നവീകരിക്കാൻ ബജറ്റിൽ ഒരു കോടി അനുവദിച്ച മങ്കര പുല്ലോണ്ടി കുളം
പത്തിരിപ്പാല: മണ്ണൂർ പഞ്ചായത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പുല്ലോണ്ടികുളത്തിന്റെ നവീകരണത്തിന് ഒരു കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയതിന്റെ സന്തോഷം പങ്കിട്ട് കർഷകരും നാട്ടുകാരും. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് പൂല്ലോണ്ടി കുളത്തിന് ശാപമോക്ഷമായത്. മങ്കര എൻ.എസ് ഹാളിന് പിൻവശത്തായാണ് പുല്ലോണ്ടി കുളം. ഒന്നര ഏക്കറോളം വ്യാപ്തിയുള്ള കുളം പുല്ലും കാടും നിറഞ്ഞ് തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. കുളത്തിന്റെ ദുരവസ്ഥ ചൂണ്ടികാട്ടി നാലു മാസം മുമ്പ് മാധ്യമം വാർത്ത നൽകിയിരുന്നു.
പത്തു വർഷം മുൻപ് വരെ പ്രദേശവാസികൾ ഇവിടെ കുളിക്കാനും അലക്കാനും എത്തിയിരുന്നു. ഒരാൾ ഉയരത്തിൽ കാട് വളർന്നതോടെയാണ് ആരും വരാതെയായത്. പ്രദേശത്തെ കാർഷിക മേഖലക്കും കാലങ്ങളായി കുളത്തിലെ വെള്ളമായിരുന്നു ആശ്രയം. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് അനിത, വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ എന്നിവർ ഇക്കാര്യം ചൂണ്ടിക്കാട്ടി ശാന്തകുമാരിക്ക് എം.എൽ.എക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് ബജറ്റിൽ ഈ കുളം ഇടം പിടിച്ചത്. കുളം നവീകരിച്ച് ചുറ്റും നടപ്പാത നിർമിച്ച് നീന്തൽ പരിശീലനകുളമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.