ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡിൽനിന്നും പുറത്തേക്ക് പോകുന്ന ബസുകൾക്ക് ഇത് ഞാണിന്മേൽ കളി. ജില്ലയിലെ മികച്ച ബസ് സ്റ്റാൻഡുകളിൽ ഒന്നായിട്ടുകൂടി ബസുകൾക്ക് പോകാൻ അനുവദിച്ച കുടുസ്സായ കവാടങ്ങളാണ് വില്ലനാകുന്നത്.
നിന്നുതിരിയാൻ ഇടമില്ലാത്ത കവാടത്തിലേക്ക് ബസുകൾ പ്രവേശിക്കുന്ന വേളയിൽ ആളുകൾ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണ്. ഒരുബസിന് കഷ്ടിച്ച് കടന്നുപോകാൻ മാത്രം ഇടമുള്ള കവാടത്തിൽ കുടുങ്ങിയും അല്ലാതെയും മരണം ഉൾപ്പടെ നിരവധി അത്യാഹിതങ്ങളാണ് ഇതിനകം ഉണ്ടായത്.
ബസുകളുടെയും യാത്രക്കാരുടെയും ആധിക്യം കണക്കിലെടുത്ത് നടത്തിയ ബസ് സ്റ്റാൻഡ് വിപുലീകരണത്തിന് ശേഷവും പഴയ കവാടങ്ങൾ തന്നെ ആശ്രയിക്കുന്നതാണ് ദുരന്തമാകുന്നത്. സ്ഥലവിലക്ക് പുറമെ 21 കോടിയോളം രൂപ ചെലവിട്ടായിരുന്നു സ്റ്റാൻഡ് വിപുലീകരണം. പഴയ സ്റ്റാൻഡിനോട് ചേർന്ന് പൂർത്തിയാക്കിയ സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ഉദ്ഘാടനം 2019 ഫെബ്രുവരി 22നായിരുന്നു.
പഴയ സ്റ്റാൻഡിനോട് ചേർന്ന് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങൾക്കിടയിലൂടെയുള്ള അപകടക്കെണിയായ കവാടം തുടർന്നും ബസുകൾക്ക് ആശ്രയിക്കേണ്ടി വന്നതോടെ സ്റ്റാൻഡ് വിപുലീകരണത്തിന്റെ തിളക്കത്തിനും മങ്ങലേറ്റു. ബസുകൾ കവാടത്തിന്റെ വശങ്ങളിലിടിച്ചുണ്ടാകുന്ന നാശനഷ്ടങ്ങൾ തുടർ കഥയാണ്. രണ്ട് കവാടങ്ങളുള്ളതിൽ ബസിന് പുറത്തുപോകാൻ ഒന്നും യാത്രക്കാർക്ക് സഞ്ചരിക്കാൻ മറ്റൊന്നുമാണുണ്ടായിരുന്നത്.
എന്നാൽ സ്റ്റാൻഡിനകത്ത് പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾക്ക് ഒരുകവാടം അനുവദിച്ചതോടെ യാത്രക്കാരുടെ കാര്യം പരുങ്ങലിലായി. സ്റ്റാൻഡ് വിപുലീകരണം പൂർത്തിയായ ഘട്ടത്തിൽ നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്ക്) സംഘം ബസ് സ്റ്റാൻഡിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. യാത്രക്കാർ നേരിടുന്ന സുരക്ഷാഭീഷണി സംബന്ധിച്ച പരാതികളെ തുടർന്നായിരുന്നു പരിശോധന.
സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നതുൾപ്പടെ നിരവധി ന്യൂനതകൾ നാറ്റ്പാക് സംഘത്തിന് ബോധ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പഴയകെട്ടിടം പൊളിച്ച് പുതിയത് നിർമിക്കുന്നതോടൊപ്പം കവാടങ്ങൾ വീതികൂട്ടണമെന്ന ആവശ്യം പലതവണ കൗൺസിൽ യോഗങ്ങളിൽ ഉയർന്നതാണ്.
എന്നാൽ ഭീമമായ നിർമാണ ചെലവും കോംപ്ലക്സിലെ വ്യാപാരികളെ പുനരധിവസിപ്പിക്കാനുള്ള സാങ്കേതിക പ്രശ്നങ്ങളുമാണ് കെട്ടിടം പൊളിക്കുന്നതിനെതിരെ മറുവാദമായി ഭരണ കർത്താക്കൾ മുന്നോട്ടുവെച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിൽനിന്ന് ബസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിൽ പലമടങ്ങ് വർധനവുണ്ടായി.
കവാടം കടന്ന് പാലക്കാട്-കുളപ്പുള്ളി പാതയിലേക്ക് പ്രവേശിക്കാനുള്ള ബസുകളുടെ നിരനിരയായ കാത്തുകിടപ്പ് നഗരത്തിലെ ഗതാതക്കുരുക്കിനും ഇടായാക്കുന്നു. കാലപ്പഴക്കത്താൽ കോൺക്രീറ്റ് അടർന്നുവീഴുന്ന അവസ്ഥയിലുള്ള കെട്ടിടം പുനർനിർമിക്കാൻ തയാറാകുന്ന പക്ഷം കവാടങ്ങൾ നേരിടുന്ന വീതി പ്രശ്നത്തിനും പരിഹാരം കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.