ഒറ്റപ്പാലം: തകർന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് സർവിസ് നിർത്തിവെക്കുമെന്ന ഭീഷണിയുമായി താലൂക്ക് സ്വകാര്യ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ. 30നകം റോഡ് ഗതാഗതയോഗ്യമാക്കാത്തപക്ഷം സർവിസ് നിർത്തിവെക്കാനുള്ള നീക്കത്തിലാണ് സംഘടന. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒറ്റപ്പാലം, ഷൊർണൂർ എം.എൽ.എമാർക്ക് അസോസിയേഷൻ പരാതി നൽകി. 17 കിലോമീറ്റർ ദൂരം വരുന്ന ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് ഭൂരിഭാഗവും കുണ്ടും കുഴിയുമായി ഗതാഗതം ദുഷ്കരമായ അവസ്ഥയിലാണ്.
ടയർ പൊട്ടിയും മറ്റും ട്രിപ്പുകൾ മുടങ്ങുന്നത് മൂലം സാമ്പത്തിക നഷ്ടവും സമയ നഷ്ടവും പതിവാണെന്ന് ബസ് ഉടമകൾ പറയുന്നു. മഴക്കാലത്ത് വഴിയും കുഴിയും തിരിച്ചറിയാനാകാതെ കുഴികളിൽപെട്ട് ലീഫ് മുറിഞ്ഞും മറ്റുമുണ്ടാകുന്ന കേടുപാടുകൾ കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്നും ഇവർ ആവലാതിപ്പെടുന്നു. അഞ്ചുവർഷം മുമ്പ് തുടക്കമിട്ട പാത നവീകണം എങ്ങുമെത്താത്തതാണ് പാതയുടെ സമ്പൂർണ നാശത്തിന് ഇടയാക്കിയത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് പദ്ധതികളിലായി റബറൈസ് ചെയ്ത് നവീകരിക്കാൻ ലക്ഷ്യമിട്ട പാതയാണിത്. ഒന്നാംഘട്ടത്തിൽ ഉൾപ്പെട്ട കീഴൂർ റോഡ് മുതൽ ചെർപ്പുളശ്ശേരി വരെയുള്ള പ്രദേശത്തെ പാതയുടെ നവീകരണം നേരത്തെ പൂർത്തിയാക്കി.
നവീകരണം ബാക്കിയായ ഒറ്റപ്പാലം മുതൽ കീഴൂർ റോഡ് വരെയുള്ള പാതയാണ് പൂർണമായും തകർച്ച നേരിടുന്നത്. നവീകരണ ഭാഗമായി വൈദ്യുതി തൂണുകൾ മാറ്റുന്നതുൾപ്പടെയുള്ള പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിലും പാത പണിക്ക് തുടക്കമായിട്ടില്ല.
നവീകരണ പ്രവർത്തികൾ തുടങ്ങിയാലും പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. ഈ സാഹചര്യത്തിൽ പാതയുടെ അറ്റകുറ്റപണികൾ അടിയന്തരമായി നടത്തി വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുകയാണ് ഏക പോംവഴിയെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.