പുതുപ്പരിയാരം: ആയിരങ്ങൾക്ക് വഴികാട്ടിയായി പുതുപ്പരിയാരം കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ വായനശാലയും ലൈബ്രറിയും വായനലോകത്ത് അഞ്ചര പതിറ്റാണ്ടിന്റെ നിറവിലാണ്. നാടിന്റെ സാമൂഹിക സംസ്കാരിക ചലനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ദേശീയ വായനശാല 1968ലാണ് ചാത്തംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഒറ്റമുറി കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. 1978ൽ ലൈബ്രറിക്ക് കൺട്രോൾ ബോർഡിന്റെ അംഗീകാരം ലഭിച്ചു. 1970 മുതൽ ഗ്രന്ഥശാല സംഘത്തിന്റെ അഫിലിയേഷനും ലഭിച്ചിരുന്നു. 1996ൽ ഗ്രാമീണ ബുക്ക് ബാങ്കായി പുതുപ്പരിയാരം ദേശീയ വായനശാല തെരഞ്ഞെടുക്കപ്പെട്ടു. 2002ൽ കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാജാറാം ലൈബ്രറി ഫൗണ്ടേഷന്റെ ധനസഹായത്തോടെ ഇരുനില കെട്ടിടം നിർമിച്ചു. വിദ്യാലയങ്ങളിലും നാടിനും സാധ്യമാവുന്ന വിധത്തിൽ വികസന സംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. വിദ്യാർഥി, യുവന, വനിത, ബാല, വയോജനവേദികളും സജീവമാണ്. 24 വർഷമായി ലൈബ്രറി കേന്ദ്രമാക്കി കരിയർ ഗൈഡൻസ് പ്രവർത്തിച്ചുവരുന്നുണ്ട്.
2000ൽ ലൈബ്രറി കൗൺസിൽ ധനസഹായത്തോടെ 10 വർഷക്കാലമായി പ്രവർത്തിച്ചു. സാമ്പത്തിക സഹായമില്ലാതെ 14 വർഷവും പ്രവർത്തിക്കുന്നു. ഇതുവഴി സർക്കാർ ഉദ്യോഗം ലഭിച്ച നിരവധി യുവാക്കൾ നാട്ടിലുണ്ട്. ലൈബ്രറിയുടെ കീഴിൽ രൂപവത്കരിച്ച നാടകട്രൂപ് നാല് നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. 1983ൽ ബ്ലോക്ക് പഞ്ചായത്തിന്റെ എൻ.ആർ.ഇ.പി പദ്ധതി പ്രകാരം 5 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകിയിരുന്നു. ആരോഗ്യ ബോധവത്കരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാഭ്യാസ മികവ് പ്രവർത്തനങ്ങൾക്ക് ശാസ്ത്രസാഹിത്യ പരിഷത്തുമായി കൈകോർത്ത് പ്രൈമറി, യു.പി, ഹൈസ്കൂൾ തലങ്ങളിലും വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ദേശീയ വായനശാലക്ക് 2015ൽ പാലക്കാട് താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള അംഗീകാരം ലഭിച്ചിരുന്നു.
2024ൽ കുളക്കാട്ടുകുർശ്ശി പാർവ്വതി ടീച്ചർ സ്മാരക വനിത ലൈബ്രറിയുടെ പാർവതി ടീച്ചർ സ്മാരക പുരസ്കാരവും ലഭിച്ചു. ഉണ്ണിക്കുട്ടൻ, എസ്.എം. അബ്ദു ലത്തീഫ്, പി.ടി. രാജു, എസ്. അബ്ദുൽ ഖാദർ എന്നിവരാണ് ലൈബ്രറിയുടെ സ്ഥാപക ഭാരവാഹികൾ. നിലവിൽ എൻ. ശശീന്ദ്രൻ പ്രസിഡന്റായും പി.ടി. മോഹനനൻ സെക്രട്ടറിയുമായ സമിതിക്കാണ് ലൈബ്രറിയുടെ നടത്തിപ്പ് ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.