പാലക്കാട്: ഓണത്തിന് രണ്ടു മാസം ബാക്കിനിൽക്കെ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസ് ടിക്കറ്റുകൾ തീർന്നു. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് സെപ്റ്റംബർ 13ന് പുറപ്പെടുന്ന ട്രെയിനുകളിൽ വെയിറ്റിങ് നമ്പർ 100 കടന്നു. ഇതേ നഗരങ്ങളിലേക്ക് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽനിന്ന് സെപ്റ്റംബർ 16നും സ്ലീപ്പർ ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. ഇത്തവണ സെപ്റ്റംബര്‍ 15നാണ് തിരുവോണമെത്തുന്നത്. മുന്‍ വര്‍ഷങ്ങളിലെപോലെ ഓണാവധിക്ക് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുമുമ്പ് സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന രീതി മാറ്റി നേരത്തേ തന്നെ നടപടി കൈക്കൊള്ളണമെന്നാണ് മലയാളികൾ ആവശ്യപ്പെടുന്നത്. വൈകി പ്രഖ്യാപിക്കുന്ന സ്പെഷല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് പൊതുവെ സഹായകരമാകില്ല.
കോവിഡിനു മുമ്പുവരെ ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് റെയിൽവേ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചിരുന്നെങ്കിൽ കോവിഡിനു ശേഷം സ്പെഷൽ ട്രെയിനുകൾ നാമമാത്രം അനുവദിച്ച് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതിയുണ്ട്. നിലവിലുള്ള നിരക്കിന്റെ 1.3 ശതമാനം അധികം തുകയാണ് സ്പെഷൽ ട്രെയിനിലെ യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്. കോവിഡിനു മുമ്പുണ്ടായിരുന്ന പല ട്രെയിനുകളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടല്ല. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്, ന്യൂഡൽഹി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ തുടങ്ങി മിക്ക ദീർഘദൂര ട്രെയിനുകളും കോച്ചുകൾ എൽ.എച്ച്.ബിയിലേക്ക് മാറ്റിയതോടെ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചതും തിരക്ക് വർധിച്ചു.
മലയാളികൾ ഏറെയുള്ള മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് കഴിഞ്ഞ ഓണത്തിനും പ്രത്യേക ട്രെയിനുകളുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നാട്ടിലെത്താൻ ഏറെ പണിപ്പെടേണ്ടി വന്നു. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് മാത്രമാണ് ട്രെയിനുകൾ അനുവദിച്ചത്. ഓണാവധി തുടങ്ങിക്കഴിഞ്ഞാല്‍ വന്‍ നിരക്കുവര്‍ധനയാണ് സ്വകാര്യ ബസുകളിലുണ്ടാവുക. നിലവില്‍ ഓണത്തലേന്നായ സെപ്റ്റംബര്‍ 13ന് ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലേക്ക് യാത്രസൗകര്യം ഏര്‍പ്പെടുത്താൻ സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.