തച്ചമ്പാറ: പ്രകൃതിക്ഷോഭങ്ങളും കീടബാധയും തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ കർഷകരുടെ ജീവിതതാളം തെറ്റിക്കുന്നു. 2018 മുതൽ തുടർച്ചയായി പ്രതിവർഷം രണ്ട് തവണയിൽ കൂടുതലുണ്ടായ മഴക്കെടുതികളാണ് വിളവെടുപ്പിന് കരിനിഴൽ വീഴ്ത്തിയത്. മേൽമണ്ണ് ഒഴുകിപ്പോയതിനാലും സൂക്ഷ്മ മൂലകങ്ങളുടെ വൻതോതിലുള്ള കുറവിനാലും തെങ്ങ്, കവുങ്ങ് പോലുള്ള നാണ്യവിളകൾക്ക് സംഭവിക്കുന്ന രോഗബാധയും മണ്ടചീയൽ, വേരുചീയൽ, ഓലകരിച്ചിൽ തുടങ്ങിയ കൃഷിക്ക് വിഘാതമായ പ്രശ്നങ്ങളും പ്രദേശത്തെ കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്. പാലക്കയത്തെ കാർഷിക മേഖല നേരിടുന്ന ഇത്തരം പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് തച്ചമ്പാറ പഞ്ചായത്ത് കേരള കർഷകസംഘം കെ. ശാന്തകുമാരി എം.എൽ.എക്ക് നിവേദനം നൽകി. മലയോര കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കാർഷിക മേഖലയിലെ വിദഗ്ധരുടെയും പട്ടാമ്പി കാർഷിക വിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെയും സാന്നിധ്യവും പഠനവും ആവശ്യമാണെന്നാണ് കർഷകരുടെ ആവശ്യം. നടപടി കൈക്കൊള്ളുമെന്ന് പ്രദേശം സന്ദർശിച്ച ശേഷം കെ. ശാന്തകുമാരി എം.എൽ.എ പറഞ്ഞു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി, വൈസ് പ്രസിഡന്റ് രാജി ജോണി, കർഷക പ്രതിനിധികളായ പി.വി. സോണി, സജീവ്, ബിജു, ഷിബു, എബ്രഹാം എന്നിവർ എം.എൽ.എയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.