ആലത്തൂർ: കാവശ്ശേരി കൃഷിഭവൻ പരിധിയിലെ മൂപ്പ് പറമ്പ് പാടശേരത്തിലെ ഇരുനൂറോളം ഏക്കർ നെൽകൃഷി വെള്ളമില്ലാതെ ഉണങ്ങി. കർക്കിടകത്തിൽ മഴ ലഭിക്കാത്തതാണ് കാരണം. ഞാറ് പാകുന്ന സമയം മുതൽ ജലക്ഷാമം തുടങ്ങിയതാണ്. നടീലിന്റെ തുടക്കത്തിൽ വെള്ളമില്ലാതെയും പിന്നീട് തൊഴിലാളികളെ കിട്ടാതെയും കർഷകർ കഷ്ടത്തിലായി. അതെല്ലാം മറികടന്ന് കൃഷിയിറക്കിയെങ്കിലും ഇടവപ്പാതിയുടെ തുടക്കത്തിലും കർക്കിടകത്തിലും മഴയില്ലാതായതോടെ വയലുകളിൽ വെള്ള പ്രശ്നം രൂക്ഷമായി. കാവശ്ശേരി കൃഷി ഭവനിലെ മൂപ്പ് പറമ്പ് ഉൾപ്പെടെ ചില പാടശേഖരങ്ങളാണ് ഏറെ പ്രതിസന്ധിയിലായത്. ഇപ്പോൾ പൂർണമായി ഉണങ്ങി കഴിഞ്ഞു. ജില്ലയിലെ എല്ലാ അണക്കെട്ടുകളിൽനിന്നും വെള്ളം കനാൽ വഴി തുറന്ന് വിട്ടിട്ടുണ്ടെങ്കിലും മെയിൻ കനാലിന്റെ തുടക്ക ഭാഗങ്ങളുടെ പരിസര പ്രദേശങ്ങളിലല്ലാതെ മറ്റെവിടെയും വെള്ളം എത്താൻ സാധ്യത കാണുന്നില്ല. കർക്കിടക മാസത്തിൽ മഴയില്ലാതെ കൃഷി ഉണങ്ങുന്നത് പാലക്കാടിന്റെ നെൽകൃഷി മേഖലയിൽ അപൂർവ സംഭവമാണ്. മഴ പെയ്യാത്തത് കൊണ്ട് അണക്കെട്ടുകളിലും വെള്ളം കുറവാണ്.
നെൽകൃഷി നാശത്തിലായാൽ വലിയ പ്രതിസന്ധിയായിരിക്കും കാർഷിക മേഖലയിലുണ്ടാകുകയെന്ന് കർഷകർ പറയുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന കർഷകർ ഏറെയുള്ള പ്രദേശമാണ് കാവശ്ശേരി. ഇനി മഴ ലഭിച്ചാലും ഇല്ലെങ്കിലും കാവശ്ശേരിയിൽ ഒന്നംവിള നെൽ കൃഷിയെ രക്ഷിക്കാൻ കഴിയില്ല. കൃഷി വകുപ്പിന്റെയും സർക്കാറിന്റെയും ശ്രദ്ധയും സഹായവും കാവശ്ശേരിക്ക് അത്യാവശ്യമാണ്.
കോട്ടായി: കോട്ടായി മേഖലയിലെ 50 ഏക്കർ പാടശേഖരങ്ങളിൽ ഉള്ളുലക്കുന്ന കാഴ്ച. ഒന്നാം വിള നെൽകൃഷി കതിര് നിരക്കാറായ സമയത്താണ് വ്യാപകമായി ഉണക്കം ബാധിച്ച് കരിഞ്ഞുണങ്ങി നിൽക്കുന്നത്. വിളയിറക്കാനായി വൻതുക ചെലവഴിച്ച ശേഷം വിളകൾ ഉണങ്ങി നശിക്കുന്നത് കാണാനാകാതെ മിക്ക കർഷകരും കൃഷിസ്ഥലത്തേക്ക് വരുന്നത് പോലുമില്ല.
കതിര് നിരക്കാൻ പരുവത്തിലായ നെൽകൃഷിയെ രക്ഷപ്പെടുത്താൻ ഒരു മാർഗവും കാണാതെ ദുഃഖത്തിലാണ് കർഷകർ. ഒന്നോ രണ്ടോ മഴ ലഭിച്ചാൽ പകുതി ഉണക്കം ബാധിച്ചവയെ രക്ഷപ്പെടുത്താനാകും. എല്ലാം നഷ്ടപ്പെട്ട കർഷന്റെ മുമ്പോട്ടുള്ള ജീവിതം അടഞ്ഞ സ്ഥിതിയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.