പാലക്കാട്: ഓൺലൈൻ വ്യാപാരത്തിലൂടെ ലാഭം വാഗ്ദാനം ചെയ്തും വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കിയുമുള്ള തട്ടിപ്പുകേസുകൾ ജില്ലയിൽ വർധിക്കുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ ജില്ല സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളില്‍ മാത്രമായി ഇരകള്‍ക്ക് നഷ്ടപ്പെട്ടത് 1.15 കോടി രൂപയാണ്. പാർട്ട്ടൈം ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളിലും ലക്ഷങ്ങൾ നഷ്ടപ്പെട്ടവരുണ്ട്. ഈ മാസം ഇതുവരെ 75.8 ലക്ഷം രൂപയാണ് പരാതിക്കാര്‍ക്ക് നഷ്ടപ്പെട്ടത്.
മുംബൈ പൊലീസ് ചമഞ്ഞുള്ള തട്ടിപ്പ് കേസുകളും യൂട്യൂബ് കണ്ട് പണമുണ്ടാക്കമെന്ന തട്ടിപ്പിലും വഞ്ചിക്കപ്പെട്ട് പണം നഷ്ടപ്പെട്ട കേസുകളും സമീപ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസില്‍ നാട്ടുകല്‍ സ്വദേശിയായ 41 വയസുകാരനിൽനിന്നും വാട്ട്സ് ആപ്, ടെലഗ്രാം എന്നിവ മുഖേന ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 19.04 ലക്ഷം രൂപ തട്ടിയെടുത്തതായി പറയുന്നു.
ജൂലൈ നാലു മുതല്‍ സെപ്റ്റംബര്‍ ആറുവരെയുള്ള കാലയളവില്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചായിരുന്നു തട്ടിപ്പ്. കഴിഞ്ഞ 19 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ 55 വയസുകാരന് ഷെയര്‍ ട്രേഡിങ് ലാഭക്കെണിയില്പെട്ട് നഷ്ടപ്പട്ടത് 38.75 ലക്ഷം രൂപയാണ്. ഈ വര്‍ഷം ജൂണ്‍ 21 മുതല്‍ ആഗസ്റ്റ് 29 വരെയുള്ള കാലയളവിലാണ് ഇയാള്‍ക്ക് പണം നഷ്ടപ്പെട്ടത്.
കഴിഞ്ഞ 12ന് സൈബര്‍ പൊലീസിനെ സമീപിച്ച യുവാവില്‍നിന്ന് ബി.സി എഡിഷന് എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഷെയര്‍ ട്രേഡിങ് ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് 12.9 ലക്ഷം രൂപയാണ്.
ചിറ്റിലഞ്ചേരി സ്വദേശിയായ 34വയസുകാരനാണ് പരാതിക്കാരൻ. മേയ് 30 മുതല്‍ ആഗസ്റ്റ് ആറു വരെയുള്ള കാലയളവിനിടയില്‍ ഷെയര്‍ ട്രേഡിങ്ങില്‍ ലാഭം വാഗ്ദാനം ചെയ്ത് 44.93 ലക്ഷം തട്ടിയതായി പുതുപ്പരിയാരം സ്വദേശിയായ 48 വയസുകാരനും പരാതിപ്പെട്ടിട്ടുണ്ട്.
പാർട്ട് ടൈം ജോലിയുടെ പേരിലുള്ള തട്ടിപ്പുകളും വ്യാപകമാണ്. ഒറ്റപ്പാലം സ്വദേശിയായ 28കാരന് ജോലിയും ലാഭവും വാഗ്ദാനം ചെയ്തുള്ള കെണിയിൽ നഷ്ടപ്പെട്ടത് 21.16 ലക്ഷം രൂപയാണ്. ജൂലൈ 24 മുതല്‍ ആഗസ്റ്റ് ഒമ്പത് വരെ കാലയളവിനിടയിലാണ് യുവാവ് തട്ടിപ്പുകാരുടെ വലയിലകപ്പെട്ടത്. വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവാവ് കഴിഞ്ഞ നാലിനാണ് പരാതി നല്‍കിയത്.
പട്ടാമ്പി സ്വദേശിയായ 40 വയസുകാരന് 34.64 ലക്ഷം രൂപയും ഇത്തരത്തിൽ നഷ്ടപ്പെട്ടു. ഹോട്ടല്‍ റൂം ബുക്ക് ചെയ്ത് പണമുണ്ടാക്കാമെന്ന വാഗ്ദാനത്തിലാണ് കോട്ടോപ്പാടം സ്വദേശിയായ 33 കാരിക്ക് 20 ലക്ഷം രൂപ നഷ്ടപ്പെട്ടത്. മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് എന്ന വ്യാജേന വിളിച്ചവര്‍ തായ് വാനിലേക്ക് അയച്ച പാര്‍സലില്‍ ലഹരി വസ്തുക്കളുണ്ടെന്ന് ഭീഷണിപ്പെടുത്തി ചന്ദ്രനഗര്‍ സ്വദേശിനിയായ 56കാരിയില്‍നിന്ന് തട്ടിയെടുത്തത് 18.9 ലക്ഷം രൂപയാണ്.
കഴിഞ്ഞ 19നാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്. യൂട്യൂബ് കണ്ട് പണം സമ്പാദിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കിണാവല്ലൂര്‍ സ്വദേശിയായ 36കാരിയില്‍ നിന്ന് 13.11 ലക്ഷം രൂപയും സൈബര്‍ തട്ടിപ്പ് സംഘം കവര്‍ന്നു. കഴിഞ്ഞ 20നാണ് ഇവര്‍ പരാതി നൽകിയത്.
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പൊലീസ് നിരന്തരം ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ആരിലും എത്തുന്നില്ലെന്നതാണ് തട്ടിപ്പുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.