ഒറ്റപ്പാലം: താലൂക്ക് ആസ്ഥാനത്തെ വിവിധ കോടതികളെ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട കോടതി സമുച്ചയം പദ്ധതി ഇനി കൈയെത്തും ദൂരത്ത്. ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള കാഞ്ഞിരപ്പുഴ ഇറിഗേഷൻ പ്രോജക്ടിന്റെ ( കെ.പി.ഐ.പി) കണ്ണിയംപുറത്തെ സബ് ഡിവിഷൻ ഓഫിസിനോട് ചേർന്ന 70 സെൻറ് നീതിന്യായ വകുപ്പിന് വിട്ടുനൽകികൊണ്ടുള്ള സർക്കാർ ഉത്തരവാണ് പ്രതീക്ഷക്ക് വക നൽകുന്നത്. പാലക്കാട് കലക്ടർ, ലാൻഡ് റവന്യൂ കമീഷണർ എന്നിവരുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി കൈവശാവകാശം നീതിന്യായ വകുപ്പിന് കൈമാറാനാണ് ജോയൻറ് സെക്രട്ടറി സ്നേഹലത ഉപാധികളോടെ നൽകിയ ഉത്തരവിൽ പറയുന്നത്. ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
ഭൂമി ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പാടില്ലാത്തതാണ്. സ്ഥലം പാട്ടത്തിനോ ഉപ പാട്ടത്തിനോ നൽകാനോ ദുരുപയോഗപ്പെടുത്താനോ അനുവാദമില്ല. എല്ലാവിധ കൈയേറ്റങ്ങളിൽനിന്ന് നീതിന്യായ വകുപ്പ് തന്നെ ഭൂമി സംരക്ഷിക്കണം. ആവശ്യമായി വരുന്ന പക്ഷം റവന്യൂ അധികാരികളുടെ മുൻകൂർ അനുമതിയുടെ അടിസ്ഥാനത്തിൽ മാത്രമേ മരങ്ങൾ മുറിക്കാൻ പാടുള്ളൂ. മുറിക്കുന്നതിന്റെ മൂന്ന് ഇരട്ടി മരങ്ങൾ നട്ടുവളർത്തേണ്ടതാണ്. ഭൂമി അനുവദിച്ച തീയതി മുതൽ ഒരുവർഷത്തിനകം നിർദിഷ്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണ്ടതാണ്. നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് ലംഘിക്കുന്നപക്ഷം ഭൂമി ചമയങ്ങൾ ഉൾപ്പടെ റവന്യു വകുപ്പിൽ പുനർ നിക്ഷിപ്തമാകുന്നതാണെന്നും ഉത്തരവിലുണ്ട്. 7 നിലകളുള്ള കോടതി സമുച്ചയം നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ പറഞ്ഞു. 23.35 കോടി രൂപയുടെ പദ്ധതിക്ക് നേരത്തേ ഭരണാനുമതി ലഭിച്ചതാണ്.
കെ.പി.ഐ.പിയുടെ കാലപ്പഴക്കം ചെന്ന സബ് സിവിഷൻ ഓഫിസ് കെട്ടിടം നിലനിർത്തിക്കൊണ്ടുള്ള നിർമാണ പ്രവൃത്തികളാണ് ലക്ഷ്യമിടുന്നതെന്നും എം.എൽ.എ പറഞ്ഞു. ഒറ്റപ്പാലത്തെ നിലവിലെ കോടതി കെട്ടിടം പൊളിച്ച് കോർട്ട് കോംപ്ലക്സ് നിർമിക്കുന്നതിന് നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് മറ്റൊരു സ്ഥലത്തെ കുറിച്ചുള്ള അന്വേഷണം ആവശ്യമായി വന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പുകളിൽ ഒന്നായി 1890 ൽ നിർമിച്ച കെട്ടിടത്തിലാണ് വിവിധ കോടതികൾ നിലവിൽ പ്രവർത്തിക്കുന്നത്. കെട്ടിടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പിനെ സമീപിച്ചതിനെ തുടർന്നുണ്ടായ അന്വേഷണമാണ് കോടതി സമുച്ചയം കണ്ണിയംപുറത്തേക്ക് മാറാനിടയായത്. അഞ്ച് നീതി പീഠങ്ങളിൽ അഡീഷനൽ ജില്ല കോടതി, സബ് കോടതി, മുൻസിഫ് കോടതി എന്നിവയുടെ പ്രവർത്തനം കാലപ്പഴക്കം ചെന്ന ഈ കെട്ടിടത്തിലാണ്. ഇതിന് അൽപം മാറി താലൂക്ക് ഓഫിസിന് സമീപമാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. അറ്റകുറ്റപണികൾ നടന്നിട്ടുണ്ടെങ്കിലും ഈ കെട്ടിടവും ജീർണവസ്ഥലയിൽ തന്നെയാണ്. നാല് കിലോമീറ്റർ അകലെ തോട്ടക്കരയിൽ വാടക കെട്ടിടത്തിലാണ് കുടുംബക്കോടതി പ്രവർത്തിക്കുന്നത്. കോൺഫറൻസ് ഹാൾ, അഭിഭാഷകരുമായി ബന്ധപ്പെട്ട കക്ഷികൾക്കും ഗുമസ്തർക്കും പ്രത്യേക മുറികൾ, ശിശു-സ്ത്രീ സൗഹൃദ മുറികൾ, മീഡിയ റൂം തുടങ്ങിയ സൗകര്യങ്ങൾ എന്നിവയുൾപ്പെടുന്നതാണ് പുതിയ കോടതി സമുച്ചയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.