ഒറ്റപ്പാലം: ഓണത്തിന് രണ്ടാഴ്ച ശേഷിക്കെ വിപണികളിൽ ഓഫറുകളുടെ പെരുമഴ തുടങ്ങി. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ ഉൾപ്പടെ ഓഫറുകളിൽ ഇടം തേടുന്ന കാഴ്ചയാണെങ്ങും. കൊയ്ത്തുകഴിഞ്ഞ് പത്തായം നിറയുന്ന കാലത്ത് ആഘോഷിക്കപ്പെടുന്ന ഓണം വിപണികൾക്ക് ചാകരക്കാലമായിട്ട് അധിക കാലങ്ങളായിട്ടില്ല. ആദ്യകാലത്ത് വസ്ത്രവിപണികളിൽ തുടക്കം കുറിച്ച ഓഫർ ആനുകൂല്യം ക്രമേണ മറ്റു മേഖലകളിലേക്കും വ്യാപിച്ചു. വിലക്കുറവിൽ ഒതുങ്ങുന്നതല്ല ഓണക്കാലത്തെ ഓഫർ. ആരും വീണുപോകുന്ന പരസ്യ പ്രഖ്യാപനങ്ങളുമായി മത്സരിക്കുകയാണ് സ്ഥാപനങ്ങൾ.
നിത്യോപയോഗ സാധങ്ങൾക്ക് മാത്രമല്ല, ഗൃഹോപകരണങ്ങളും ഫർണിച്ചറും എന്നുവേണ്ട പേരും പെരുമയുമുള്ള വാഹനങ്ങൾക്ക് വരെ വിവിധ ആനുകൂല്യങ്ങളാണ് ഓണം സ്പെഷലായി പ്രഖ്യാപിച്ചിരിക്കുന്നത്. കോമ്പോ ഓഫറുകൾ, ഒന്നെടുത്താൽ ഒന്ന് ഫ്രീ, നറുക്കെടുപ്പിലൂടെ സ്വർണ നാണയം, വാഹനങ്ങൾ തുടങ്ങി വിദേശ യാത്ര വരെ നീളുന്ന വാഗ്ദാനം. സാധനവിലയുടെ 70 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച ഉൽപ്പന്നങ്ങളും വിപണികളിലുണ്ട്. ടി.വി, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വൻ ഓഫറുകളുണ്ട്. വിപണികളിൽ അപ്പാടെ വിലവർധനവ് ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്ന ഓണക്കാലത്തിനായി കാത്തിരിക്കുന്നവരാണേറെയും. അത്യാവശ്യ സാധനങ്ങൾ ഒഴിച്ചുള്ളവ വാങ്ങാൻ ഓണക്കാലം വരെ കാത്തിരിക്കുന്നതിന് പിന്നിൽ ഓഫറും വിലയിലെ ഇളവും മറ്റു ആനുകൂല്യങ്ങളുമാണ്. ഇതുമൂലം കച്ചവട മാന്ദ്യം അനുഭവിക്കുന്നത് സ്വാഭാവികമായും ചെറുകിട വ്യാപാരികളാണ്. പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള വ്യാപാര സ്ഥാപനങ്ങളിൽ, ഓണക്കാലത്ത് മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന കച്ചവടം ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു പ്രായമായ വ്യാപാരികൾ.
ഖാദി, കൈത്തറി സൊസൈറ്റികൾ, ഹാൻടെക്സ് പോലുള്ള സ്ഥാപനങ്ങളിൽ വിൽപന കാര്യമായി നടക്കുന്നത് ഓണക്കാലത്താണ്. 20 മുതൽ 30 ശതമാനം വരെയുള്ള സർക്കാർ റിബേറ്റിന്റെ അനുകൂല്യത്തിലാണ് വിൽപന. വൻകിട കച്ചവടക്കാർ മൊത്തമായി സാധനങ്ങൾ എടുക്കുമ്പോൾ ലഭിക്കുന്ന വിലക്കുറവാണ് റിബേറ്റ് അനുവദിക്കാൻ സാധ്യമാക്കുന്നതെന്നും ഓണം കഴിയുന്നതോടെ കച്ചവട സ്തംഭനവും ഏറ്റുവാങ്ങേണ്ടി വരാറുണ്ടെന്നും ഇക്കൂട്ടർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.