പാലക്കാട്: ആറ് പതിറ്റാണ്ട് പിന്നിട്ട ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് വാർത്തകൾ സജീവമാണിപ്പോൾ. 2007ൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപവത്കരിക്കുന്ന വാർത്ത വന്നപ്പോഴും റെയിൽവേ ആദ്യം പറഞ്ഞത് അടിസ്ഥാന രഹിതമാണെന്നാണ്. ഇപ്പോൾ പാലക്കാട് ഡിവിഷൻ ഇല്ലാതാക്കുന്നതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്ന് റെയിൽവേ പറയുമ്പോഴും ആശങ്കയിലാണ് യാത്രക്കാരും ജീവനക്കാരും. ഡിവിഷൻ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ ആശുപത്രിയുടെ ശോച്യാവസ്ഥയിൽ തുടങ്ങി പാസഞ്ചർ വണ്ടികൾ അനുവദിക്കുന്ന കാര്യത്തിൽ വരെ ചിറ്റമ്മ നയം സ്വീകരിക്കുന്ന റെയിൽവേയുടെ ഇരട്ടത്താപ്പ് വ്യക്തമാണ്.
പാലക്കാടിന് തൊട്ടടുത്തെ തമിഴ്നാട്ടിലെ കോയമ്പത്തൂർ-മേട്ടുപ്പാളയം 36 കിലോമീറ്റർ ദൂരത്തിൽ ദിവസവും ഇരുഭാഗത്തേക്കുമായി 14 സർവിസ് നടത്തുന്നുണ്ട്. പാലക്കാട്-തൃശൂർ റൂട്ടിലും, പാലക്കാട്-ഷൊർണൂർ റൂട്ടിലും തിരക്ക് കുറക്കാൻ വൈകീട്ട് പാസഞ്ചർ ട്രെയിൻ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇത്തരം അവഗണനകൾ പാലക്കാട് ഡിവിഷന്റെ മരണമണിയുടെ തുടക്കമാണെന്നാണ് യാത്രക്കാരുടെ ആശങ്ക.
മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽനിന്ന് വേർപെടുത്തി കൊങ്കൺ റെയിൽവേ ശൃംഖല സംസ്ഥാനത്തിനുള്ളിൽ കൊണ്ടുവരണമെന്ന് ഡി.വി. സദാനന്ദ ഗൗഡ കർണാടകയിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആവശ്യപ്പെട്ടതാണ്. മംഗളൂരു മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലാക്കി ഡിവിഷനായി പ്രഖ്യാപിക്കണമെന്നതും ഏറെക്കാലത്തെ ആവശ്യമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് 2007ൽ പാലക്കാട് ഡിവിഷൻ ജോലാർപേട്ടയിൽനിന്ന് പോത്തന്നൂരിലേക്കുള്ള 623 കിലോമീറ്റർ റൂട്ട് വെട്ടിക്കുറച്ച് കോയമ്പത്തൂർ മേഖല ഉൾപ്പെടെ, ഡിവിഷനിൽനിന്ന് നീക്കംചെയ്ത് സേലം ഡിവിഷൻ രൂപവത്കരിച്ചു. ഇതിനുശേഷം പലപ്പോഴായി പാലക്കാട് ഡിവിഷനെ ഇല്ലാതാക്കാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധം മൂലം നീക്കം വിജയിച്ചില്ല. പാലക്കാടിനെ ഇല്ലാതാക്കി കോയമ്പത്തൂർ, മംഗളൂരു ഡിവിഷനുകൾ ആരംഭിക്കാനാണ് നീക്കമെന്നാണ് സൂചന.
ദക്ഷിണ റെയില്‍വേയുടെ പ്രധാന ഡിവിഷനുകളിലൊന്നായ പാലക്കാട് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി സംസ്ഥാനസർക്കാറും യാത്രക്കാരും. പുതിയ വണ്ടി അനുവദിക്കാതെയും നിലവിലുള്ളവയുടെ എണ്ണം കുറച്ചും കേരളത്തിന്റെ വരുമാനം കുറക്കാനുള്ള ഇടപെടല്‍ റെയില്‍വേ നേരത്തേ നടത്തിയിരുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ദക്ഷിണ റെയില്‍വേക്കായി കൂടുതല്‍ വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യ പത്തിൽ കേരളത്തിൽനിന്ന് നാലു സ്റ്റേഷനുകളാണ് ഉൾപ്പെട്ടത്. ഒന്നാം സ്ഥാനത്ത് തിരുവനന്തപുരമാണ്. പാലക്കാട് റെയിൽവേ സ്റ്റേഷൻ 115 കോടിരൂപ വരുമാനമുണ്ടാക്കി.
അധിക ട്രെയിനുകള്‍ അനുവദിക്കാതെയും വേനല്‍ക്കാല പ്രത്യേക വണ്ടികളില്‍ ജനറല്‍, സ്ലീപ്പര്‍ കോച്ചുകൾ വെട്ടിച്ചുരുക്കിയും യാത്രികരെ ദുരിതത്തിലാക്കുമ്പോഴും റെയില്‍വേക്ക് വരുമാനത്തിൽ വര്‍ധനവുണ്ടാക്കി കേരളം. ദക്ഷിണ റെയില്‍വേയില്‍ 25 സ്റ്റേഷനുകളില്‍ കേരളത്തിലെ 11 എണ്ണമാണ് റെയില്‍വേക്ക് അധിക വരുമാനമുണ്ടാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെ 21 റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. ഇതില്‍ പകുതിയിലേറെ വന്‍ലാഭം റെയില്‍വേക്ക് ഉണ്ടാക്കി കൊടുത്തിട്ടും പാസഞ്ചര്‍ ട്രെയിനുകളുള്‍പ്പെടെ അധികം ഓടിക്കാത്തതിനാല്‍ ജനം ദുരിതത്തിലാണ്. രാവിലെയും വൈകീട്ടും സംസ്ഥാനത്ത് വിവിധയിടങ്ങളിലേക്ക് ജോലിക്ക് പോകാൻ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരുള്‍പ്പെടെ ട്രെയിനുകളാണ് പ്രധാനമായും ആശ്രയിക്കുന്നതെങ്കിലും പാസഞ്ചര്‍ ട്രെയിനുകള്‍ വേണ്ടത്രയില്ല.
ഇതിനാല്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ അധിക നിരക്ക് നല്കി യാത്ര ചെയ്യേണ്ട ഗതികേടുമുണ്ട്. ഇതിന് പുറമെ മറ്റു ഡിവിഷനുകളിലേത് പോലെ യാതൊരു അടിസ്ഥാന സൗകര്യവും കേരളത്തിലില്ല.എന്നിട്ടും വരുമാനത്തില്‍ മറ്റു സംസ്ഥാനത്തേക്കാള്‍ കേരളം വലിയൊരു നേട്ടമാണുണ്ടാക്കി കൊടുക്കുന്നത്.
1956 ഓഗസ്റ്റ് 31നാണ് ദക്ഷിണ റെയിൽവേയുടെ അഞ്ചാം ഡിവിഷനായി പാലക്കാട് രൂപവത്കരിച്ചത്. അക്കാലത്ത് ഇതിന് ഒലവക്കോട് റെയിൽവേ ഡിവിഷൻ എന്നായിരുന്നു പേര്. പിന്നീട് അത് പാലക്കാട് ജങ്ഷൻ എന്ന് പുനർനാമകരണം ചെയ്തു.
രൂപവത്കരണ സമയത്ത്, തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ജോലാർപേട്ടിൽനിന്ന് മംഗലാപുരത്തേക്കുള്ള ബ്രോഡ്-ഗേജ് ട്രങ്ക് ലൈൻ ഇത് കൈകാര്യം ചെയ്തു. കർണാടകയിൽ കോയമ്പത്തൂർ, ഷൊർണൂർ വഴി, നീലഗിരി മൗണ്ടൻ റെയിൽവേ, ഷൊർണൂർ-കൊച്ചി ഹാർബർ ടെർമിനസ് ലൈൻ, ഷൊർണൂർ-നിലമ്പൂർ റോഡ് ബ്രാഞ്ച് ലൈൻ എന്നിവ ഉൾപ്പെടെ മൊത്തം 1,247 റൂട്ട് കിലോമീറ്ററുകൾ നൽകിയിരുന്നു. 1979 ൽ ഷൊർണൂർ-സി.എച്ച്.ടി.എസ് ലൈൻ വേർപെടുത്തി പുതിയ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ രൂപവത്കരിക്കുകയും ഡിവിഷന്റെ ട്രാക്കേജ് 1132 കിലോമീറ്ററായി ചുരുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.