ഒറ്റപ്പാലം: ആരോഗ്യകരമായ പാചകത്തിന് ഉത്തമം മൺപാത്രങ്ങളാണെന്ന് കൊട്ടിഘോഷിക്കപ്പെടുമ്പോഴും അസംഘടിത മേഖലയിൽ ജോലിയെടുക്കുന്ന മൺപാത്ര തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽ. ഓണവും വിഷുവും പോലുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇതര പരമ്പരാഗത തൊഴിൽ മേഖലകളിൽ ആളനക്കം അനുഭവപ്പെടുമ്പോഴും മെച്ചപ്പെട്ട കച്ചവടം പ്രതീക്ഷിക്കാൻ പരമ്പരാഗത മൺപാത്ര നിർമാണ മേഖലക്ക് കഴിയുന്നില്ല. കളിമണ്ണിൽ ജീവിതം മെനഞ്ഞെടുക്കാനാവാതെ പാത്രനിർമാണം കുലത്തൊഴിലായി കൊണ്ടുനടന്നിരുന്ന കുംഭാര സമുദായങ്ങളിൽ ഭൂരിഭാഗവും രംഗംവിട്ടു.
ജോലിയുടെ ക്ലിപ്തതയും കൂടുതൽ വേതനവും കാരണം നിർമാണ മേഖല പോലുള്ള ഇടങ്ങളിലേക്ക് ഇവരിൽ പലരും ചേക്കേറി. അതേസമയം, കുലത്തൊഴിൽ മാത്രം പരിശീലിക്കുകയും അതിൽ തന്നെ ജീവിതം തളച്ചിടുകയും ചെയ്തവരാണ് ദുരിതാവസ്ഥയിലുള്ളത്.
കളിമണ്ണിന്റെ ലഭ്യതക്കുറവും അമിതവിലയും അധികൃതരുടെ വേട്ടയാടലും ഒരുഭാഗത്തും രാപകൽ ജോലിചെയ്താലും കൂലി ലഭിക്കാത്ത അവസ്ഥയും ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കഴിയാത്തതും മറുവശത്തതും ഇവർ നേരിടുന്ന വെല്ലുവിളികളാണ്. അത്യധ്വാനത്തിലൂടെ നിർമിച്ചെടുക്കുന്ന കളിമൺ പാത്രങ്ങൾ ചൂളക്ക് വെക്കുന്നതിനും പണച്ചിലവ് ഏറെയാണ്.
വിറകിനും വൈക്കോലിനും തീ വില തന്നെ. ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുന്ന പുതുമയുള്ള മൺപാത്രങ്ങളും കരകൗശല ഉൽപന്നങ്ങളും നാലാൾ കൂടുന്ന കവലകളിലും നിരത്ത് വക്കിലുമെത്തിച്ച് വിൽപന പതിവാക്കിയതും ഇക്കൂട്ടരുടെ അന്നം മുട്ടിച്ചു.
യന്ത്രസംവിധാനത്തോടെ നിർമിക്കുന്ന ഇത്തരം മൺപാത്രങ്ങൾ ഏജൻസി മുഖേനയാണ് വിൽപന കേന്ദ്രത്തിലെത്തിക്കുന്നത്. താരതമ്യേന വിലക്കുറവിൽ ഇവ വിൽക്കാനും കഴിയുന്നുണ്ട്. അസംഘടിത മേഖലയിൽ ശേഷിക്കുന്ന മൺപാത്ര തൊഴിലാളികളുടെ പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് പുതുമ അവകാശപ്പെടാനില്ലെന്നതാണ് ഇവർ നേരിടുന്ന പ്രതിസന്ധി.
പതിറ്റാണ്ടുകളായി കണ്ടുവരുന്ന കലം, കൂജ, പത്തിരി ചട്ടി തുടങ്ങിയ ഏതാനും വസ്തുക്കൾ മാത്രമാണ് ഇവരുടെ ആലയിൽനിന്നും സ്ഥിരമായി പുറത്തുവരുന്നത്. നിർമാണവും വിൽപനയും സ്വയം ചെയ്യേണ്ട സ്ഥിതിയിലാണ് ഓരോ തൊഴിലാളിയും.
പാത്രച്ചുമടുമായി പകലന്തിയോളം ഊരുചുറ്റിയാലും കൂലി ഒപ്പിച്ചെടുക്കൽ ക്ലേശകരമാണെന്ന് അമ്പലപ്പാറ കളരിപ്പറമ്പിൽ ഉണ്ണികൃഷ്ണൻ (59) ആവലാതിപ്പെടുന്നു. സർക്കാർ ഉൾപ്പടെയുള്ള കേന്ദ്രങ്ങൾ ഇവരെ ചേർത്ത് പിടിച്ചില്ലെങ്കിൽ ഒരു സമുദായത്തോടൊപ്പം അവരുടെ കുലത്തൊഴിൽ കൂടിയാവും വിസ്മൃതിയിലാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.