ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറുംവിധം നടന്നുവരുന്ന നവീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ. അമൃത് ഭാരത് പദ്ധതിയിൽ അനുവദിച്ച 10.76 കോടി രൂപ ചെലവിട്ടുള്ള നവീകരണ പ്രവൃത്തികളാണ് അവസാന ഘട്ടത്തിലെത്തി നിൽക്കുന്നത്. നവംബർ 30നകം പ്രവൃത്തികൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 2023 നവംബറിൽ ആരംഭിച്ച പ്രവൃത്തിയാണിത്. 2024 ഫെബ്രുവരിയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും നിർമാണ പ്രവൃത്തികൾ എങ്ങുമെത്താത്തതിനെ തുടർന്ന് കാലാവധി നീട്ടിനൽകുകയായിരുന്നു.
സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളിലെ മേൽക്കൂരകളുടെ നിർമാണം, പ്രവേശനകവാടം മോടിപിടിപ്പിക്കൽ, പാർക്കിങ് കേന്ദ്രങ്ങളുടെ നിർമാണം, നടപ്പാതകളുടെ ക്രമീകരണം, റോഡ് നവീകരണം, ആധുനിക ശൗച്യാലയങ്ങളോടുകൂടിയ പുരുഷ, വനിത കാത്തിരിപ്പ് മുറികൾ, മെച്ചപ്പെട്ട ലൈറ്റിങ് സംവിധാനം, യാത്രക്കാർക്ക് വിവരങ്ങൾ അറിയാനുള്ള സംവിധാനം, കുടിവെള്ള സംവിധാനം തുടങ്ങിയവ ഉൾപ്പെട്ടതാണ് പദ്ധതി. ഇവയിൽ പാർക്കിങ് കേന്ദ്രം നവീകരിക്കുന്ന പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്.
രണ്ടാമത്തെ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. സ്റ്റേഷൻ കവാടം ഉൾപ്പടെ മുൻവശം മോടിപിടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. രണ്ട് പ്ലാറ്റ്ഫോമുകളിലെ മേൽക്കൂര നിർമാണം ഇനിയും ബാക്കിയാണ്. 16 മീറ്റർ നീളമുള്ള മേൽക്കൂരകളാണ് എട്ടിടങ്ങളിലായി സ്ഥാപിക്കുന്നത്. ഇതിൽ നാലിടങ്ങളിലെ പ്രവൃത്തികളാണ് പൂർത്തിയായിട്ടുള്ളത്. നിർമാണ കാലാവധി പുതുക്കി നൽകിയിട്ടും ബാക്കിയാകുന്ന സാഹചര്യത്തിൽ ശേഷിക്കുന്ന പ്രവൃത്തികൾ കുറഞ്ഞ ദിവസങ്ങൾക്കകം എങ്ങനെ പൂർത്തിയാക്കാൻ കഴിയുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.