ഇന്ദുചൂഡൻ

പക്ഷിശാസ്ത്രജ്ഞൻ ഇന്ദുചൂഡന്റെ ചരമവാർഷികം ഇന്ന്; 32 വർഷമാകുമ്പോഴും ജന്മനാട്ടിൽ സ്മാരകമായില്ല

ആലത്തൂർ: ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞൻ ഇന്ദുചൂഡൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രഫ. കെ.കെ. നീലകണ്ഠൻ മരിച്ച് വെള്ളിയാഴ്ച 32 വർഷമാകുമ്പോഴും അദ്ദേഹത്തിന് ജന്മനാട്ടിൽ സ്മാരകമായില്ല. ഇന്ദുചൂഡന്റെ ശിഷ്യനായ എ.കെ. ബാലൻ മന്ത്രിയായിരിക്കെ ഗുരുനാഥന് സ്മാരകം വേണമെന്ന ജന്മനാടിന്റെ ആഗ്രഹം നിറവേറ്റാനായി 2020ൽ കേരള സാംസ്കാരിക വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. 75 ലക്ഷത്തിന്റേതായിരുന്നു പദ്ധതി. ആദ്യ ഘട്ടമായാണ് 25 ലക്ഷം അനുവദിച്ചത്.

കാവശ്ശേരി കഴനിച്ചുങ്കത്ത് വിഭാവനം ചെയ്ത സ്മാരകത്തിൽ പക്ഷി പഠനകേന്ദ്രവും ഗ്രന്ഥശാലയുമാണ് നിർമിക്കുമെന്ന് പറഞ്ഞിരുന്നത്. ഇതിനായി 14 സെന്റ് ഭൂമിയും കണ്ടെത്തി. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രവർത്തികളൊന്നും നടന്നില്ല. വളർന്നുവരുന്ന തലമുറക്ക് പക്ഷി നിരീക്ഷണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും പഠനം നടത്താൻ കേന്ദ്രം സഹായകമാകുമെന്നായിരുന്നു പ്രഖ്യാപനം. സലീം അലി കഴിഞ്ഞാൽ പക്ഷികളുടെ ആവാസവ്യവസ്ഥകളും ജീവിത രീതികളും സസൂക്ഷ്മം നിരീക്ഷിച്ച വ്യക്തിയായിരുന്നു ഇന്ദുചൂഡൻ. 1923ൽ കാവശ്ശേരി കൊങ്ങാളക്കോട് എന്ന ഗ്രാമത്തിലാണ് നീലകണ്ഠന്റെ ജനനം. 1992 ജൂൺ 14 ന് 69ാം വയസ്സിലായിരുന്നു മരണം. 1949ൽ ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്ക് സങ്കേതം ആന്ധ്രയിലെ കിഴക്കേ ഗോദാവരിയിൽ കണ്ടെത്തിയത് ഇന്ദുചൂഡൻ ഉൾപ്പെട്ട സംഘമായിരുന്നു. കേരള നാച്വറൽ ഹിസ്റ്ററി എന്ന സംഘടനയുടെ അധ്യക്ഷനും വേൾഡ് വൈഡ് ഫ്രണ്ട് ഫോർ നേച്വർ എന്ന ലോകപ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ട അംഗവുമായിരുന്നു. മരണം വരെ പക്ഷികളുടെ പഠനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു. ‘കേരളത്തിലെ പക്ഷികൾ’, ‘പക്ഷികളും മനുഷ്യരും’, ‘പുല്ലു തൊട്ടു പുനാര വരെ’ എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. ‘കേരളത്തിലെ പക്ഷികൾ’ എന്ന കൃതിയിൽ കേരളത്തിൽ കാണുന്ന 261ഇനം പക്ഷികളുടെ ചിത്രങ്ങൾ സഹിതം വിവരിച്ചിട്ടുണ്ട്. ‘പുല്ല് തൊട്ടു പുനാര വരെ’ എന്ന ലേഖന സമാഹരത്തിന് കേരള സർക്കാറിന്റെ ശാസ്ത്ര പരിസ്ഥിതി സങ്കേതിക വകുപ്പിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജനപ്രിയ ശാസ്ത്ര കൃതികൾക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ ഐ.സി ചാക്കോ പുരസ്കാരം, കുട്ടികൾക്കുളള പക്ഷികളും മനുഷ്യരും എന്ന പുസ്തകത്തിന് കേരള സർക്കാറും കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും നൽകുന്ന ബാലസാഹിത്യ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചൂലന്നൂർ മയിൽ സങ്കേതത്തിന്റെ മുൻഭാഗത്തെ ബോർഡിൽ മാത്രമാണ് അദ്ദേഹത്തിന്റെ പേര് ഇപ്പോഴുള്ളത്.

Tags:    
News Summary - Ornithologist Induchoodan's death anniversary today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.