പാലക്കാട്: അരികിൽ ചളികുത്തി കരുത്തുകാട്ടിയൊഴുകുന്ന തോടിലേക്ക് നോക്കിനിൽക്കവേ തങ്കയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പ്രായം ചുളിവ് വീഴ്ത്തിയ മുഖത്ത് കണ്ണീർമണികൾ ഉരുണ്ടുവീഴവേ തങ്ക പറഞ്ഞു 'ഇനിയെവിടെ പോകാൻ, മണ്ണായിട്ടിതേയുള്ളൂ, കിടപ്പാടമായിട്ടും'. കഴിഞ്ഞ പ്രളയകാലത്ത് ശംഘുവാരത്തോട് രൗദ്രഭാവം പൂണ്ടൊഴുകിയപ്പോൾ ഒലിച്ചുപോയ മതിൽക്കെട്ടും ചളികയറിയും ഇടിഞ്ഞും നശിച്ച വീടിെൻറ ചുമരുകളും തങ്കക്കൊപ്പം വിങ്ങിപ്പൊട്ടുന്ന പോലെ. ഇൗ തോടിെൻറ കരയിലും പരിസരത്തും തങ്കയെപ്പോലെ പോകാനിടമില്ലാത്ത നൂറുകണക്കിന് കുടുംബങ്ങളുണ്ട്. അധികൃതരുടെ കനിവ് തേടി.
കൈവരിയില്ലാത്ത ദുരിതം..
തോടുകളുടെ കൈവരികളുടെ പണികൾ പലയിടത്തും പൂർത്തിയായിട്ടില്ല. വീടിന് മുന്നിലായി കൈവരിയുടെ ഒരുഭാഗം മൂന്നുദിവസത്തിനകം വീണ്ടും പണിയുമെന്ന് ഉറപ്പുനൽകിയാണ് തോടിലെ മണ്ണുനീക്കാനായി പൊളിച്ചതെന്ന് ഗോപാലൻ പറയുന്നു. ഒരുവർഷത്തോളമായി ഇപ്പോഴും ഇവിടെ കൈവരിയില്ല. ഇക്കൊല്ലം മഴക്കാലപൂർവ ശുചീകരണത്തിെൻറ ഭാഗമായി ചളിനീക്കിയെങ്കിലും ഇത് പലയിടത്തും കരക്കുകിടപ്പാണ്. 2018, 2019 പ്രളയങ്ങളിൽ ശങ്കുവാരത്തോട്, സുന്ദരം കോളനി, കുമാരസ്വാമി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറിയിരുന്നു. പ്രദേശവാസികളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 2020ൽ മുൻവർഷങ്ങളിലേതുപോലെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായില്ല.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ പ്രധാന തോടുകളായ പട്ടിക്കര തോട്, ശങ്കുവാരത്തോട്, മണ്ണപുള്ളിക്കാവ് മുതൽ തിരുനെല്ലായ് വരെയുള്ള തോട്, മാട്ടുമന്ത മുതൽ ശേഖരിപുരം ജങ്ഷൻ വരെയുള്ള തോട് എന്നിവ 2019ൽ മുൻ ബി.ജെ.പി ഭരണസമിതിയുടെ കാലത്ത് നവീകരണമാരംഭിച്ചതാണ്. ഈ ഭരണസമിതിയുടെ കാലത്ത് കോവിഡ് വില്ലനായെത്തിയതോടെ പ്രവൃത്തികൾ ഇഴയുകയായിരുന്നു.
പുനരധിവാസവും പുനരുദ്ധാരണവും പദ്ധതി –അഡ്വ. ഇ. കൃഷ്ണദാസ്
തോടുകൾക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളിൽ പുനരധിവാസവും പുനരുദ്ധാരണവുമടക്കം പദ്ധതികൾ നഗരസഭ പരിഗണിക്കുന്നുണ്ട്. പുതിയ ഭരണസമിതി ചുമതലയേറ്റശേഷം കോവിഡ് ലോക്ഡൗണും നിയന്ത്രണങ്ങളും പ്രവൃത്തികളുടെ വേഗത കുറച്ചു. പ്രളയകാലത്ത് ദുരിതത്തിലായ മധുരവീരൻ കോളനിയിൽ 90 വീടുകൾക്കായുള്ള പദ്ധതികൾ തയാറായി. തോട് പുറേമ്പാക്കിൽ താമസിക്കുന്നവർക്ക് സർക്കാർ ഭവന പദ്ധതികൾ ലഭിക്കാൻ തടസ്സമുണ്ട്. ഇത്തരക്കാരെ സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫ്ലാറ്റ് നിർമിച്ച് പുനരധിവസിപ്പിക്കുന്നതടക്കം സാധ്യതകൾ ആലോചനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.