പുതുനഗരത്ത് പഞ്ചായത്ത് അറവുശാലയില്ല; രോഗങ്ങൾ പടർത്തുന്നതിന് വഴിവെക്കുന്നതായി പരാതി

പുതുനഗരം: സുരക്ഷിതമല്ലാത്ത സ്വകാര്യ അറവുശാലകൾ രോഗങ്ങൾ പടർത്തുന്നതിന് വഴിവെക്കുന്നതായി പരാതി. കന്നുകാലികളെ അറുക്കുന്നത് തോന്നിയപോലെ. ചിറ്റൂർ താലൂക്കിൽ ഏറ്റവും കൂടുതൽ ഇറച്ചി വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന പുതുനഗരത്ത് പഞ്ചായത്ത് അറവുശാലയില്ലാത്തത് നാട്ടുകാർക്ക് ദുരിതമായി. കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലും പഞ്ചായത്ത് അറവുശാലകൾ ഇല്ലാത്തതിനാൽ വൃത്തിഹീനമായ സ്ഥലത്ത് രേഖകളില്ലാതെ രോഗികളായ കന്നുകാലികളെ പോലും അറുക്കുന്ന അവസ്ഥയുണ്ട്.

അറവുശാലയുടെ ശുചിത്വവും കന്നുകാലികളുടെ ആരോഗ്യ പരിശോധനയും ഉറപ്പാക്കേണ്ട വിവിധ വകുപ്പുകൾ ഇവയൊന്നും നടപ്പാക്കാത്തതിനാൽ കഴിക്കുന്ന ഇറച്ചി ശുചിത്വമുള്ളതാണോ എന്നറിയാതെ ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ.

പൊള്ളാച്ചി കാലിച്ചന്തയിൽനിന്ന് രോഗികളായ കന്നുകാലികളെ ചുളുവിലക്ക് വാങ്ങിക്കൊണ്ടുവന്ന് അറുക്കുന്നതും, പൊള്ളാച്ചി, ദിണ്ടിഗൽ പോലുള്ള പ്രദേശങ്ങളിൽ നിന്ന് അറുത്ത കന്നുകാലികളെ എത്തിച്ച് വിൽപന നടത്തുന്നവരും പുതുനഗരത്തും പരിസര പഞ്ചായത്തിലും വർധിച്ചുവരുകയാണ്. കശാപ്പുശാല വൃത്തിയായിരിക്കുക, അറുക്കുന്ന കന്നുകാലികളെ വെറ്ററിനറി സർജൻ പരിശോധിച്ച് രോഗങ്ങൾ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുക, മൃഗങ്ങളെ അറുക്കുന്നവരും വിൽപന നടത്തുന്നവരും ആരോഗ്യ വകുപ്പിൽ പരിശോധന നടത്തി ഹെൽത്ത് കാർഡ് കരസ്ഥമാക്കുക,

വെറ്ററിനറി സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക, മാലിന്യ സംസ്കരണത്തിന് സ്ഥിരമായ സംവിധാനം കണ്ടെത്തുക, വൃത്തിഹീനമായ പ്രദേശത്ത് അറുക്കുന്നുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങിയവ നടപ്പാക്കേണ്ട വകുപ്പുകളും ഉറക്കത്തിലായതിനാൽ ഇവയുടെ പാപഭാരം ചുമക്കേണ്ടത് പാവപ്പെട്ട നാട്ടുകാർ മാത്രം. പഞ്ചായത്ത്, ആരോഗ്യം, മൃഗസംരക്ഷണം, ഭക്ഷ്യ സുരക്ഷ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പ് അധികൃതർ കണ്ണടക്കുന്നതാണ് രോഗം ബാധിച്ച കന്നുകാലികളുടെ ഇറച്ചി തീൻമേശയിലെത്തിക്കാൻ വഴിവെക്കുന്നത്.

20ലധികം അറവുശാലകൾ പ്രവർത്തിക്കുന്ന പുതുനഗരത്ത് സുരക്ഷിതമായ നിലയിൽ അറവുശാല നിർമിച്ച് കന്നുകാലികളെ മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ച് സുരക്ഷിതമായ രീതിയിൽ അറുക്കുന്നതിനുള്ള സംവിധാനം ഒരുക്കാൻ പഞ്ചായത്ത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ചത്ത കന്നുകാലിയുടെ ആന്തരിക അവയവങ്ങൾ പരിശോധനക്കയച്ചു

പുതുനഗരം: പുതുനഗരം പടിക്കൽ പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അറുത്ത നിലയിൽ കണ്ട പശുവിനെ പോസ്റ്റ്മോർട്ടം നടത്തി ആന്തരിക അവയവം ലാബിലേക്ക് അയച്ചു. ജില്ല വെറ്ററിനറി ഡോക്ടർ എസ്. ശെൽവ മുരുകൻ, ഡോ. ജ്യോതിശങ്കർ, ഡോ. ജയകൃഷ്ണൻ, ഡോ. ദിവ്യ, ഡോ. സിജി എന്നിവരടങ്ങുന്ന സംഘമാണ് ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തിയത്.

ചത്ത പശുവിനെ കശാപ്പിനായി അറുത്തതായി നാട്ടുകാർ പുതുനഗരം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. പശുവിനെ അറുത്ത പടിക്കൽ പാടം സത്ര വട്ടാരം സഹാബുദ്ദീന് (47) എതിരെ ആരോഗ്യ വകുപ്പ് കേസെടുത്തു. പരിശോധന ഫലം വന്നാൽ മാത്രമേ ചത്ത പശുവിനെയാണോ അറുത്തതെന്ന വിവരം ലഭിക്കൂ എന്ന് ജില്ല വെറ്ററിനറി ഡോക്ടർ എസ്. ശെൽവ മുരുകൻ പറഞ്ഞു.

Tags:    
News Summary - No slaughterhouse; Complaints that it leads to the spread of diseases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.