ഒറ്റപ്പാലം: നെയ്ത്ത് ഗ്രാമമായ ‘കുത്താമ്പുള്ളി’ കൈത്തറിയുടെ പേരിൽ പവർലൂം വസ്ത്രശാലകൾ പെരുകുന്നു. കൈത്തറി വസ്ത്ര നിർമാണത്തിൽ കുത്താമ്പുള്ളി നേടിയെടുത്ത പ്രചാരമാണ് ‘കുത്താമ്പുള്ളി വസ്ത്രശാലകൾ’ വ്യാപകമാകാൻ കാരണം. തറികളിൽ പൂർണമായും മനുഷ്യപ്രയത്നത്തിലൂടെ പരമ്പരാഗത രീതിയിൽ നെയ്തെടുക്കുന്ന വസ്ത്രമാണ് കൈത്തറി. എന്നാൽ കൈയും കണക്കുമില്ലാതെ യന്ത്രവത്കൃത മില്ലുകളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നവയാണ് പവർലൂം തുണിത്തരങ്ങൾ.
മനുഷ്യാധ്വാനത്തിലൂടെ ലഭിക്കുന്ന കൈത്തറി ഉൽപ്പന്നങ്ങൾക്ക് ഗുണമേന്മ കൂടുമെന്നതുപോലെ വിലയും ഇരട്ടിയും അതിലേറെയുമാണ്. രാവിലെ ആറുമുതൽ രാത്രിയോളം അധ്വാനിച്ചാൽ മാത്രമാണ് ഒരു കസവ് സാരി പൂർത്തിയാക്കാനാവുക. എന്നാൽ ഉൽപ്പാദനത്തിൽ മനുഷ്യാധ്വാനം നാമമാത്രമായ പവർലൂം തുണിത്തരങ്ങൾക്ക് വിലക്കുറവുണ്ട്. 1990 കാലത്ത് 385 തറികൾ പ്രവർത്തിച്ചിരുന്ന കുത്താമ്പുള്ളി ഗ്രാമത്തിൽ നിൽവിൽ 50 തറികൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് കുത്താമ്പുള്ളി കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം സെക്രട്ടറി എ. ശരവണൻ പറയുന്നു. ഇവരുടെ സംഘത്തിൽ പൂർണമായും നൂറുശതമാനം കൈത്തറി വസ്ത്രങ്ങളാണ് വിൽപനയിലുള്ളത്.
തൊഴിൽ ഉപേക്ഷിച്ച നെയ്ത്തുകാരുടെ നേതൃത്വത്തിൽ കുത്താമ്പുള്ളിയിൽ തന്നെ പുതിയ വസ്ത്രശാലകൾ തുറന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ശരവണൻ പറയുന്നു. എന്നാൽ ഇവിടങ്ങളിലും പവർലൂം ഉൽപ്പന്നങ്ങളാണ് കൈത്തറിയുടെ പേരിൽ വിറ്റുകൊണ്ടിരിക്കുന്നത്. സഹകരണ സംഘത്തിൽ തന്നെ ആവശ്യത്തിന് വിൽക്കാൻ കൈത്തറി ഉൽപ്പന്നങ്ങൾ നെയ്തുകിട്ടാൻ പ്രയാസം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. കൈത്തറി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഒരുഭാഗത്ത് ശ്രമം നടത്തുമ്പോൾ തന്നെ പരമ്പരാഗത തൊഴിൽ പുറകോട്ടടിക്കുന്നതിന് പരിഹാരം ഉണ്ടാകുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.