നെന്മാറ-വല്ലങ്ങി
വേലയോടനുബന്ധിച്ച് നടന്ന വെടിക്കെട്ട്
നെന്മാറ: ഒഴുകിയെത്തിയ ജനസഹസ്രങ്ങൾക്ക് കൺനിറയെ കാഴ്ചകൾ സമ്മാനിച്ച് നെന്മാറ-വല്ലങ്ങി വേല പെയ്തിറങ്ങി. വേലയുടെ ദൃശ്യ-ശ്രാവ്യ വിരുന്ന് ആസ്വദിക്കാൻ വ്യാഴാഴ്ച രാവിലെ മുതൽ തന്നെ പുരുഷാരം വല്ലങ്ങിപ്പാടത്തേക്ക് ഒഴുകിയെത്തിയിരുന്നു. ചൂടും വെയിലും കുറവായതിനാൽ മധ്യാഹ്നത്തോടെ വഴികളിൽ തിരക്ക് വർധിച്ചു. തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ പുലർച്ചെ മുതൽ തന്നെ സ്ത്രീകളും കുട്ടികളുമടക്കമുള്ള ഭക്തജനങ്ങളുടെ തിരക്കുണ്ടായിരുന്നു. രാവിലെ 11ന് നെന്മാറ ദേശത്തിന്റെ മന്ദത്ത് ദേവീ പൂജകൾക്ക് ശേഷം എഴുന്നള്ളത്ത് തുടങ്ങി. പുതുപ്പള്ളി കേശവൻ തിടമ്പേറ്റിയതോടെ പഞ്ചവാദ്യം മുറുകി. ചോറ്റാനിക്കര സുഭാഷ് മാരാരുടെ വാദ്യത്തഴക്കം വാദ്യപ്രേമികളെ ആനന്ദത്തിലാറാടിച്ചു. പഴയന്നൂർ ഭഗവതിയെ വന്ദിച്ച് വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് മുന്നിലെത്തിയതോടെ ആകാശം ഇരുളുകയും മഴ തുടങ്ങുകയും ചെയ്തു. വാദ്യം തുടർന്നെങ്കിലും ഇടിയും മഴയും ശക്തമായതോടെ എഴുന്നള്ളത്തിനൊപ്പമുണ്ടായിരുന്ന വാദ്യപ്രേമികൾ മാറി നിന്നു.
ഇതേസമയം, വല്ലങ്ങി ശിവക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ വല്ലങ്ങി ദേശം എഴുന്നള്ളത്തിന് ഗുരുവായൂർ നന്ദൻ നേതൃത്വം നൽകി. പനങ്ങാട്ടിരി മോഹനന്റെ വാദ്യം വശ്യതയാർന്നതായിരുന്നു. സംഘാടകരുടെ ആശങ്കകൾ ശരിവെക്കുന്നതായി പിന്നീടുണ്ടായ കാലാവസ്ഥ മാറ്റം. മഴയും ഇടിയും കലശലായതോടെ കുറച്ചുനേരം വാദ്യം തടസ്സപ്പെട്ടു.
എന്നാൽ, നാലരയോടെ ആകാശം തെളിഞ്ഞപ്പോൾ ഇരുദേശങ്ങളുടെയും വാദ്യം പുനരാരംഭിച്ചു. പിന്നീട് വല്ലങ്ങി ദേശത്തിന്റെ കാവ് കയറ്റത്തിനൊപ്പം പറവാദ്യം അകമ്പടിയായി. വല്ലങ്ങി ദേശത്തിന്റെ എഴുന്നള്ളത്ത് നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ പ്രദക്ഷിണം പൂർത്തിയാക്കി ആനപ്പന്തലിലേക്ക് മടങ്ങിയതോടെ മേളപ്പെരുക്കത്തിനൊരുങ്ങി മട്ടന്നൂരും കൂട്ടരുമെത്തി. ഇതിനിടെ നെന്മാറ ദേശം ആനപ്പന്തലിലെത്തിയ എഴുന്നള്ളത്തിന് കല്ലൂർ ഉണ്ണികൃഷ്ണനും കല്ലൂർ ജയനും ചേർന്നൊരുക്കിയ പഞ്ചാരിമേളം മേമ്പൊടിയായി. തുടർന്ന് നടന്ന കുടമാറ്റത്തിൽ വർണക്കുടകളുടെയും മുത്തുക്കുടകളുടെയും കണ്ണഞ്ചിക്കുന്ന കമനീയത കാണികളെ ആവേശസാഗരത്തിലാറാടിച്ചു.
തുടർന്ന് പകൽ വെടിക്കെട്ടിനുള്ള ഒരുക്കങ്ങളായിരുന്നു. ഏറെ നേരത്തെ സുരക്ഷപരിശോധനകൾക്ക് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥർ വെടിക്കെട്ടിന് തിരികൊളുത്താൻ അനുമതി നൽകിയത്. ആദ്യം വല്ലങ്ങി ദേശവും പിന്നീട് നെന്മാറയും കൊളുത്തിയ പകൽ വെടിക്കെട്ട് ഗംഭീരമായിരുന്നു. പകൽ വെടിക്കെട്ടിന് ശേഷം രാത്രി വേലക്കായി എഴുന്നള്ളത്തുകൾ തിരിച്ചതോടെ പകൽ വേലക്ക് സമാപ്തിയായി. ആദ്യം വില്ലനായെത്തിയ മഴ വെടിക്കെട്ടിനെ ബാധിച്ചില്ലെന്ന ആശ്വാസമായിരുന്നു വേല കാണാനെത്തിയവർക്കും ദേശങ്ങളിലെ വേലക്കമ്മറ്റിക്കാർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.