവകുപ്പ് റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തിയത്. അപകട കേന്ദ്രങ്ങളെ എ, ബി, സി എന്നിങ്ങനെ തരംതിരിച്ചാണ് താലൂക്ക് തല പഠന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച മോട്ടോര്‍ വാഹന വകുപ്പ് ജില്ല അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടങ്ങൾ കുറക്കാൻ ആവശ്യമായ നിർദേശങ്ങളും തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.