നെന്മാറ: തമിഴ്നാട് തേനി സ്വദേശിയായ മുരുകൻ നെന്മാറ ടൗണിലെത്തിയിട്ട് രണ്ട് ദശാബ്ദമായി. ഉപജീവനമാർഗമായി തുണികൾ ഇസ്തിരിയിടുകയാണ്. ടൗണിനടുത്ത് ആണ്ടിത്തറയിൽ താമസിക്കുന്ന 56കാരനായ മുരുകന് നാട്ടിൽ ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും ഉണ്ട്. രണ്ടു മാസത്തിലൊരിക്കൽ മാത്രം വീട്ടിൽ പോകുന്ന മുരുകന് തൊഴിലിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ടുവേണം കുടുംബം കഴിയാൻ.
നിത്യേന വൈകീട്ട് മൂന്നു മുതൽ അർധരാത്രി വരെ ടൗണിലെ കെട്ടിട സമുച്ചയത്തിന്റെ ഇടനാഴിയിൽ ഉന്തുവണ്ടി നിർത്തി തുണികൾ ഇസ്തിരിയിടുന്നത് പതിവാക്കിയ മുരുകൻ നാട്ടുകാർക്കെല്ലാം സുപരിചിതനാണ്. മുമ്പ ടൗണിൽ ധാരാളം ഇസ്തിരിക്കാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ മുരുകൻ മാത്രമാണ് ഈ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളത്. അതിൽനിന്ന് ഉപജീവനത്തിനുതകുന്നില്ല എന്നു ബോധ്യം വന്നതിനാലാണ് പലരും ഈ തൊഴിൽ വിട്ടത്.
വർഷങ്ങളായി ചെയ്തു വന്ന തൊഴിലായതിനാലും സ്വന്തം നാടിനേക്കാൾ പരിചയക്കാർ ഉള്ളതിനാലുമാണ് താനീ കഠിനമായ തൊഴിൽ തുടരുന്നതെന്ന് മുരുകൻ പറയുന്നു. ഓടുകൊണ്ട് നിർമിച്ച ഏഴര കിലോ ഭാരം വരുന്ന ഇസ്തിരിപ്പെട്ടി ഉപയോഗിച്ചാണ് തുണികൾ ഇസ്തിരിയിടുന്നത്. ഒമ്പതിനായിരം രൂപ വിലയുള്ള ഇതിൽ കരിയുപയോഗിച്ച് കനലുണ്ടാക്കിയാണ് ചൂടാക്കുന്നത്. അസംസ്കൃത വസ്തുവായ കരിയുടെ ദൗർലഭ്യമാണ് ഏറെ വലയ്ക്കുന്നത്.
പത്തു വർഷം മുമ്പ് ചാക്കിന് 400 ഉണ്ടായിരുന്ന കരിക്ക് ഇപ്പോൾ 2100 രൂപയാണ്. ഒരു ചാക്ക് കരികൊണ്ട് ശരാശരി 10 ദിവസമേ ഉപയോഗിക്കാനാകൂ. ഗുണനിലവാരം കുറഞ്ഞാൽ അത്രയുമെത്തില്ല. ഗ്യാരണ്ടിയില്ലാത്തതിനാൽ ഇസ്തിരി കേടുപാട് വന്നാൽ പുതിയത് വാങ്ങുകയേ വഴിയുള്ളൂ. ഒരു ദിവസം ശരാശി 50 തുണികൾ കിട്ടാറുണ്ടെങ്കിലും 10 മുതൽ 60 രൂപ വരെയാണ് ഇനം അനുസരിച്ച് ഈടാക്കാറുളളത്. ഇതുകൊണ്ടൊന്നും കുടുംബം പോറ്റാനാവില്ല. ഇത്തരം തൊഴിൽ ചെയ്യുന്നവരെ സഹായിക്കാൻ പദ്ധതികളൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.