നെന്മാറ: പനമ്പട്ട കൊണ്ട് കുട നിർമിക്കുന്ന ചരിത്രമുള്ള തൂറ്റോട് ഗ്രാമത്തിൽ ഈ തൊഴിൽ ചെയ്യുന്ന ഏക വ്യക്തിയാണ് 65 കാരനായ കണ്ടച്ചാമി. പട്ടക്കുട നിർമാണം കുലത്തൊഴിലായി ചെയ്തിരുന്ന അനേകം പേരുണ്ടായിരുന്നു ഇവിടെ ദശകങ്ങൾക്ക് മുമ്പ്. പട്ടക്കുട നിർമാണത്തിന് പ്രശസ്തവുമായിരുന്നു നെന്മാറ കൂടലൂരിനടുത്തുള്ള തൂറ്റോട്. എന്നാൽ ഇന്ന് ഈ തൊഴിലിനോടുള്ള താൽപര്യം കൊണ്ടു മാത്രമാണ് താനിത് ചെയ്യുന്നതെന്ന് കണ്ടച്ചാമി മനസ്സു തുറക്കുന്നു. കാരണവന്മാരിൽനിന്ന് പകർന്നു കിട്ടിയ തൊഴിൽ വൈദഗ്ധ്യമാണെന്നും 56 വർഷമായി പനമ്പട്ട കുട നിർമാണം ആരംഭിച്ചിട്ടെന്നും അദ്ദേഹം പറയുന്നു. പുതിയ തലമുറയിൽ ആരും തന്നെ ഈ തൊഴിലിൽ തൽപരരല്ല; കൂടാതെ ചെറുപ്പക്കാർക്ക് ഇതിൽ നിന്നും വലിയ വരുമാനം ലഭിക്കുകയില്ല എന്നേ തോന്നലും ഉണ്ട്. ഇത് അന്യം നിന്നു പോകാതെ നിലനിൽക്കണം എന്ന ആഗ്രഹം ഉണ്ട്. ആവുന്ന കാലത്തോളം ഈ തൊഴിൽ ചെയ്യും.
മുളയും ചെറുപനയിൽ നിന്നുള്ള ഈരയും കുടപ്പനയിൽ നിന്നുള്ള പട്ടയും ഈർക്കിലിയും ആണ് കുടനിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ. പച്ച പട്ട ഉണക്കിയെടുത്ത് വേർതിരിച്ച് മുള കൊണ്ട് വട്ടത്തിലുള്ള ചട്ടം നിർമിച്ച് താങ്ങിനായി മുളയുടെ അലകുകൾ ബന്ധിച്ച് അതിലാണ് പട്ടയുടെ പാളികൾ ഈർക്കിൽ ഉപയോഗിച്ച് തുന്നിച്ചേർക്കുന്നത്. ക്ഷമയും ജാഗ്രതയും ഒരുപോലെ ആവശ്യമുള്ള തൊഴിലാണിത്. ഒരു കുട നിർമിക്കാൻ രണ്ടു ദിവസം ആവശ്യമാണ്. പനയിൽ നിന്നെടുത്ത പട്ട പതിനഞ്ച് മാസത്തിനുള്ളിൽ തന്നെ കുടനിർമാണത്തിന് ഉപയോഗിക്കണം. വൈകിയാൽ ഇതിനുപകരിക്കില്ല. കുടക്ക് ആവശ്യക്കാരുണ്ടെങ്കിലും ആയിരം രൂപയാണ് ഒന്നിന് ഈടാക്കാറുള്ളത്. നിർമാണച്ചെലവു നോക്കുമ്പോൾ ഇതൊന്നുമല്ല. അസംസ്കൃത വസ്തുവായ പട്ട ആവശ്യത്തിനനുസരിച്ച് ലഭിക്കാത്തതും പ്രശ്നമാണ്. കൂട്ടക്കളം കതിർ ഉത്സവം, വേല, ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ എന്നിവക്കാണ് പട്ടക്കുടകൾ നിർമിച്ച് നൽകാറ്. വല്ലങ്ങി ചീറമ്പക്കാവിലെ ഉത്സവത്തിനും വേല അറിയിക്കലിനും താനാണ് കുടനിർമിച്ച് നൽകാറ്. നെന്മാറ-വല്ലങ്ങിവേല കൂറയിടലിനും കുട നിർമിച്ച് നൽകാറുണ്ട്. ഓണസമയത്ത് ധാരാളം ആവശ്യക്കാർ എത്താറുണ്ട്. സാധാരണ വൃശ്ചികമാസം മുതലാണ് കുടനിർമാണത്തിന് ആവശ്യക്കാർ എത്താറ്. പിന്നീട് മേടം വരെയാണ് സീസൺ. ഒരു കുട ഏതാണ്ട് അഞ്ച് വർഷം വരെ നിൽക്കുമെന്നും കണ്ടച്ചാമി പറയുന്നു. കുടനെയ്ത്ത് സാധാരണ ഒറ്റക്കാണ് ചെയ്യാറെങ്കിലും ഭാര്യ ലീലയും ഒപ്പമുണ്ടാവാറുണ്ട്. മൂന്നു മക്കളിൽ മൂത്തയാൾ വിനു മലമ്പുഴ ടെക്നിക്കൽ സ്കൂൾ അധ്യാപകനാണ്. രണ്ടാമത്തെയാൾ കണ്ണൂർ മട്ടന്നൂർ പോളിടെക്നിക്കിലെ ജീവനക്കാരൻ. മകൾ വിവാഹിതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.